
ഒരാഴ്ച മുന്നേ നോൺ എസിയിൽ നിന്നും എസിയിലേക്ക് മോഡിഫൈ ചെയ്ത പ്രൈവറ്റ്ബസ്, ചൊവ്വാഴ്ച ഉച്ചയോടെ തീഗോളമായി മാറി. 20 പേരാണ് വെന്തുമരിച്ചത്. അതിൽ മൂന്ന് കുഞ്ഞുങ്ങളും ഉൾപ്പെടും. പതിനഞ്ച് പേര് ഗുരുതരമായ അവസ്ഥയിൽ ചികിത്സയിലാണ്. എന്താണ് ജെയ്സാല്‍മീറില്‍ സംഭവിച്ചത്?
ജെയ്‌സാൽമീർ നഗരത്തിൽ നിന്നും പത്തു കിലോമീറ്റർ അകലെ തയ്യാത്ത് ഗ്രാമത്തിലാണ് ഒരു ബസ് കത്തിയമർന്നത്. യാത്രക്കാർക്ക് പുറത്തേക്ക് കടക്കാൻ കഴിയുന്നതിന് മുമ്പായി ബസിൽ തീ ആളപ്പടരുകയായിരുന്നു. താമസിയാതെ ബസ് മുഴുവനായി കത്തിച്ചാമ്പലാവുകയായിരുന്നു.
ജോദ്പൂർ ആസ്ഥാനമായുള്ള കെകെ ട്രാവൽസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ബസ്. ഷെഡ്യൂൾ ചെയ്ത കൃത്യസമയത്ത്, ഉച്ചയ്ക്ക് മൂന്ന് മണിക്ക് ബസ് ജെയ്‌സാൽമീറിൽ നിന്നും ജോദ്പൂരിലേക്ക് യാത്ര തിരിച്ചു. ജയ്‌സാൽമീർ ആർമി സ്റ്റേഷന് സമീപം എത്തിയതിന് പിന്നാലെയാണ് വണ്ടിയില്‍ തീപിടിത്തമുണ്ടായതെന്ന് രക്ഷപ്പെട്ടവർ പറയുന്നു. എസിയിലുണ്ടായ ചെറിയ ഒരു ഷോർട്ട് സർക്യൂട്ട് മൂലം ഗ്യാസ് ലീക്കായി. പിന്നാലെ ബസിന് മുൻവശത്ത് തീ ആളിപ്പടർന്നു. കർട്ടനിലും സീറ്റിലും തീപിടിച്ചു. ഇതോടെ ബസിന് പിന്നിലിരുന്നവർക്ക് രക്ഷപ്പെടാൻ ഒരു മാർഗവും ഇല്ലാതെയായി. തീ പടർന്നതോടെ ബസ് ഒരു മരണക്കെണിയായി മാറിയെന്ന് പൊക്രാൻ എംഎൽഎ പ്രതാപ് പുരി പറയുന്നു.
ബസിനുള്ളിൽ നിന്നും കത്തിക്കരിഞ്ഞ നിലയിൽ 19 മൃതദേഹങ്ങളാണ് ലഭിച്ചത്. പരിക്കേറ്റവരിൽ 75കാരനായ ഹുസൈൻ ഖാൻ പിന്നീട് മരണമടഞ്ഞു. ഗുരുതമായി അദ്ദേഹത്തിന് പൊള്ളലേറ്റിരുന്നു. ആരെങ്കിലും ഒന്നു അലറിവിളിക്കുന്നതിന് മുന്നേ ബസ് തീഗോളമായെന്ന് അപകടത്തെ അതിജീവിച്ച മനോജ് ഭാട്ടിയ ഓർക്കുന്നു. ആർമിയുടെ ബാറ്റിൽ ആക്‌സ് ഡിവിഷനാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയത്. തീവ്രമായ ചൂട് മൂലം നാലു മണിക്കൂറോളം രക്ഷാപ്രവർത്തനം വൈകി. ബസിന്റെ മെറ്റൽ ബോഡിയിലെ ചൂടു അത്രയുമധികമായിരുന്നു. ഇത് മൃതദേഹങ്ങൾ പുറത്തെത്തിക്കുന്നത് വൈകുന്നതിനും കാരണമായി.
സൈനിക അഭ്യാസം നടക്കുന്നതിനാൽ അടിയന്തരാവശ്യത്തിന് സൈനിക വാഹനങ്ങളും ലഭ്യമായിരുന്നില്ല. അവസാനം ഒരു ബിഎസ്എഫ് വാഹനം സജ്ജീകരിച്ചാണ് മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്നും മാറ്റിയത്. ഫോറൻസിക്ക്, ഡിഎൻഎ ടീമുകൾ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ തുടരുകയാണ്. ബസ് ഓപ്പറേറ്റർക്കെതിരെ കേസെടുത്തിട്ടുണ്ട്. ബസിന് നടത്തിയ മോഡിഫിക്കേഷനിലും അന്വേഷണം ആരംഭിച്ചു. നിലവിൽ ബസിന്റെ അവശിഷ്ടങ്ങൾ ആർമി സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
Content Highlights: Vehicle bought 5 days ago became death trap, know more about Jaisalmer Bus Fire