
ചെന്നൈ: ഹിന്ദി അടിച്ചേല്‍പ്പിക്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കടുത്ത നടപടിയുമായി തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട്ടില്‍ ഹിന്ദി ഭാഷ നിരോധിക്കാനുളള ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഹിന്ദി നിരോധനം സംബന്ധിച്ച നിയമനിര്‍മാണത്തിനായി നിയമ വിദഗ്ധരുമായി അടിയന്തര യോഗം ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. ബില്‍ നിലവില്‍ വന്നാല്‍ തമിഴ്‌നാട്ടിലുടനീളം ഹിന്ദി ഹോര്‍ഡിംഗുകള്‍, ബോര്‍ഡുകള്‍, സിനിമകള്‍, ഗാനങ്ങള്‍ ഉള്‍പ്പെടെ നിരോധിക്കുമെന്നാണ് സൂചന. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ബില്‍ അവതരിപ്പിക്കും.
ഭരണഘടനയ്ക്ക് വിരുദ്ധമായി ഒന്നുംതന്നെ ചെയ്യില്ലെന്നും ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നും മുതിര്‍ന്ന ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവന്‍ പറഞ്ഞു. ഈ വര്‍ഷം അവസാനം സര്‍ക്കാര്‍ ബജറ്റിന്റെ ലോഗോയായി ഔദ്യോഗിക ഇന്ത്യന്‍ രൂപയുടെ ചിഹ്നം മാറ്റി തമിഴ് ചിഹ്നം ഉപയോഗിച്ചിരുന്നു. ദേശീയ ചിഹ്നത്തെ നിരാകരിക്കുകയല്ല, തമിഴ് ഭാഷയെ പ്രോത്സാഹിപ്പിക്കാനുളള ശ്രമമാണ് നടത്തിയതെന്നായിരുന്നു അന്ന് ഡിഎംകെയുടെ വിശദീകരണം.
നേരത്തെ ബിജെപിയുടെ ത്രിഭാഷ നയത്തിനെതിരെയും ഡിഎംകെ രംഗത്തെത്തിയിരുന്നു. ത്രിഭാഷ നയത്തിലൂടെ ഹിന്ദിയും സംസ്‌കൃതവും തമിഴരില്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്നാണ് ഡിഎംകെ ആരോപിച്ചത്. തമിഴനാട്ടിലെ 'ഹിന്ദി തെരിയാത് പോടാ' എന്ന ക്യാംപെയ്‌ൻ ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു.
അതേസമയം, ഹിന്ദി നിരോധിക്കാനുളള ഡിഎംകെയുടെ നീക്കം മണ്ടത്തരവും അസംബന്ധവുമാണെന്ന് ബിജെപി നേതാവ് വിനോജ് സെല്‍വം പറഞ്ഞു. ഡിഎംകെയ്‌ക്കെതിരെ ഉയരുന്ന വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ അവര്‍ തമിഴ് ഭാഷ വിവാദം ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Content Highlights: DMK government proposes bill to ban Hindi language in Tamil Nadu