

സ്വർണവില കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ കുതിച്ചുയരുമ്പോൾ, അതിനൊപ്പം തന്നെ വെള്ളി വിലയും ഉയരുകയാണ്. ശതമാന കണക്ക് പരിശോധിക്കുമ്പോള്‍ സ്വർണത്തേക്കാള്‍ വലിയ കുതിപ്പ് നടത്തിയത് വെള്ളിയാണെന്ന് മനസ്സിലാക്കാം. നിലവിൽ വെള്ളിയുടെ നിരക്ക് കിലോയ്ക്ക് 19,2000 അടുത്തെത്തിയിരിക്കുകയാണ്. എംസിഎക്‌സ് ട്രെഡിങ്ങിൽ ബുധനാഴ്ച ഒരു കിലോ വെള്ളിയുടെ വില രണ്ടു ശതമാനം വർധിച്ചാണ് രണ്ടുലക്ഷത്തിലേക്ക് കുതിക്കുന്നത്. നിലവിലെ വെള്ളിയുടെ മാർക്കറ്റ് വില(സ്‌പോട്ട് പ്രൈസ്) 108 ശതമാനം വർധിച്ചപ്പോൾ, സ്വർണം കുതിച്ചത് 68 ശതമാനമാണ്. കഴിഞ്ഞ വർഷം ഡിസംബർ 31ന് വെള്ളി സ്‌പോട്ട് പ്രൈസ് ഒരു കിലോഗ്രാമിന് 85,851 രൂപയായിരുന്നു. എന്നാൽ ഈ വർഷം ഡിസംബർ 9 ആകുമ്പോൾ സ്‌പോട്ട് വില ഒരു കിലോഗ്രാമിന് 1,78, 861 രൂപയാണ്. സമാനമായി സ്വർണത്തിന്റെ ഡൊമസ്റ്റിക്ക് സ്‌പോട്ട് വില കഴിഞ്ഞ വർഷം ഡിസംബർ 31ന് 75, 913 ആണെങ്കിൽ ഈ വർഷം ഡിസംബർ 9ന് അത് 1, 27, 762 രൂപയാണ്.
വർധിച്ചുവരുന്ന ഭൗമരാഷ്ട്ര സംഘർഷങ്ങൾ, യുഎസ് താരിഫുകളുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ, കേന്ദ്രബാങ്കുകളുടെ വാങ്ങലുകൾ എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലേക്കുള്ള (ഇടിഎഫ്) വൻതോതിലുള്ള നിക്ഷേപം എന്നിവ കാരണം ഈ വർഷം സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുതിച്ചുയരുന്നതാണ് കാണുന്നത്. ആവശ്യകത കൂടുന്ന സാഹചര്യത്തിൽ റേറ്റ് കട്ടുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയും വെള്ളി വില രണ്ടുലക്ഷം എന്ന മാർക്ക് കടക്കാൻ കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ഈ മാസം ചിലപ്പോൾ ഒരു കിലോ വെള്ളിയുടെ വില 2, 10, 000 രൂപവരെ എത്താമെന്നാണ് വിലയിരുത്തൽ. വ്യാവസായിക ആവശ്യം ദൃഡമായി തന്നെ നിലനിൽക്കുകയാണ്. ഇന്ത്യ വെള്ളി വാങ്ങുമ്പോൾ ചൈന കയറ്റുമതി നടത്തുന്നുണ്ട്. ആവശ്യകത കൂടി സാഹചര്യത്തിൽ വിതരണം കൂടുതൽ മുറുകുകയാണ്.
കഴിഞ്ഞ ആറുമാസത്തിനിടെ ഭൗമ സംഘർഷങ്ങളിൽ ചെറിയ ഇളവ് മാത്രമാണ് കാണാൻ കഴിയുന്നത്. റഷ്യ ഉക്രൈയ്ൻ യുദ്ധത്തിൽ സമാധാനത്തിന്റെ അടയാളങ്ങളൊന്നും കാണാനും കഴിയാത്ത സാഹചര്യം നിലവിലുണ്ട്. മാത്രമല്ല നികുതി ഏർപ്പെടുത്തുന്ന കാര്യത്തിൽ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നിലപാടുകൾ പ്രവചിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സ്വർണം - വെള്ളി വില കുതിച്ചുയരാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.
Content Highlights: Silver rates to hit 2 lakh this month