

2026-ലേക്ക് കടക്കുമ്പോള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ പ്രതീക്ഷയും ആശങ്കയും ഒരുപോലെ നിലനില്‍ക്കുകയാണ്. പണപ്പെരുപ്പം, പലിശനിരക്കുകളിലെ അനിശ്ചിതത്വം, ആഗോള സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ - എല്ലാം ചേരുമ്പോള്‍ മിഡില്‍ ക്ലാസുകാരായ ശമ്പള വരുമാനക്കര്‍ ഉയര്‍ത്തുന്ന ഏറ്റവും വലിയ ചോദ്യമിതാണ്. എന്റെ സമ്പാദ്യം പുതുവര്‍ഷത്തില്‍ പെരുകുമോ ചുരുങ്ങുമോ? എന്നുളളത്. വരുമാനം പരിമിതവും ലക്ഷ്യങ്ങള്‍ വലുതുമായ മധ്യവര്‍ഗ്ഗ കുടുംബങ്ങള്‍ ഒരിക്കലും നിക്ഷേപത്തെ ഒരു സാഹസിക പരീക്ഷണമായി കരുതേണ്ടതില്ല. അതൊരു ആസൂത്രിത യാത്രയാണ്. സ്വന്തമായി വീട്, മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വിരമിക്കല്‍ - എല്ലാം കണക്കിലെടുത്തുള്ള തികച്ചും സുന്തുലിതമായ നിക്ഷേപ രീതികളാണ് 2026-ല്‍ പിന്തുടരേണ്ടത്.

ലഘുവായ സമ്പാദ്യം നിക്ഷേപിച്ച് വലിയ തുകയാക്കാനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നതിന് മുമ്പ് ഓരോരുത്തരും അടിസ്ഥാന സുരക്ഷ ഉറപ്പാക്കണം.
എമര്‍ജന്‍സി ഫണ്ട്: കുറഞ്ഞത് 3-6 മാസത്തെ ചെലവുകള്‍ക്ക് തുല്യമായ തുക ലിക്വിഡ് ഫണ്ടിലോ ബാങ്ക് അക്കൗണ്ടിലോ വേണം.
ഇന്‍ഷുറന്‍സ്: ആരോഗ്യ ഇന്‍ഷുറന്‍സും ടേം ലൈഫ് ഇന്‍ഷുറന്‍സും നിക്ഷേപമല്ല; എന്നാല്‍ നിക്ഷേപങ്ങളെ സംരക്ഷിക്കുന്ന കവചമാണ്.
ഇവയില്ലാതെ നടത്തുന്ന നിക്ഷേപം, അടിത്തറയില്ലാത്ത കെട്ടിടം പോലെയാണ്.
5-10 വര്‍ഷമെങ്കിലും സമയപരിധിയുള്ള ലക്ഷ്യങ്ങള്‍ക്ക്, ഓഹരി മ്യൂച്വല്‍ ഫണ്ടുകള്‍ ഇപ്പോഴും മികച്ച തിരഞ്ഞെടുപ്പാണ്.
SIP (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍): മാസശമ്പളത്തില്‍ നിന്ന് ചെറിയ തുകകള്‍ സ്ഥിരമായി നിക്ഷേപിക്കാന്‍ ഏറ്റവും അനുയോജ്യം. ഓഹരി വിപണി ഉയര്‍ന്നാലും താഴ്ന്നാലും ശരാശരി വിലയില്‍ യൂണിറ്റുകള്‍ ലഭിക്കും.
ഇന്‍ഡെക്‌സ് ഫണ്ടുകള്‍: നിഫ്റ്റി 50 പോലുള്ള സൂചികകളെ പിന്തുടരുന്ന ഫണ്ടുകള്‍ - കുറഞ്ഞ ചെലവും ദീര്‍ഘകാല സ്ഥിരതയും ഇതുറപ്പാക്കും.
മള്‍ട്ടി ക്യാപ് / ഫ്‌ലെക്‌സി ക്യാപ് ഫണ്ടുകള്‍: വലുതും ഇടത്തരവും ചെറുതുമായ നല്ല കമ്പനികളുടെ ഓഹരികളിലെ നിക്ഷേപം - വൈവിധ്യവും വളര്‍ച്ചയും ഒരുപോലെ നല്‍കും.
വയസും റിസ്‌ക് എടുക്കാനുള്ള നിങ്ങളുട ശേഷിയും അനുസരിച്ച്, സമ്പാദ്യത്തിന്റെ 50-60 ശതമാനം വരെ തുക ഓഹരി യില്‍ നേരിട്ടോ മ്യൂച്വല്‍ ഫണ്ട് വഴിയോ നിക്ഷേപിക്കാവുന്നതാണ്.

