രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത; സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിശോധിക്കും

ഭാരതീയ ന്യായസംഹിത എന്ന പുതിയ നിയമം കൊണ്ടുവരുന്നുണ്ട, അതിനാല്‍ രാജ്യദ്രോഹ കുറ്റവുമായി ബന്ധപ്പെട്ട വാദം കേള്‍ക്കരുത് എന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് സുപ്രീം കോടതി തള്ളി.
രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത; സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിശോധിക്കും

ന്യൂഡല്‍ഹി: ഐപിസി 124എ പ്രകാരമുള്ള രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിശോധിക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ഉള്‍പ്പെടുന്ന മൂന്നംഗ ബെഞ്ചാണ് ഇത് സംബന്ധിച്ച് വിധി പറഞ്ഞത്. മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവ അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ചോദ്യം ചെയ്ത് എഡിറ്റേഴ്സ് ഗില്‍ഡ് അടക്കം നല്‍കിയ ഒരുകൂട്ടം ഹര്‍ജികളിന്മേലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.

രാജ്യദ്രോഹക്കുറ്റം മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഐപിസി 124 എ, അനുച്ഛേതം 14ല്‍ പറയുന്ന തുല്യത, അനുച്ഛേതം 19 (1) എ വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യം, അനുച്ഛേതം 19 (2) പ്രകാരം രാജ്യദ്രോഹമായി പരിഗണിക്കുന്ന നിയന്ത്രണങ്ങള്‍ യുക്തിപരമായ നിയന്ത്രണമാണോ തുടങ്ങിയ വാദങ്ങളില്‍ ഊന്നിയായിരുന്നു ഹര്‍ജിയില്‍ വാദം നടന്നത്. പൗരന്റെ ജീവിക്കാനുള്ള അവകാശത്തിന് രാജ്യദ്രോഹം കുറ്റം എതിരാകുമെന്നും വാദമുയര്‍ന്നു. ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ മൗലികാവകാശങ്ങള്‍ക്ക് അനുസൃതമാണോ 124 എ എന്നാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് പരിശോധിക്കുക.

രാജ്യദ്രോഹ കുറ്റവുമായി ബന്ധപ്പെട്ട കേസ് 1962ല്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നേരത്തെ പരിഗണിച്ചിരുന്നു. കേഥാര്‍നാഥ് സിങ്ങ് /പഞ്ചാബ് സര്‍ക്കാര്‍ കേസിലായിരുന്നു രാജ്യദ്രോഹ കുറ്റത്തിന്റെ സാധുത പരിശോധിക്കാന്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചിനെ നേരത്ത ചുമതലപ്പെടുത്തിയത്. സര്‍ക്കാരിനെതിരെ പറയുന്നത് രാജ്യദ്രോഹക്കുറ്റമല്ലെന്നായിരുന്നു അന്ന് കോടതിയുടെ തീര്‍പ്പ്. ഈ കേസിലെ വിധി അടിസ്ഥാനപ്പെടുത്തിയാവും പുതിയതായി നിയോഗിക്കുന്ന ഭരണഘടനാ ബെഞ്ച് തീരുമാനമെടുക്കുക.

ഭാരതീയ ന്യായസംഹിത എന്ന പുതിയ നിയമം കൊണ്ടുവരുന്നുണ്ട, അതിനാല്‍ രാജ്യദ്രോഹ കുറ്റവുമായി ബന്ധപ്പെട്ട വാദം കേള്‍ക്കരുത് എന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് സുപ്രീം കോടതി തള്ളി. വരാനിരിക്കുന്ന പുതിയ ക്രിമിനല്‍ നിയമത്തിന് മുന്‍കാല പ്രാബല്യമില്ല. പുതിയ നിയമം പ്രാബല്യത്തില്‍ വന്നാലും ഐപിസി നിയമപ്രകാരം എടുത്ത കേസുകള്‍, അതിലെ വാദം തീരുന്നത് വരെ നിലനില്‍ക്കും അതിനാല്‍ ഐപിസിയുടെ 124എയുടെ ഭരണഘടനാ സാധുത പരിശോധിക്കാം എന്നായിരുന്നു ഡിവൈ ചന്ദ്ര ചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധി.

കേസുമായി ബന്ധപ്പെട്ട രേഖകള്‍ ചീഫ് ജസ്റ്റിസിന് മുന്നിലെത്തിക്കാനും രജിസ്ട്രിക്ക് മൂന്നംഗ ബഞ്ച് നിര്‍ദ്ദേശം നല്‍കി. ഭരണഘടനാ ബെഞ്ച് എന്തെല്ലാം നിയമപ്രശ്നങ്ങളാണ് പരിശോധിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. അഞ്ചംഗ ഭരണഘടനാ ബഞ്ചിനെയും ചീഫ് ജസ്റ്റിസ് പിന്നീട് തീരുമാനിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com