ബിഹാറിലെ സീറ്റ് വിഭജനം: അജയ് മാക്കന്റെ നേതൃത്വത്തിൽ കമ്മിറ്റി, ഉന്നത തല ചർച്ചകൾ നടത്തി കോൺഗ്രസ്

സിപിഐ(എംഎല്‍) ഉള്‍പ്പെടെയുളള ഇടത് പാര്‍ട്ടികള്‍ക്ക് 20 സീറ്റുകള്‍ ലഭിക്കുമെന്നാണ് വിവരം

ബിഹാറിലെ സീറ്റ് വിഭജനം: അജയ് മാക്കന്റെ നേതൃത്വത്തിൽ കമ്മിറ്റി, ഉന്നത തല ചർച്ചകൾ നടത്തി കോൺഗ്രസ്
dot image

പട്‌ന: ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ത്യാ സഖ്യത്തില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടരുന്നു. കോൺഗ്രസ് മത്സരിക്കാന്‍ ആഗ്രഹിക്കുന്ന സീറ്റുകളില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി മുതിര്‍ന്ന പാർട്ടി നേതാക്കള്‍ ഉന്നതതല യോഗം ചേർന്നു. എഐസിസി ട്രഷറര്‍ അജയ് മാക്കന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കോണ്‍ഗ്രസ് കമ്മിറ്റിയായിരിക്കും സീറ്റ് വിഭജനം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക.

മുതിർന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗവും ഡല്‍ഹിയില്‍ നടക്കുന്നുണ്ട്. നവംബര്‍ ആറിന് നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിലെ മണ്ഡലങ്ങളിലേക്കുളള 20 സ്ഥാനാർത്ഥികളുടെ പേരുകള്‍ കോണ്‍ഗ്രസ് ഇതിനകം അംഗീകരിച്ചിട്ടുണ്ട്. 60 സീറ്റുകളെങ്കിലും നല്‍കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തോട് അനുരഞ്ജനപൂര്‍ണമായ സമീപനമാണ് ആര്‍ജെഡി സ്വീകരിക്കുന്നതെന്നാണ് വിവരം. ആര്‍ജെഡി നിലവില്‍ 35 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ എംഎല്‍എമാരും മുന്‍ എംപി മുഹമ്മദ് ഷഹാബുദ്ദീന്റെ മകന്‍ ഒസാമ സാഹേബും അതിൽ ഉള്‍പ്പെടുന്നു. സിവാനിലെ രഘുനാഥ്പൂര്‍ മണ്ഡലത്തില്‍ നിന്നായിരിക്കും ഒസാമ ജനവിധി തേടുക. മുന്‍ സ്പീക്കര്‍ അവാധ് ബിഹാരി ചൗധരിയും ഇത്തവണ മത്സരിക്കുന്നുണ്ട്.

മഹാഗഡ്ബന്ധന്‍ സഖ്യത്തിന്റെ സീറ്റ് പങ്കിടല്‍ ഫോര്‍മുല പ്രകാരം, ആര്‍ജെഡി 136 സീറ്റുകളിലും കോണ്‍ഗ്രസ് 60-62 സീറ്റുകളിലും മുകേഷ് സാഹ്നിയുടെ വികശീല്‍ ഇന്‍സാന്‍ പാര്‍ട്ടി(വി ഐപി) 18 സീറ്റുകളിലും മത്സരിക്കാനാണ് സാധ്യത. സിപിഐ(എംഎല്‍) ഉള്‍പ്പെടെയുളള ഇടത് പാര്‍ട്ടികള്‍ക്ക് 20 സീറ്റുകള്‍ ലഭിക്കും. നവംബർ 6, 11 തിയതികളിലാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. ഫലം നവംബർ 14ന് പ്രഖ്യാപിക്കും. 

Content Highlights: Bihar Assembly Elections: Congress holds high-level discussions on seat sharing

dot image
To advertise here,contact us
dot image