

2025 കടന്നു പോകുമ്പോൾ ആരും വിചാരിക്കാതിരുന്ന തരത്തിലുള്ള മാറ്റങ്ങളാണ് ലോകത്തിൽ ഉണ്ടായത്. ആഗോളതലത്തിൽ അമേരിക്കയുടെ വ്യാപാര നയങ്ങളും, താരിഫുകളും , ഭൗമ രാഷ്ട്രീയ സംഘർഷങ്ങളും സാമ്പത്തിക ലോകത്തിൽ ആഞ്ഞടിച്ചു. ഇതിന്റെ ഫലമായി സാമ്പത്തിക സമ്മർദ്ദം കൂടിയതോടെ പല സാമ്പത്തിക ആസ്തികളും ആ ചുഴലിയിൽ പെട്ട് നട്ടം തിരിഞ്ഞു. അമേരിക്കയുടെ വ്യാപാര നയങ്ങൾ ഉണ്ടാക്കിയ അസ്ഥിരതക്ക് ഇപ്പോഴും ശമനം വന്നിട്ടില്ല. സ്വർണവും,വെള്ളിയും, ഓഹരികളും, ക്രിപ്റ്റോ കറൻസികളും, രാഷ്ട്രീയ സാമ്പത്തിക നയ മാറ്റങ്ങൾക്കനുസരിച്ച് ഉയര്ച്ച താഴ്ചകളിലൂടെ കടന്നു പോയി.
സ്വർണം തിളങ്ങി
2025 സ്വർണ പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടിയ വർഷമായിരുന്നു. 70 ശതമാനത്തോളമാണ് സ്വർണ വില കൂടിയത്. ഗോൾഡ് ഇ ടി എഫുകൾ 80 ശതമാനത്തോളം ഉയർന്നു. ഒരു ലക്ഷം രൂപ 2025 ആദ്യം ജനുവരി മാസത്തിൽ സ്വർണ ഇ ടി എഫിൽ നിക്ഷേപിച്ചിരുന്നെങ്കിൽ അത് ഈ ഡിസംബർ അവസാനമായപ്പോഴേക്കും 180,000 രൂപ ആയി മാറുന്ന മാജിക് കാണാമായിരുന്നു. അമേരിക്കൻ പ്രെസിഡണ്റ്റായ ട്രംപിന്റെ നയങ്ങളും, വ്യാപാര യുദ്ധങ്ങളും സ്വർണത്തിന്റെ വില വർധിപ്പിച്ച ഒരു പ്രധാന കാരണമായിരുന്നു. കേന്ദ്ര ബാങ്കുകൾ മത്സരിച്ച് സ്വർണം വാങ്ങി കൂട്ടിയതും സ്വർണ വില കുത്തനെ ഉയർത്തി. റഷ്യ - യുക്രൈൻ യുദ്ധം നാലാം വർഷത്തിലേക്ക് കടന്നതോടെ ഭൗമരാഷ്ട്രീയ അപകടസാധ്യത പെട്ടെന്നൊന്നും അവസാനിക്കില്ല എന്ന തോന്നൽ ലോകത്തിലുണ്ടായി.

സമാധാന കരാറുകൾ ഉടൻ നിലവിൽ വരും എന്ന തോന്നൽ ഇടക്ക് ഉണ്ടായിരുന്നെങ്കിലും വീണ്ടും ഇസ്രായേൽ ഇറാൻ സംഘർഷങ്ങൾ കൂനിന്മേൽ കുരുപോലെ 2025 ൽ ഉണ്ടായി. വ്യാപാര ചുങ്കം പല രാജ്യങ്ങളിലും പണപ്പെരുപ്പ ആശങ്കകളും കൂട്ടി. പണപ്പെരുപ്പത്തെ ചെറുക്കാൻ രാജ്യങ്ങൾ കൂടുതലായി സ്വർണം വാങ്ങി കൂട്ടിയത് വീണ്ടും വില വർധിപ്പിച്ചു.ചുരുക്കി പറഞ്ഞാൽ 'സ്വർണം സുരക്ഷിത നിക്ഷേപം' എന്ന ലേബൽ അരക്കിട്ടുറപ്പിച്ച വർഷമായിരുന്നു 2025 .
