രോഗിയുമായി പോയ ആംബുലന്‍സും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; തിരുവല്ലയിൽ യുവാവിന് ദാരുണാന്ത്യം

വയനാട് വൈത്തിരി സ്വദേശിയായ മുഹമ്മദ് ഷിഫാനാണ് മരിച്ചത്

രോഗിയുമായി പോയ ആംബുലന്‍സും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; തിരുവല്ലയിൽ യുവാവിന് ദാരുണാന്ത്യം
dot image

തിരുവല്ല: രോഗിയുമായി പോയ ആംബുലന്‍സും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഹോട്ടല്‍ ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. വയനാട് വൈത്തിരി പന്ത്രണ്ടാംപാലം ജൂബിലിവയല്‍ പള്ള്യാലില്‍ മുഹമ്മദ് ഷിഫാന്‍(20) ആണ് മരിച്ചത്.

തിരുവല്ല- അമ്പലപ്പുഴ സംസ്ഥാന പാതയില്‍ കച്ചേരിപ്പടിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു അപകടം. തിരുവല്ല കുരിശുകവലയിലെ ഓയാസിസ് ഹോട്ടലിലെ ജീവനക്കാരനായിരുന്നു മുഹമ്മദ് ഷിഫാന്‍. സ്‌കൂട്ടറില്‍ ചന്ത ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെയായിരുന്നു അപകടം. കോട്ടയം താലൂക്ക് ആശുപത്രിയിൽ നിന്ന് പക്ഷാഘാതം വന്ന രോഗിയുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസുമായി മുഹമ്മദ് ഷിഫാൻ സഞ്ചരിച്ച സ്കൂട്ടർ കൂട്ടിയിടിക്കുകയായിരുന്നു.

ഉടന്‍ തന്നെ മറ്റ് രണ്ട് ആംബുലന്‍സുകള്‍ എത്തി പക്ഷാഘാതം വന്ന രോഗിയെ കോട്ടയം മെഡിക്കല്‍ കോളേജിലും മുഹമ്മദിനെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വയറിൻ്റെ ഭാഗത്തും തലയ്ക്കും ഗുരുതരമായി പരിക്കേറ്റതിനാല്‍ മുഹമ്മദ് ഷിഫാനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

Content Highlight : Ambulance carrying patient collides with scooter; young man dies tragically

dot image
To advertise here,contact us
dot image