പരം സുന്ദരിയിൽ മലയാളികളെ മോശക്കാരാക്കാൻ ശ്രമിച്ചിട്ടില്ല, ആ സിനിമയ്ക്ക് റേസിസ്റ്റ് സ്വഭാവം ഇല്ല: രൺജി പണിക്കർ

പരം സുന്ദരി സിനിമയുടെ ട്രോളുകളിൽ പ്രതികരിച്ച് രൺജി പണിക്കർ

പരം സുന്ദരിയിൽ മലയാളികളെ മോശക്കാരാക്കാൻ ശ്രമിച്ചിട്ടില്ല, ആ സിനിമയ്ക്ക് റേസിസ്റ്റ് സ്വഭാവം ഇല്ല: രൺജി പണിക്കർ
dot image

സിദ്ധാർഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തുഷാർ ജലോട്ട സംവിധാനം ചെയ്ത സിനിമയാണ് 'പരം സുന്ദരി'. റിലീസിന് മുന്നേ തന്നെ വാർത്തകളിൽ ഇടം നേടിയ ചിത്രമായിരുന്നു പരം സുന്ദരി. ചിത്രത്തിലെ മലയാളം ഡയലോഗുകൾക്കും ജാൻവിയുടെ കഥാപാത്രത്തിനും ആണ് പ്രധാനമായും ട്രോളുകൾ ഉയർന്നത്. ഇപ്പോഴിതാ സിനിമയിക്ക് നേരെ ഉള്ള വിമർശനങ്ങളോട് പ്രതികരിക്കുകയാണ് രൺജി പണിക്കർ. മലയാളികളെ ഏതെങ്കിലും തരത്തിൽ മോശമാക്കാൻ ശ്രമിച്ചിട്ടില്ലെന്നും, പരം സുന്ദരി ഒരു ഫൺ സിനിമയാണ് അതിനപ്പുറത്തേക്ക് ഉള്ള ലോജിക് അതിൽ അവർ കൊണ്ടുവന്നുവെന്ന് തനിക്ക് തോന്നുന്നില്ലെന്നും രൺജി പണിക്കർ പറഞ്ഞു.

'അവരുടെ ടാർഗറ്റ് ഓഡിയൻസ് എന്ന് പറയുന്നത് നമ്മൾ അല്ല. അവരുടെ കാഴ്‌ചപ്പാടിൽ സിനിമ ചെയ്യുന്നു എന്നതാണ്. മറ്റൊരു ഭാഷയിലെ കഥാപാത്രത്തെ നമ്മുടെ മിതമായ അറിവ് വെച്ചും റീസർച്ച് ചെയ്തുമാണ് നമ്മളും ചെയ്യുന്നത്. അവർക്ക് ആവശ്യമുള്ള സിനിമയാണ് അവർ ചെയ്തത്. അല്ലാതെ മലയാളികളെ ഏതെങ്കിലും തരത്തിൽ മോശമാക്കാൻ ഒന്നുമില്ല. അതിലെ ബാക്കി കഥാപാത്രങ്ങൾ എല്ലാം ഹിന്ദി അല്ലേ. അതൊരു ഫൺ സിനിമയാണ്, അതിനപ്പുറത്തേക്ക് ഉള്ള ലോജിക് അതിൽ അവർ കൊണ്ടുവന്നു എന്ന് എനിക്ക് തോന്നുന്നില്ല. നമ്മളെ ട്രീറ്റ് ചെയ്തിരിക്കുന്നത് നല്ല നിലയ്ക്ക് തന്നെയാണ്.

സിനിമയിലെ ഡയലോഗ് എഴുതിയിരിക്കുന്നത് മലയാളി റൈറ്റർ തന്നെയാണ്. നമ്മുടെ ഡയലോഗിലെ മാറ്റങ്ങൾ എല്ലാം നമ്മളോട് ചോദിച്ചാണ് അവർ ചെയ്തിരിക്കുന്നത്. കൂടെ അഭിനയിക്കുന്നവർക്ക് മലയാളം പറയണമെങ്കിൽ നമ്മളോട് ചോദിച്ചാണ് ചെയ്യുന്നത്. അതിൽ അവർക്ക് അബദ്ധം പറ്റിയെന്ന് എനിക്ക് തോന്നുന്നില്ല. നമ്മൾ ഹിന്ദി പറയുമ്പോൾ അവർ കേൾക്കുന്നത് അതുപോലെ ആയിരിക്കും. നമ്മളെ വിചാരം നമ്മൾ പെർഫെക്റ്റ് ഹിന്ദിയാണ് പറയുന്നത് എന്നായിരിക്കും പക്ഷേ അവർ കേൾക്കുമ്പോഴാണ് ഇതുപോലെ പ്രശ്നം തോന്നുന്നത്. അവർ വന്ന് മലയാളം പറഞ്ഞാൽ നമ്മുക്ക് തമാശ ആണല്ലോ. ബംഗാളി മലയാളം പറയുന്നതിനെ നമ്മൾ എന്തുമാത്രം കളിയാകുന്നുണ്ട്. അതിന് അപ്പുറത്തേക്കുള്ള റേസിസ്റ്റ് സ്വഭാവം അതിനുണ്ടെന്ന് എനിക്ക് തോന്നുന്നില്ല,' രൺജി പണിക്കർ പറഞ്ഞു.

ജാന്‍വിയുടെ അമ്മാവനായിട്ടായിരുന്നു രൺജി പണിക്കര്‍ സിനിമയിൽ വേഷമിട്ടിരുന്നത്. ഒരു സീനിൽ ജാൻവി പറയുന്ന മലയാളം രൺജി പർണിക്കർ അതുപോലെ കൃത്യമായ മലയാളത്തിൽ പറയുന്നുണ്ട് ഇതാണ് ഇപ്പോൾ ട്രോൾ ചെയ്യപ്പെടുന്നത്. രൺജി പർണിക്കർക്ക് ഇതിന്റെ ഒക്കെ വല്ല ആവശ്യവും ഉണ്ടോ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ചിത്രത്തിൽ സിദ്ധാർഥ് നോർത്ത് ഇന്ത്യനായും ജാൻവി മലയാളിയുമായിട്ടാണ് എത്തുന്നത്. പരം എന്ന കഥാപാത്രമായി സിദ്ധാർഥ് എത്തുമ്പോൾ സുന്ദരി ആയിട്ടാണ് ജാൻവി എത്തുന്നത്. കേരളത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗം ഷൂട്ടും നടന്നത്.

ചെന്നൈ എക്സ്പ്രസിലെ മീനമ്മയ്ക്കും കേരള സ്റ്റോറിയിലെ ശാലിനി ഉണ്ണികൃഷ്ണനും ഒത്ത എതിരാളിയാണ് സുന്ദരിയെന്നാണ് സിനിമ കണ്ട പ്രേക്ഷകർ പറയുന്നത്. കേരളത്തിലെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള സിദ്ധാർത്ഥിന്റെയും ജാൻവിയുടെയും ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു. ചങ്ങനാശ്ശേരിയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചത്. മഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജൻ ആണ് ചിത്രം നിർമിക്കുന്നത്. ആർഷ് വോറ, ഗ്വാർവ മിശ്ര എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത് സച്ചിൻ ജിഗർ ആണ്.

Content Highlights:  Renji Panicker responds to trolls for Param Sundari movie

dot image
To advertise here,contact us
dot image