അമേരിക്കൻ ഡോളറിനെ തഴയാൻ കേന്ദ്ര ബാങ്കുകൾ മത്സരിച്ച് സ്വർണം വാങ്ങി കൂട്ടിയ വർഷമായിരുന്നു 2025 . 'ഡി ഡോളറൈസേഷൻ' അജണ്ട നടപ്പിലാക്കാൻ കേന്ദ്ര ബാങ്കുകൾ സ്വർണം പരമാവധി വാങ്ങി കൂട്ടിയതും സ്വർണ വില കൂടിയതിന് കാരണമായി. അമേരിക്കൻ ബോണ്ടുകളും പല കേന്ദ്ര ബാങ്കുകളും ഈ വർഷം വിറ്റൊഴിവാക്കി സ്വർണം വാങ്ങി കൂട്ടിയിരുന്നു. ഇന്ത്യ അടക്കമുള്ള എമേർജിങ് സമ്പത്വ്യവസ്ഥകളിലെ കേന്ദ്ര ബാങ്കുകൾ കൂടുതലായി സ്വർണം വാങ്ങി കൂട്ടി.
ചെറുകിട നിക്ഷേപകർ കൂടുതലായി സ്വർണ ഇ ടി എഫ് നിക്ഷേപങ്ങൾ തുടങ്ങിയതും, സ്വർണ ഡിമാൻഡ് വർധിപ്പിച്ചു.ഇന്ത്യയിലും ഗോൾഡ് ഇ ടി എഫുകളിലേക്ക് കോടിക്കണക്കിനു പണം 2025 ൽ ഒഴുകി എത്തിയിരുന്നു.1979 ന് ശേഷം, ഏറ്റവും കൂടുതൽ സ്വർണം ഉയർന്ന വർഷമായി 2025.
2026 ലും, 2027 ലും സ്വർണം തേരോട്ടം തുടരും എന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ, ഗോൾഡ്മാൻ സാക്സ് , ജെ പി മോർഗൻ എന്നീ സ്ഥാപനങ്ങളും, പ്രമുഖ വിശകലന വിദഗ്ധരും പ്രവചിക്കുന്നത്. തുടർച്ചയായ സാമ്പത്തിക അനിശ്ചിതത്വം, സെൻട്രൽ ബാങ്ക് വാങ്ങലുകൾ, പണപ്പെരുപ്പം, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കൂടാൻ സാധ്യതയുള്ളത് ഇവയൊക്കെക്കൊണ്ട് 2026 ലും 2027 ലും സ്വർണ്ണ വില ഉയരുമെന്ന്കണക്കുകൂട്ടുന്നത്. എന്നാൽ ചില ഫണ്ട് മാനേജർമാർ 2025 ലെ കുതിപ്പിനേക്കാൾ മിതമായ രീതിയിലേ സ്വർണം ഉയരുകയുള്ളൂ എന്ന് പ്രവചിക്കുന്നു.
വെള്ളി വെട്ടി തിളങ്ങി

2025 ൽ വെള്ളി വില റെക്കോർഡ് ഉയരത്തിൽ എത്തി.ശക്തമായ വ്യാവസായിക ആവശ്യം, സപ്ലൈ കുറഞ്ഞത് , യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കൽ, ഭൗമരാഷ്ട്രീയ അനിശ്ചിതത്വത്തിനിടയിൽ സുരക്ഷിത നിക്ഷേപം എന്നിവ എല്ലാം കാരണമാണ് ഈ വർഷം വെള്ളി 165 % ത്തിലധികം നേട്ടം നൽകിയത്.