എല്ലാ പണവും റിസ്‌ക് കൂടിയ ഓഹരികളില്‍ മാത്രമായി നിക്ഷേപിക്കരുത്. ചെറുതെങ്കിലും സ്ഥിരമായ ലാഭവും മുടക്കുമുതലിന് സുരക്ഷയും നല്‍കുന്ന മാര്‍ഗങ്ങളിലും നിക്ഷേപിക്കാം.
പിപഎഫ് (പബ്ലിക് പ്രൊവിഡന്റ് ഫണ്ട്): ദീര്‍ഘകാല സുരക്ഷിത നിക്ഷേപം, ആദായ നികുതി രഹിത പലിശ ഇതന്റെ പ്രത്യേകതയാണ്.
എന്‍പിഎസ് (നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം): വിരമിക്കല്‍ ലക്ഷ്യമിട്ടുള്ള, പെന്‍ഷന്‍ ലഭ്യമാക്കുന്ന മികച്ച സ്‌കീം; ഓഹരി-ഡെറ്റ് മിശ്രിതം, അധിക നികുതി ഇളവുകള്‍.
ബാങ്ക് എഫ്ഡി / പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍: സ്ഥിരതയാര്‍ന്ന ലാഭം പ്രതീക്ഷിക്കുന്നവര്‍ക്ക് ഇതിലും നിക്ഷേപിക്കാം.
സ്വര്‍ണത്തിന്റെ വില കുത്തനെ കയറി ഇപ്പോള്‍ വലിയ ചാഞ്ചാട്ടം കാണിക്കുന്നുണ്ട്. സമ്പാദ്യത്തിന്റെ 10-15 ശതമാനം പണം സ്വര്‍ണത്തില്‍ നിക്ഷേപിക്കാം. ആഭരണങ്ങള്‍, കോയിനുകള്‍, ഡിജിറ്റല്‍ ഗോള്‍ഡ്, ഇറ്റിഎഫ് തുടങ്ങിയ മാര്‍ഗങ്ങളില്‍ ഇഷ്ടാനുസരണം നിക്ഷേപിക്കാം. ഏതെങ്കിലും ഒരു മാര്‍ഗത്തില്‍ മാത്രമായി മുഴുവന്‍ തുകയും നിക്ഷേപിക്കരുത്.

REITs (Real Estate Investment Trusts) എന്നും InvITs (Infrastructure Investment Trusts) എന്നും പറയുന്ന ഈ നിക്ഷേപ മാര്‍ഗവും പരീക്ഷിക്കാവുന്നതാണ്. വലിയ റിയല്‍ എസ്റ്റേറ്റ് സ്വത്തുകളിലോ (ഓഫീസ് കെട്ടിടങ്ങള്‍, ഐ.ടി. പാര്‍ക്കുകള്‍, മാളുകള്‍) രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിലോ (ഹൈവേകള്‍, ടോള്‍ റോഡുകള്‍, പവര്‍ ലൈന്‍കള്‍, പൈപ്പ് ലൈന്‍കള്‍) നിക്ഷേപിക്കുന്ന ട്രസ്റ്റുകളാണ് ഇത്. ഒരു ഫ്‌ലാറ്റോ റോഡോ പാലമോ മുഴുവന്‍ വാങ്ങാതെ, അതിലെ ചെറിയൊരു പങ്ക് വാങ്ങുന്നതുപോലെയാണ് REITs/InvITs-ല്‍ നിക്ഷേപിക്കുന്നത്. സെബിയുടെ കര്‍ശന നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന, ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത നിക്ഷേപ മാര്‍ഗ്ഗങ്ങളാണിവ.
Content Highlights: Where to invest money in the New Year to increase savings? Things common people need to know | Expert opinion