

തിരുവനന്തപുരം: നഗരൂരിൽ പൊലീസിനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ. ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല പൊലീസെന്നും പൊലീസ് ഉദ്യോഗസ്ഥരോടുള്ള പേക്കൂത്ത് ഖേദകരമാണെന്നും കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.
നഗരൂർ എസ്എച്ച്ഒയോട് കാണിച്ചത് ക്രൂരതയാണ്. വിഷയത്തിൽ ഡിജിപി ശക്തമായ നടപടി അടിയന്തരമായി സ്വീകരിക്കണം. ഉദ്യോഗസ്ഥർക്ക് നേരെ പോർവിളികൾ നടത്തുന്നത് നീതീകരിക്കാനാവില്ല. വഴിയെ പോകുന്ന ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല കേരള പൊലീസ്. ഇത്തരം വ്യക്തികളെ സംഘടനകളിൽ നിന്ന് മാറ്റിനിർത്താൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തയ്യാറാകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് എത്തിയ നഗരൂർ എസ്എച്ച്ഒയോട് കാണിച്ച ക്രൂരതയിൽ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജനാധിപത്യത്തിൽ പ്രതിഷേധങ്ങളും സമരങ്ങളും ഓരോ പൗരന്റേയും പ്രസ്ഥാനങ്ങളുടെയും അവകാശമാണ്. ഇത്തരം അവകാശ പോരാട്ടങ്ങൾക്കിടയിൽ ഉണ്ടാകുന്ന അതിക്രമങ്ങളിൽ പരാതികൾ ഉണ്ടായാൽ പൊലീസ് കേസെടുക്കുക സ്വാഭാവികമാണ്. അങ്ങനെ എടുക്കുന്ന കേസുകളിൽ അന്വേഷണം നടത്തേണ്ടത് പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിർവ്വഹണത്തിൻ്റെ ഭാഗമാണ്. ഇത്തരത്തിൽ ഉണ്ടായ ഒരു പരാതിയിൽ തിരുവനന്തപുരം റൂറൽ ജില്ലയിലെ നഗരൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായി രേഖപെടുത്തിയിട്ടുള്ളവരെ തിരിച്ചറിയുന്നതിനും നോട്ടീസ് നൽകുന്നതിനുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് അസഭ്യവർഷം നടത്തിയും ഭീഷണിപ്പെടുത്തിയും നടത്തിയ പേക്കൂത്ത് അത്യന്തം ഖേദകരമാണ്. വിഷയത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ ശക്തമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയോട് അഭ്യർത്ഥിക്കുന്നുവെന്ന് കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
കേരളത്തിലെ പൊതുസമൂഹത്തെ പോലെ തന്നെ ഉയർന്ന പൊതുബോധവും ജനാധിപത്യ ബോധവും സാമൂഹ്യബോധവും രാഷ്ട്രീയ ബോധവും ഉള്ളവരാണ് കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥന്മാർ. അതുകൊണ്ട് തന്നെ ജനാധിപത്യ സമൂഹത്തിലെ ജനകീയ പ്രതിഷേധങ്ങളെ സമചിത്തതയോടെയാണ് പൊലീസ് കൈകാര്യം ചെയ്തു വരുന്നത്. എന്നാൽ അത്യപൂർവ്വം ചിലർ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ പോർവിളികൾ നടത്തുന്ന രീതി ഒരിക്കലും നീതീകരിക്കാൻ കഴിയില്ല. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിച്ച് മുന്നോട്ട് പോകുക തന്നെ വേണം. വഴിയെ പോകുന്ന ആർക്കും കൊട്ടാവുന്ന ചെണ്ടയാണ് കേരള പൊലീസ് എന്ന ധാരണ ആർക്കെങ്കിലും ഉണ്ടെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്. കേട്ടാൽ അറയ്ക്കുന്ന പദപ്രയോഗങ്ങൾ നടത്തുന്നവർക്ക് പൊതുപ്രവർത്തകനാകാനുള്ള യോഗ്യതയുണ്ടോ എന്ന് പ്രബുദ്ധ കേരളം വിലയിരുത്തട്ടെ. ഇത്തരം അത്യന്തം മോശമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തികളെ തങ്ങളുടെ പാർട്ടി സംഘടനകളിൽ നിന്ന് മാറ്റി നിർത്താൻ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തയ്യാറാകേണ്ടതാണ്. നിയമ വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമ്പോൾ പ്രബുദ്ധ കേരളമാകെ ഒപ്പമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും കുറിപ്പിൽ പറയുന്നു.
കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റതുമായി ബന്ധപ്പെട്ട് വെള്ളല്ലൂരിൽ ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനിടെ കെഎസ്‌യുവിന്റെ പതാകകൾ ഡിവൈഎഫ്‌ഐ കീറിയെറിഞ്ഞു. ഇതിനെതിരെ കെഎസ്‌യു നൽകിയ പരാതിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരോട് സ്റ്റേഷനിൽ ഹാജരാകണമെന്ന് വീടുകളിലെത്തി നോട്ടീസ് നൽകി ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് കാറിലെത്തിയ പ്രവർത്തകർ പൊലീസ് ജീപ്പ് തടഞ്ഞുനിർത്തി അസഭ്യം പറയുകയും കയ്യേറ്റം ചെയ്തതും. ഡിവൈഎഫ്‌ഐ പ്രവർത്തകരോട് മോശമായി പെരുമാറി എന്ന് പറഞ്ഞായിരുന്നു തർക്കം.
അതേസമയം നഗരൂർ ഡിവൈഎഫ്‌ഐ- കോൺഗ്രസ് സംഘർഷത്തിന്റെ ആദ്യ ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ ഫ്‌ലക്‌സ് ബോർഡ് ഡിവൈഎഫ്‌ഐ പ്രവർത്തകർ എടുത്ത് എറിയുന്നത് ദൃശ്യങ്ങളിൽ കാണാം. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നഗരൂർ പോലീസ് ഡിവൈഎഫ്‌ഐ പ്രവർത്തകരെ തിരിച്ചറിഞ്ഞത്. പൊലീസുകാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ഒമ്പത് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തത്. രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ഒന്നാം പ്രതി വിഷ്ണുവിനെയും മൂന്നാം പ്രതി രതീഷിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ സ്ക്വാഡാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നു.
Content Highlights: DYFI activists allegedly attacked police personnel in Thiruvananthapuram, Nagaroor. Following the incident, the Kerala Police Officers Association issued a response addressing the matter