

ഒരു റെയില്‍വേ സ്റ്റേഷന്റെ പേര് കേള്‍ക്കുമ്പോള്‍ സാധാരണയായി മനസിലെത്തുന്നത് ഒന്നോ രണ്ടോ വാക്കുകളായിരിക്കും. ടിക്കറ്റെടുക്കുമ്പോഴും യാത്രക്കാരോട് സ്ഥലം പറയുമ്പോഴും എളുപ്പത്തില്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്ന പേരുകള്‍. എന്നാല്‍ ഒരു സ്റ്റേഷന്റെ പേരിന് ഒറ്റവാക്കില്‍ തന്നെ 28 അക്ഷരങ്ങളുണ്ടെങ്കിലോ?. ഒറ്റത്തവണ കേട്ടാല്‍ ഓര്‍ത്തുവെക്കാനും പറയാനും അല്‍പം ബുദ്ധിമുട്ടാകും അല്ലേ?.
ഇന്ത്യന്‍ റെയില്‍വേ ശൃംഖലയില്‍ ഇത്തരത്തില്‍ കൗതുകമുണര്‍ത്തുന്ന ഒരു സ്റ്റേഷനുണ്ട്. ആന്ധ്രപ്രദേശില്‍ തമിഴ്‌നാട് അതിര്‍ത്തിക്ക് സമീപമാണ് ഈ റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. പേര് കേട്ടാല്‍ തന്നെ പലരും ഒന്നുകൂടി പതുക്കെ വായിച്ചുനോക്കും. കാരണം ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ പേരില്‍ വരുന്നത് 28 അക്ഷരങ്ങളാണ്.

സാധാരണ റെയില്‍വേ സ്റ്റേഷന്‍ പേരുകളില്‍ ഒന്നിലധികം വാക്കുകള്‍ കാണാറുണ്ട്. എന്നാല്‍ ഇവിടെ കൗതുകം മറ്റൊന്നാണ്. ഇടയ്ക്ക് ഗ്യാപ്പ് ഒന്നും ഇല്ലാതെ ഒറ്റവാക്കായാണ് ഈ പേര് എഴുതുന്നത്. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ മേഖലയിലാണ് ഈ സ്റ്റേഷന്‍. തമിഴ്‌നാട് അതിര്‍ത്തിക്ക് സമീപമായി റേണിഗുണ്ടഅരക്കോണം റെയില്‍ പാതയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
'വെങ്കടനരസിംഹരാജുവരിപേട്ട' Venkatanarasimharajuvaripeta എന്നാണ് ആ റെയില്‍വേ സ്റ്റേഷന്റെ പേര്. ഒറ്റനോട്ടത്തില്‍ വായിച്ചുതീര്‍ക്കാന്‍ തന്നെ കുറച്ച് സമയം വേണ്ടിവരുന്ന പേരാണിത്. അതുകൊണ്ടുതന്നെ ഈ സ്റ്റേഷന്‍ റെയില്‍വേ പ്രേമികള്‍ക്കിടയിലും കൗതുകം സൃഷ്ടിച്ചിട്ടുണ്ട്.

ഈ നീണ്ട പേരിന് സമീപത്തെ ഒരു ഗ്രാമത്തിന്റെ പേരുമായി അടുത്ത ബന്ധമുണ്ട്. പേരിന്റെ ഘടകങ്ങളില്‍ വെങ്കടേശ്വരനെയും നരസിംഹനെയും സൂചിപ്പിക്കുന്ന ഭാഗങ്ങള്‍ക്കൊപ്പം പ്രാദേശിക രാജാവിനെയും സ്ഥലത്തെയും സൂചിപ്പിക്കുന്ന ഘടകങ്ങളുണ്ട്. 'വാരിപേട്ട' എന്ന ഭാഗം ഗ്രാമം അല്ലെങ്കില്‍ ജനവാസകേന്ദ്രം എന്ന അര്‍ഥവുമായി ബന്ധപ്പെട്ടതാണ്.അതായത് വെറുതെ നീട്ടിയെഴുതിയ ഒരു പേരല്ല ഇത്. പ്രദേശത്തിന്റെ വിശ്വാസങ്ങളും പ്രാദേശിക ചരിത്രവും സ്ഥലനാമ പാരമ്പര്യവും ചേര്‍ന്നാണ് ഈ പേര് രൂപപ്പെട്ടത്.
ഇവിടെയാണ് റെയില്‍വേയുടെ ചെറിയൊരു 'ഷോര്‍ട്ട്കട്ട്' എത്തുന്നത്. ഇത്രയും നീളമുള്ള പേര് ദിവസവും ഉപയോഗിക്കുന്നത് പ്രായോഗികമല്ലല്ലോ. അതുകൊണ്ട് സ്റ്റേഷന് മൂന്ന് അക്ഷരങ്ങളുള്ള ഒരു ചുരുക്ക കോഡ് നല്‍കിയിട്ടുണ്ട്. അതാണ് VKZ. ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും റെയില്‍വേ സംവിധാനങ്ങളില്‍ സ്റ്റേഷന്‍ തിരിച്ചറിയാനും ഈ കോഡ് ഉപയോഗിക്കാം. പ്രാദേശികമായി പേര് ചുരുക്കി വിളിക്കുന്ന രീതിയും നിലവിലുണ്ട്.

യാത്രക്കാര്‍ക്ക് എളുപ്പത്തിനായി കോഡ് ഉണ്ടെങ്കിലും സ്റ്റേഷനിലെ സൈന്‍ബോര്‍ഡില്‍ മുഴുവന്‍ പേരും കാണാം. ഇംഗ്ലീഷ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഇത്രയും നീളമുള്ള പേര് ഒരുമിച്ച് കാണുന്നത് തന്നെ കൗതുകകരമായ കാഴ്ചയാണ്.
Content Highlights :28 letters in a single word! The railway station with the longest name in India. How is this name pronounced?