'കർണാടക സർക്കാരിനെ താഴെയിറക്കാൻ ​ഗൂഢാലോചന നടക്കുന്നു'; കുമാരസ്വാമിയുടെ സിം​ഗപ്പൂർ യാത്രയിൽ കോൺ​ഗ്രസ്

'കുമാരസ്വാമി സിം​ഗപ്പൂരിലേക്ക് യാത്ര തിരിച്ചത് കോൺ​ഗ്രസിനെതിരെ തന്ത്രം മെനയാനാണ്'
'കർണാടക സർക്കാരിനെ താഴെയിറക്കാൻ ​ഗൂഢാലോചന നടക്കുന്നു'; കുമാരസ്വാമിയുടെ സിം​ഗപ്പൂർ യാത്രയിൽ കോൺ​ഗ്രസ്

ബെം​ഗളൂരു: കർണാടകയിലെ കോൺ​ഗ്രസ് സർക്കാരിനെ താഴെയിറക്കാൻ ​ഗൂഢാലോചന നടക്കുന്നതായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ജനാതാദൾ (എസ്) നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി സിം​ഗപ്പൂരിലേക്ക് യാത്ര തിരിച്ചത് കോൺ​ഗ്രസിനെതിരെ തന്ത്രം മെനയാനാണ്. അവർ മെനയുന്ന തന്ത്രങ്ങളെ കുറിച്ച് തനിക്ക് ബോധമുണ്ടെന്നും ഡി കെ ശിവകുമാർ പറഞ്ഞു. എച്ച് ഡി കുമാരസ്വാമിയുടെ സിം​ഗപ്പൂർ യാത്രയെകുറിച്ചുളള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉപമുഖ്യമന്ത്രി.

'അദ്ദേഹത്തിന്റെ സിം​ഗപ്പൂർ യാത്രയെക്കുറിച്ച് എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ​ഒരു തന്ത്രത്തിന്റെ ഭാ​ഗമായാണ് അവർ സിം​ഗപ്പൂരിലേക്ക് പോയത്. ഞങ്ങൾക്ക് എല്ലാം അറിയാം,' ഡി കെ ശിവകുമാർ പറഞ്ഞു. കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി എച്ച് ഡി കുമാരസ്വാമി ചർച്ച നടത്തിയിരുന്നു. വരും ദിവസങ്ങളിൽ കോൺ​ഗ്രസിനെതിരെയുളള പോരാട്ടത്തിൽ ബിജെപിക്കൊപ്പം ചേരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടർന്ന് എച്ച് ഡി കുമാരസ്വാമി കാരണം വെളിപ്പെടുത്താതെ സിം​ഗപ്പൂരി‍ലേക്ക് പറക്കുകയായിരുന്നു.

അതേസമയം ജെഡിഎസ് ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പാർട്ടി മേധാവി എച്ച് ഡി ദേവ​ഗൗഡ പറഞ്ഞു. പാർട്ടി സ്വതന്ത്രമായി പോരാടുമെന്നും എൻഡിഎയിലോ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസിലോ (ഇന്ത്യ) ചേരുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജെഡിഎസ് ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നായിരുന്നു എച്ച് ഡി കുമാരസ്വാമിയുടെ പ്രഖ്യാപനം. പാർട്ടിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ എച്ച് ഡി ദേവ​ഗൗഡ തനിക്ക് എല്ലാ അധികാരവും നൽകിയിട്ടുണ്ട്. 31 ജില്ലകളിൽ കോൺ​ഗ്രസ് സർക്കാർ നടത്തുന്ന കൊളളരുതായ്മകൾക്കെതിരെ ശബ്ദമുയർത്തും. എല്ലാ സമുദായങ്ങളുടെയും പ്രാതിനിധ്യമുളള പത്തം​ഗ ടീമിനെ രൂപീകരിക്കും. പാർലമെന്റ് തിരഞ്ഞെടുപ്പിന് ഇനിയും 11 മാസമുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പ് വരുമ്പോൾ നോക്കാം. പാർട്ടിയെ സംഘടിപ്പിക്കാനാണ് നിർദേശമെന്നും കുമാരസ്വാമി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com