ഓഹരികളെയും, സ്വര്ണത്തെയും പിന്തള്ളിയാണ് വെള്ളി വെട്ടി തിളങ്ങിയത്. ഇലക്ട്രിക് വാഹനങ്ങൾ , സോളാർ, സെമികണ്ടക്ടറുകൾ, ഡാറ്റാ സെന്ററുകൾ തുടങ്ങിയ മേഖലകളിൽ നിന്ന് ഉയർന്ന വെള്ളി ഡിമാൻഡ് ഉണ്ടായിരുന്നു. . റിപ്പോർട്ടുകൾ പ്രകാരം, ഉത്പാദിപ്പിക്കുന്ന വെള്ളിയുടെ പകുതിയിലധികവും, അല്ലെങ്കിൽ മൊത്തം ആഗോള വെള്ളി ആവശ്യകതയുടെ ഏകദേശം 55-60% വ്യവസായങ്ങളാണ് ഉപയോഗിക്കുന്നത്. തുടർച്ചയായ വർഷങ്ങളിൽ വെള്ളിയുടെ വ്യാവസായിക ആവശ്യം പുതിയ റെക്കോർഡ് ഉയരത്തിലെത്തി എന്നാണ് സിൽവർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡാറ്റ കാണിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വെള്ളിയെ കൂടെ കൂട്ടി
എ ഐ വിപ്ലവം ആണ് വെള്ളിയെ വെട്ടി തിളക്കിയത് എന്നും കമ്മോഡിറ്റി അനലിസ്റ്റുകൾ പറയുന്നു.ഡിസംബർ 9-ന്, സിൽവർ ഇൻസ്റ്റിറ്റ്യൂട്ട് ഒരു റിപ്പോർട്ട് പുറത്തിറക്കി." വ്യാവസായിക മേഖലകളിൽ വെള്ളിയുടെ ആവശ്യകത വർദ്ധിച്ചുകൊണ്ടിരിക്കുമെന്നും, അതുവഴി വീണ്ടും വെള്ളിയിൽ ഒരു റാലിക്ക് വഴിയൊരുങ്ങുമെന്നും" പ്രവചിച്ചു. "സിൽവർ, ദി നെക്സ്റ്റ് ജനറേഷൻ മെറ്റൽ" എന്ന് പേരിട്ടിരിക്കുന്ന ഈ വിലയിരുത്തൽ റിപ്പോർട്ടിൽ വെള്ളി വിപണിയെ മുന്നോട്ട് നയിക്കുമെന്ന് പ്രതീക്ഷിക്കുന്ന മൂന്ന് പ്രധാന വ്യവസായങ്ങളെ എടുത്തുപറയുന്നുണ്ട്. സോളാർ ഫോട്ടോവോൾട്ടെയ്‌ക്‌സ്, ഇലക്ട്രിക് വാഹന നിർമ്മാണം, കൃത്രിമബുദ്ധി എന്നിവയാണ് അവ.ലോകത്തിലെ പകുതിയിലധികം വെള്ളിയും ഉത്പാദിപ്പിക്കുന്ന ലാറ്റിൻ അമേരിക്ക, ഖനികളുടെ പഴക്കവും കരുതൽ ശേഖരവും കുറയുന്നതിനാൽ ഉൽപാദനം കുറയുന്നു.
ലോകത്തിന്റെ വിതരണത്തിന്റെ 25% വഹിക്കുന്ന മെക്സിക്കോയുടെ ഉൽപ്പാദനത്തിൽ സമീപ വർഷങ്ങളിൽ ഇരട്ട അക്ക ഇടിവ് ഉണ്ടായിട്ടുണ്ട്.
വെള്ളി ഇനി നിക്ഷേപം
'പാവപ്പെട്ടവരുടെ സ്വർണം' എന്നറിയപ്പെടുന്ന വെള്ളി, ഇപ്പോൾ നിക്ഷേപമായി മാറുന്ന പ്രവണതയും കൂടുകയാണ്. പണമായി സ്വർണം ഉപയോഗിക്കുന്ന പോലെ തന്നെ ഈ വർഷം അതേ നിലയിലേക്ക് വെള്ളിയും ഉയർത്തപ്പെട്ടു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ, അമേരിക്കയും യുകെയും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ അവരുടെ കറൻസികളെ സ്വർണ്ണവുമായും വെള്ളിയുമായും ബന്ധിപ്പിച്ചു. ബ്രിട്ടന്റെ പൗണ്ട് സ്റ്റെർലിംഗ് ആ പേര് സ്വീകരിച്ചത് ഒരു പൗണ്ട് വെള്ളി നാണയങ്ങളിൽ നിന്നാണ്.എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ പണമെന്ന നിലയിൽ വെള്ളിയുടെ പങ്ക് നഷ്ടപ്പെട്ടു. സ്വർണ്ണം കേന്ദ്ര ബാങ്ക് കരുതൽ ശേഖരത്തിൽ തന്നെ തുടർന്നു, എന്നാൽ വെള്ളി വ്യാവസായിക ഉപയോഗത്തിലേക്ക് ചുരുങ്ങി.
വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളി വില കുതിച്ചുയർന്ന് സ്വർണത്തേക്കാൾ ആദായം ഈ വർഷം നൽകിയിരിക്കുകയാണ്. പണം, നിക്ഷേപം എന്ന രീതിയിലും ഇനി വെള്ളി തിളങ്ങും എന്നാണ് വിദഗ്ധർ പറയുന്നത്. പണപ്പെരുപ്പത്തിനും സാമ്പത്തിക അസ്ഥിരതയ്ക്കുമെതിരായ ഒരു സംരക്ഷണം എന്ന നിലയിൽ ഈ വർഷം തന്നെ വെള്ളിയെ ചേർത്ത് പിടിച്ചവർ ഏറെയാണ്.2026ൽ ഇനിയും വെള്ളി വില കുതിച്ചു കയറുമെന്ന് കമ്മോഡിറ്റി വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഇന്ത്യൻ ഓഹരികൾ അനങ്ങിയില്ല
ഇന്ത്യൻ ഓഹരി വിപണിക്ക് അത്ര നല്ല വർഷമായിരുന്നില്ല 2025 . വർഷാവസാനത്തോടെ നിഫ്റ്റി 50 ഏകദേശം 10% ഉം ബിഎസ്ഇ സെൻസെക്സ് ഏകദേശം 8.8% ഉം നേട്ടമുണ്ടാക്കി. ഈ പ്രകടനം പോലും കുറച്ച് ഓഹരികളിൽ മാത്രം ഒതുങ്ങി നിന്നു. ചില ഓഹരികൾ 40 ഉം, 50 ഉം ശതമാനം ആദായം നൽകിയിട്ടുണ്ടെങ്കിലും, ഭൂരിഭാഗം ഓഹരികളും തളർച്ചയിൽ ആയിരുന്നു. വിദേശ ഓഹരി വിപണികളുടെ അടുത്തെത്താൻ ഇന്ത്യൻ ഓഹരി വിപണിക്ക് ഈ വർഷം സാധിച്ചില്ല. വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞതാണ് ഇന്ത്യൻ ഓഹരി വിപണിക്ക് തിരിച്ചടി ആയത്. എന്നാൽ മ്യൂച്ചൽ ഫണ്ട് ഹൗസുകളും, ആഭ്യന്തര നിക്ഷേപകരും, ചെറുകിട നിക്ഷേപകരും ഇന്ത്യൻ വിപണിയിൽ തുടർന്നും നിക്ഷേപിച്ചതിനാൽ വൻ തകർച്ച ഒഴിവായി.ഇന്ത്യൻ രൂപയുടെ വിലയിടിവും വിദേശ നിക്ഷേപകരെ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിയാൻ പ്രേരിപ്പിച്ച കാര്യമായിരുന്നു.
ശുഭാപ്തി വിശ്വാസം
2025 നെ അപേക്ഷിച്ച് 2026 ഇന്ത്യൻ ഓഹരി വിപണിക്ക് മെച്ചപ്പെട്ട ഒരു വര്ഷമായിരിക്കും എന്ന് പ്രവചനങ്ങളുണ്ട്. ഇന്ത്യ അമേരിക്ക വ്യാപാര കരാർ 2026 ൽ നിലവിൽ വന്നാൽ അത് ഓഹരി വിപണിക്ക് ഒരു നേട്ടമാകും എന്ന് വിശകലനങ്ങളുണ്ട് . വിദേശ നിക്ഷേപകർ 2026 ൽ തിരിച്ചു വരാനുള്ള സാധ്യതയും ഇന്ത്യൻ വിപണിയെ ഉഷാറാക്കും. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച മെച്ചപ്പെട്ടതും, അടുത്ത പാദ ഫലങ്ങൾ വരുന്നതോടെ ഓഹരി വിപണിയിൽ മികച്ച നേട്ടമുണ്ടാകും എന്ന് രീതിയിൽ ചർച്ചകളുണ്ട്. 2026 ൽ ഒരു ബുൾ റൺ പ്രതീക്ഷിക്കാം എന്ന് അഭിപ്രായപ്പെടുന്ന വിശകലന വിദഗ്ധരുമുണ്ട്. അതുപോലെ കേന്ദ്ര സർക്കാർ എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കിയാൽ അതും ഓഹരി വിപണിക്ക് കരുത്തേകും എന്ന പ്രവചനങ്ങളുണ്ട്.ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ അത്ര പോലും ഓഹരി വിപണി ആദായം നൽകിയില്ലെന്ന പരിഭവം പല നിക്ഷേപകർക്കുമുണ്ടെങ്കിലും, പുതു വർഷത്തിൽ ഇന്ത്യൻ വിപണി മുന്നേറും എന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇന്ത്യൻ നിക്ഷേപകർ.