
പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനുളള രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 12 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ഭോജ്പുരി ഗായിക മൈഥിലി താക്കൂര്‍, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ എന്നിവർ പട്ടികയിൽ ഇടംപിടിച്ചു. മൈഥിലി താക്കൂർ അലിനഗറില്‍ നിന്നും ആനന്ദ് മിശ്ര ബക്‌സര്‍ മണ്ഡലത്തില്‍ നിന്നുമാണ് ജനവിധി തേടുക. 71 സ്ഥാനാര്‍ത്ഥികളുടെ പേരാണ് ബിജെപി ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 101 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. ആദ്യഘട്ട പട്ടികയില്‍ ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ്കുമാര്‍ സിന്‍ഹ എന്നിവരും ഇടംനേടിയിരുന്നു.
ഒന്‍പത് വനിതാ നേതാക്കളും ആദ്യഘട്ട പട്ടികയിലുണ്ടായിരുന്നു. ബേട്ടിയ മണ്ഡലത്തില്‍ നിന്ന് ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി രേണു ദേവി, പരിഹാര്‍ മണ്ഡലത്തില്‍ നിന്ന് ഗായത്രി ദേവി, പ്രാണ്‍പൂരില്‍ നിന്ന് നിഷാ സിംഗ്, കൊര്‍ഹയില്‍ നിന്ന് കവിതാ ദേവി, വാര്‍സലിഗഞ്ചില്‍ നിന്ന് അരുണാ ദേവി, ജാമുയിയില്‍ ശ്രേയസി സിംഗ്, കിഷന്‍ഗഞ്ചില്‍ നിന്നും സ്വീറ്റി സിംഗ് ഔറൈയില്‍ നിന്ന് രമാ നിഷാദ് നര്‍പത്ഗഞ്ചില്‍ നിന്നും ദേവന്തി യാദവ് എന്നിവരാണ് ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ട വനിതകള്‍.
നേരത്തെ എൻഡിഎ മുന്നണിയുടെ സീറ്റ് വിഭജനം പൂർത്തിയായിരുന്നു. ജെഡിയുവും ബിജെപിയും 101 സീറ്റിൽ വീതം മത്സരിക്കാനാണ് ധാരണ. ചിരാഗ് പാസ്വാൻ്റെ ലോക് ജനശക്തി പാർട്ടി 29 സീറ്റിൽ മത്സരിക്കും. കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ), ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക് മോർച്ച (ആർഎൽഎം) എന്നിവയ്ക്ക് ആറ് സീറ്റുകൾ വീതമാണ് മുന്നണി അനുവദിച്ചിരിക്കുന്നത്. ബിഹാർ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ ആറിനും 11 നും രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. വോട്ടെണ്ണൽ 2025 നവംബർ 14നാണ്.
Content Highlights: Bihar Assembly Elections: BJP releases second phase candidate list