
ക്രിക്കറ്റ് താരമാകുന്നതിന് മുമ്പ് ജീവിതത്തിൽ അനുഭവിച്ച പ്രശ്നങ്ങളെ കുറിച്ച് മനസ് തുറന്ന് ബംഗ്ലാദേശിന്റെ വനിതാ താരം മറൂഫ അക്തർ. വനിതാ ഏകദിന ലോകകപ്പിൽ തകർപ്പൻ പ്രകടനം തുടരുന്നതിനിടെയാണ് ഹൃദയഭേദകമായ വെളിപ്പെടുത്തലുമായി ബംഗ്ലാദേശ് പേസർ രംഗത്തെത്തിയത്. തന്റെ ജീവിതത്തിന് മറ്റൊരു വശമുണ്ടായിരുന്നുവെന്നും അത് അത്യധികം ദുരിതകരമായിരുന്നുവെന്നും മറൂഫ പറഞ്ഞു.
വിങ്ങിക്കരഞ്ഞുകൊണ്ട് സംസാരിക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുമുണ്ട്. സാമ്പത്തിക പ്രശ്നങ്ങൾ കാരണം കുടുംബത്തെ ആരും വിവാഹ ചടങ്ങുകൾക്ക് ക്ഷണിക്കാറില്ലെന്നും മറൂഫ വീഡിയോയിൽ പറയുന്നു.
“എന്റെ കുടുംബത്തിന് നല്ല വസ്ത്രങ്ങൾ ഇല്ലെന്നു പറഞ്ഞ് ആരും വിവാഹങ്ങൾ പോലുള്ള ചടങ്ങുകൾക്കും ഒത്തുചേരലുകൾക്കും ക്ഷണിക്കാറില്ലായിരുന്നു. ഞങ്ങൾ അവിടെ പോയാൽ അവർക്ക് നാണക്കേടാണ് എന്നും അവരുടെ ഉള്ള വില കൂടി പോകുമെന്നുമൊക്കെ ആളുകൾ പറയും. ഈദിന് പുതിയ വസ്ത്രങ്ങൾ വാങ്ങാൻ പോലും ഞങ്ങൾക്ക് കഴിയാത്ത ഒരു കാലമുണ്ടായിരുന്നു”, മറൂഫ പറഞ്ഞു.
“എന്റെ അച്ഛൻ ഒരു കർഷകനാണ്. ഞങ്ങളുടെ കൈവശം അധികം പണമില്ലായിരുന്നു, ഞാൻ വളർന്ന ഗ്രാമത്തിലെ ആളുകൾ പോലും വലിയ പിന്തുണ നൽകിയിരുന്നില്ല. സത്യത്തിൽ അന്ന് ഞങ്ങളെ കളിയാക്കിയ ആളുകളേക്കാൾ മികച്ച രീതിയിൽ ഇപ്പോൾ ഞങ്ങൾ ജീവിക്കുന്നുണ്ട്. എന്റെ കുടുംബത്തെ ഞാൻ പിന്തുണയ്ക്കുന്നതുപോലെ ഒരുപക്ഷേ പല ആൺകുട്ടികൾക്കും ചെയ്യാൻ കഴിയില്ല. അത് എനിക്ക് ഒരു പ്രത്യേകതരം സമാധാനം നൽകുന്നു. കുട്ടിക്കാലത്ത് ആളുകൾ എപ്പോഴാണ് ഞങ്ങളെ ആരാധനയോടെയും കൈയടിയോടെയും നോക്കുക, അഭിനന്ദിക്കുക എന്നെല്ലാം ഞാൻ ചിന്തിച്ചിരുന്നു. ഇപ്പോൾ, ടിവിയിൽ എന്നെത്തന്നെ കാണുമ്പോൾ എനിക്ക് നാണം വരും”, മറുഫ കൂട്ടിച്ചേർത്തു.
പാകിസ്താനെ ബംഗ്ലാദേശ് ഏഴ് വിക്കറ്റിന് വിജയിച്ച മത്സരത്തിലെ പ്ലേയർ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തത് മറൂഫയെ ആയിരുന്നു. പാക്കിസ്താനെതിരായ ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഏഴോവറുകൾ എറിഞ്ഞ മറൂഫ 31 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
ബംഗ്ലാദേശ് ദേശീയ ടീമിന് വേണ്ടി 2022 ലാണ് അരങ്ങേറ്റം കുറിക്കുന്നത്. ന്യൂസിലാൻഡിനെതിരേ ടി20യിലായിരുന്നു അരങ്ങേറ്റമത്സരം. പിന്നാലെ ഏകദിനത്തിലും കളിച്ചുതുടങ്ങി. 30 ഏകദിനത്തിൽ നിന്ന് 25 വിക്കറ്റെടുത്തിട്ടുണ്ട്. ഇന്ത്യക്കെതിരേ നാലുവിക്കറ്റെടുത്തതാണ് മികച്ച പ്രകടനം. ടി20 യിൽ 30 മത്സരങ്ങളിൽ നിന്ന് 20 വിക്കറ്റും വീഴ്ത്തി.
Content Highlights: 'We Didn't Have Proper Clothes': Women's World Cup Star Marufa Akter Breaks Down