വന്ദേ ഭാരത് / അമൃത് ഭാരത്; വേഗത്തിലും ടിക്കറ്റ് നിരക്കിലും സൗകര്യങ്ങളിലും എന്തൊക്കെയാണ് വ്യത്യാസം?

യാത്രയ്ക്ക് ട്രെയിന്‍ തിരഞ്ഞെടുക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍

വന്ദേ ഭാരത് / അമൃത് ഭാരത്; വേഗത്തിലും ടിക്കറ്റ് നിരക്കിലും സൗകര്യങ്ങളിലും എന്തൊക്കെയാണ് വ്യത്യാസം?
dot image

എസിയിലെ യാത്രയും ആധുനിക സൗകര്യങ്ങളുമാണോ പ്രധാനം, അതോ കുറഞ്ഞ ചെലവില്‍ ദീര്‍ഘദൂര യാത്രയാണോ ലക്ഷ്യം?. ഇന്ത്യന്‍ റെയില്‍വേയുടെ വന്ദേ ഭാരത്, അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ തമ്മില്‍ വേഗം, ടിക്കറ്റ് നിരക്ക്, കോച്ചുകള്‍, യാത്രാസൗകര്യങ്ങള്‍ എന്നിവയില്‍ വലിയ വ്യത്യാസങ്ങളുണ്ട്. യാത്രയ്ക്ക് ട്രെയിന്‍ തിരഞ്ഞെടുക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍ ഇതാ.

ഇന്ത്യന്‍ റെയില്‍വേയില്‍ യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പുതിയ തലമുറ ട്രെയിനുകള്‍ അവതരിപ്പിച്ചുവരികയാണ്. അതില്‍ ഏറെ ശ്രദ്ധ നേടിയ രണ്ട് ട്രെയിനുകളാണ് വന്ദേ ഭാരത് എക്‌സ്പ്രസും അമൃത് ഭാരത് എക്‌സ്പ്രസും. രണ്ടും ആധുനിക സാങ്കേതികവിദ്യയും മെച്ചപ്പെട്ട യാത്രാസൗകര്യങ്ങളും ലക്ഷ്യമിടുന്നവയാണെങ്കിലും ഇവയുടെ പ്രധാന ലക്ഷ്യം വ്യത്യസ്തമാണ്. കൂടുതല്‍ വേഗത്തിലും എസി സൗകര്യങ്ങളോടെയും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് വന്ദേ ഭാരത്. സാധാരണക്കാര്‍ക്ക് താരതമ്യേന കുറഞ്ഞ ചെലവില്‍ ദീര്‍ഘദൂര യാത്ര സാധ്യമാക്കുകയാണ് അമൃത് ഭാരതിന്റെ ലക്ഷ്യം.

 Vande Bharat and Amrit Bharat

വന്ദേ ഭാരതും അമൃത് ഭാരതും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍

എസി സൗകര്യവും കോച്ചുകളും

വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പ്രധാന പ്രത്യേകത എസി യാത്രാസൗകര്യമാണ്. വന്ദേ ഭാരതില്‍ എസി ചെയര്‍ കാര്‍, എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്. ദീര്‍ഘദൂര യാത്രയ്ക്കായി അവതരിപ്പിച്ച വന്ദേ ഭാരത് സ്ലീപ്പര്‍ പതിപ്പില്‍ എസി സ്ലീപ്പര്‍ ബെര്‍ത്തുകളുമുണ്ട്.

എന്നാല്‍ അമൃത് ഭാരത് പൂര്‍ണമായും നോണ്‍ എസി ട്രെയിനാണ്. ജനറല്‍ ക്ലാസ്, സ്ലീപ്പര്‍ ക്ലാസ് തുടങ്ങിയ കോച്ചുകളാണ് ഇതിലുള്ളത്. അതിനാല്‍ എസി സൗകര്യത്തേക്കാള്‍ ടിക്കറ്റ് നിരക്കിന് പ്രാധാന്യം നല്‍കുന്ന യാത്രക്കാര്‍ക്ക് അമൃത് ഭാരത് പ്രയോജനകരമാണ്.

Also Read:

വേഗത്തില്‍ ഏതാണ് മുന്നില്‍?

വന്ദേ ഭാരത് സെമി ഹൈസ്പീഡ് ട്രെയിനായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ വേഗം മണിക്കൂറില്‍ 180 കിലോമീറ്ററാണ്. അനുയോജ്യമായ പാതകളില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ പ്രവര്‍ത്തനവേഗം കൈവരിക്കാനാകും. എന്നാല്‍ എല്ലാ റൂട്ടുകളിലും ഈ വേഗത്തില്‍ ഓടുമെന്ന് അര്‍ഥമില്ല. പാളങ്ങളുടെ അവസ്ഥ, സിഗ്‌നലിങ് സംവിധാനം, വളവുകള്‍, മറ്റ് ട്രെയിനുകളുടെ ഗതാഗതം എന്നിവയെല്ലാം വേഗത്തെ ബാധിക്കും.

അമൃത് ഭാരതും പരമ്പരാഗത ട്രെയിനുകളെ അപേക്ഷിച്ച് മെച്ചപ്പെട്ട യാത്രാസമയം ലക്ഷ്യമിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ വന്ദേ ഭാരതിന്റെ അതേ 160 കിലോമീറ്റര്‍ പ്രവര്‍ത്തനവേഗം അമൃത് ഭാരതിനും ഉണ്ടെന്ന് കരുതരുത്. ഏത് ട്രെയിനാണ് വേഗത്തില്‍ എത്തുക എന്നത് യാത്ര ചെയ്യുന്ന റൂട്ടിനെയും സമയക്രമത്തെയും ആശ്രയിച്ചിരിക്കും.

