'മോദിയുമായി സംവാദം നടത്താൻ ആരാണ് രാഹുൽ, ഇൻഡ്യയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണോ'; പരിഹസിച്ച് സ്മൃതി

തൻ്റെ കോട്ടയിൽ ഒരു സാധാരണ ബിജെപി പ്രവർത്തകനെതിരെ മത്സരിക്കാൻ ധൈര്യമില്ലാത്ത ഒരാൾ വീമ്പിളക്കുന്നത് നിർത്തണമെന്ന് സ്മൃതി ഇറാനി
'മോദിയുമായി സംവാദം നടത്താൻ ആരാണ് രാഹുൽ, ഇൻഡ്യയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണോ'; പരിഹസിച്ച് സ്മൃതി

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തുറന്ന സംവാദത്തിനുള്ള ക്ഷണം സ്വീകരിച്ച കോൺഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം സംവാദത്തിൽ പങ്കെടുക്കാൻ ആരാണ് രാഹുൽ ​ഗാന്ധിയെന്നാണ് സ്മൃതി ചോദിക്കുന്നത്. മോദിയുടെ നിലയ്ക്കൊത്ത് സംവാദത്തിൽ പങ്കെടുക്കാനുള്ള എന്ത് കഴിവാണ് രാഹുലിനുള്ളതെന്ന് സ്മൃതി ഇറാനി ചോ​ദിച്ചു. അമേഠിയിൽ മത്സരിക്കാതെ രാഹുൽ റായ്ബറേലിയിൽ നിന്ന് ജനവിധി തേടുന്നത് പരാമ‍ർശിച്ചും സ്മൃതി പരിഹസിച്ചു.

'ഒന്നാമതായി, തൻ്റെ കോട്ടയിൽ ഒരു സാധാരണ ബിജെപി പ്രവർത്തകനെതിരെ മത്സരിക്കാൻ ധൈര്യമില്ലാത്ത ഒരാൾ വീമ്പിളക്കുന്നത് നിർത്തണം. രണ്ടാമതായി, പ്രധാനമന്ത്രി മോദിയുടെ തലത്തിൽ ഇരുന്ന് സംവാദം നടത്താൻ ആഗ്രഹിക്കുന്നെങ്കിൽ അദ്ദേഹം ഇൻഡ്യ സഖ്യത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്'; സ്മൃതി ഇറാനി ചോദിച്ചു.

തിരഞ്ഞെടുപ്പിന്റെ സുപ്രധാന ഘട്ടത്തിൽ സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് മദൻ ബി ലോകുർ, ഹൈക്കോടതി മുൻ ജസ്റ്റിസ് അജിത് പി ഷാ, മുതിർന്ന മാധ്യമപ്രവർ‌ത്തകൻ എൻ റാം എന്നിവരാണ് രാഹുൽ ​ഗാന്ധിയെയും നരേന്ദ്രമോദിയെയും തുറന്ന സംവാദത്തിന് ക്ഷണിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള സംവാദത്തിന് തയ്യാറാണെന്ന് രാഹുൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. താനോ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയോ സംവാദത്തിൽ പങ്കെടുക്കുമെന്നാണ് രാഹുൽ അറിയിച്ചത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന സംവാദത്തിന് ക്ഷണിച്ചുകൊണ്ടുള്ള കത്തിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

പ്രധാന പാർട്ടികൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ അവരുടെ നേതാക്കൾ പറയുന്നത് നേരിട്ട് കേൾക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് രാഹുൽ മറുപടി നൽകി. താനോ കോൺ​ഗ്രസ് അധ്യക്ഷനോ സംവാദത്തിൽ പങ്കെടുക്കാൻ തയ്യാറാണ്. ഖർ​ഗെയുമായി താൻ ഇക്കാര്യം ചർച്ച ചെയ്തുവെന്നും രാഹുൽ കൂട്ടിച്ചേർത്തു. എപ്പോഴാണ് പ്രധാനമന്ത്രിക്ക് സമ്മതമാകുക എന്ന് അറിയിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ചരിത്രപരവും ​ഗുണകരവുമായ സംവാദ​ത്തിനായി താൻ ഉറ്റുനോക്കുന്നുവെന്നും രാഹുൽ മറുപടി കത്തിൽ കുറിച്ചു. താൻ സംവാദത്തിന് 100 ശതമാനം തയ്യാറാണെന്നും എന്നാൽ പ്രധാനമന്ത്രി ഈ ക്ഷണം സ്വീകരിക്കുമെന്ന് തോനുന്നില്ലെന്നും രാഹുൽ പറഞ്ഞിരുന്നു.

രാജ്യത്ത് വിവിധ മേഖലകളിൽ ജോലി സേവനമനുഷ്ഠിച്ചവരെന്ന നിലയിൽ ജനങ്ങൾക്ക് വേണ്ടിയാണ് സംവാദത്തിന് ക്ഷണിക്കുന്നതെന്നാണ് കത്തിൽ മദൻ ബി ലോകുർ, അജിത് പി ഷാ, എൻ റാം എന്നിവർ കുറിച്ചത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ ഓരോ പൗരനും വേണ്ടിയാണ് ഈ കത്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ മൂന്ന് ഘട്ടങ്ങൾ കഴിഞ്ഞിരിക്കെ ഇരു നേതാക്കളും ഭരണഘടനാ ജനാധിപത്യത്തിൻ്റെ കാതൽ സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിച്ചതായി കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

സംവരണം, ആർട്ടിക്കിൾ 370, സമ്പത്ത് വിതരണം എന്നിവയിൽ പ്രധാനമന്ത്രി കോൺഗ്രസിനെ പരസ്യമായി വെല്ലുവിളിച്ചു. ഭരണഘടനയെ വികലമാക്കൽ, ഇലക്ടറൽ ബോണ്ട് പദ്ധതികൾ, ചൈനയോടുള്ള സർക്കാരിൻ്റെ പ്രതികരണം എന്നിവയെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിയോട് ചോദ്യം ഉന്നയിച്ചു. അദ്ദേഹം മോദിയെ പൊതു സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കത്തെന്നും ഇവർ വ്യക്തമാക്കി.

'മോദിയുമായി സംവാദം നടത്താൻ ആരാണ് രാഹുൽ, ഇൻഡ്യയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണോ'; പരിഹസിച്ച് സ്മൃതി
തുറന്ന സംവാദത്തിന് തയ്യാറെന്ന് രാഹുൽ; ചർച്ചയ്ക്ക് ക്ഷണിച്ചുള്ള കത്തിന് മറുപടി പറയാതെ മോദി

Related Stories

No stories found.
logo
Reporter Live
www.reporterlive.com