 Vande Bharat and Amrit Bharat

ടിക്കറ്റ് നിരക്കില്‍ വലിയ വ്യത്യാസമുണ്ടോ?

ഇരു ട്രെയിനുകളുടെയും ടിക്കറ്റ് നിരക്ക് ഒരുപോലെയല്ല. യാത്രാദൂരം, യാത്ര ചെയ്യുന്ന ക്ലാസ്, മറ്റ് ബാധകമായ നിരക്കുകള്‍ എന്നിവയെല്ലാം ടിക്കറ്റ് നിരക്കിനെ സ്വാധീനിക്കും.അമൃത് ഭാരതില്‍ ജനറല്‍, സ്ലീപ്പര്‍ ക്ലാസുകള്‍ ലഭ്യമാണ്. അതിനാല്‍ യാത്രക്കാര്‍ക്ക് തങ്ങളുടെ ബജറ്റിനനുസരിച്ച് ടിക്കറ്റ് തിരഞ്ഞെടുക്കാം. വന്ദേ ഭാരതിലെ എസി ചെയര്‍ കാര്‍, എക്‌സിക്യൂട്ടീവ് ക്ലാസ് എന്നിവയ്ക്ക് സാധാരണ നോണ്‍ എസി യാത്രയേക്കാള്‍ ഉയര്‍ന്ന ചെലവ് വരാം. വന്ദേ ഭാരത് സ്ലീപ്പറിന്റെ നിരക്കും യാത്രാദൂരത്തിനും ക്ലാസിനും അനുസരിച്ച് വ്യത്യാസപ്പെടും.
അതുകൊണ്ട് യാത്രയ്ക്ക് മുമ്പ് ഒരേ റൂട്ടിലെ ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കുന്നത് നല്ലതാണ്. കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യണമെങ്കില്‍ അമൃത് ഭാരത് കൂടുതല്‍ അനുയോജ്യമായേക്കാം.

Also Read:

എന്‍ജിനിലും സാങ്കേതികവിദ്യയിലും വ്യത്യാസം

വന്ദേ ഭാരത് ഒരു സെല്‍ഫ് പ്രൊപ്പല്‍ഡ് ട്രെയിന്‍സെറ്റാണ്. അതായത്, മുന്നില്‍ ഒരു പ്രത്യേക എന്‍ജിന്‍ ഘടിപ്പിച്ച് എല്ലാ കോച്ചുകളെയും വലിച്ചുകൊണ്ടുപോകുന്ന പരമ്പരാഗത രീതിയല്ല ഇതിലുള്ളത്. ട്രെയിനിലെ കോച്ചുകളിലായി മോട്ടോറുകള്‍ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ വേഗം കൈവരിക്കുന്നതില്‍ ഇത് മികവ് പുലര്‍ത്തുന്നു.
അമൃത് ഭാരത് പുഷ്-പുള്‍ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ട്രെയിനിന്റെ രണ്ടറ്റങ്ങളിലും എന്‍ജിനുകള്‍ ഘടിപ്പിച്ചിരിക്കുന്ന ഈ സംവിധാനം വേഗം കൈവരിക്കുന്നതിലും യാത്ര സുഗമമാക്കുന്നതിലും സഹായിക്കുന്നു. എന്നാല്‍ സാങ്കേതികവിദ്യയിലെ വ്യത്യാസം മാത്രം നോക്കി എല്ലാ റൂട്ടുകളിലും ഒരേ യാത്രാസമയം പ്രതീക്ഷിക്കാനാവില്ല.

 Vande Bharat and Amrit Bharat

യാത്രക്കാര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍

വന്ദേ ഭാരതില്‍ യാത്രാസൗകര്യത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കുന്ന നിരവധി സംവിധാനങ്ങളുണ്ട്. ഓട്ടോമാറ്റിക് വാതിലുകള്‍, സിസിടിവി ക്യാമറകള്‍, അടിയന്തര അലാറം, യാത്രക്കാര്‍ക്ക് ജീവനക്കാരുമായി ബന്ധപ്പെടാനുള്ള ടോക്-ബാക്ക് സംവിധാനം, മെച്ചപ്പെടുത്തിയ അഗ്‌നിസുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കവച് പോലുള്ള സുരക്ഷാ സംവിധാനങ്ങളും ട്രെയിനിന്റെ സജ്ജീകരണത്തിന്റെ ഭാഗമാണ്.

അമൃത് ഭാരതിലും യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും വേണ്ടിയുള്ള സംവിധാനങ്ങളുണ്ട്. സിസിടിവി ക്യാമറകള്‍, മെച്ചപ്പെടുത്തിയ ശുചിമുറികള്‍, എല്‍ഇഡി ലൈറ്റുകള്‍, മൊബൈല്‍ ചാര്‍ജിങ് സൗകര്യങ്ങള്‍, യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടുകള്‍, അടിയന്തര ആശയവിനിമയ സംവിധാനം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.അതായത്, അമൃത് ഭാരത് കുറഞ്ഞ ചെലവിലുള്ള ട്രെയിനാണെന്നതുകൊണ്ട് അടിസ്ഥാന യാത്രാസൗകര്യങ്ങള്‍ അവഗണിക്കുന്നില്ല. എന്നാല്‍ വന്ദേ ഭാരതിലെ എസി യാത്രയും പ്രീമിയം സൗകര്യങ്ങളും ഇതില്‍ ലഭിക്കില്ല.

Content Highlights :Indian Railways is introducing new-generation trains tailored to passenger needs. Among these, the Vande Bharat Express and Amrit Bharat Express have garnered significant attention

dot image
To advertise here,contact us
dot image