വന്ദേഭാരത് സ്ലീപ്പർ ഈ മാസം തന്നെ: 8 മണിക്കൂറില്‍ 1000 കിലോമീറ്റർ, 827 യാത്രക്കാർ; ടിക്കറ്റ് നിരക്ക് എത്രയാകും

വെള്ളിയാഴ്ച മുതല്‍ ഡല്‍ഹി-പട്‌ന റൂട്ടില്‍ പരീക്ഷണയോട്ടം നടത്തുമെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ അറിയിക്കുന്നത്

വന്ദേഭാരത് സ്ലീപ്പർ ഈ മാസം തന്നെ:  8 മണിക്കൂറില്‍ 1000 കിലോമീറ്റർ, 827 യാത്രക്കാർ; ടിക്കറ്റ് നിരക്ക് എത്രയാകും
dot image

യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ സർവ്വീസ് ഈ മാസം അവസാനത്തോടെ ആരംഭിച്ചേക്കും. വെള്ളിയാഴ്ച മുതല്‍ ഡല്‍ഹി-പട്‌ന റൂട്ടില്‍ പരീക്ഷണയോട്ടം നടത്തുമെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ അറിയിക്കുന്നത്. പിന്നാലെ യാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള റെഗുലർ സർവ്വീസ് ആരംഭിക്കും. രാജ്യതലസ്ഥാനമായ ഡല്‍ഹിക്കും ബിഹാർ തലസ്ഥാനമായ പട്നക്കും ഇടയിലാണ് ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിന്‍ സർവ്വീസ് നടത്തുന്നത്.

ഏകദേശം ആയിരം കിലോമീറ്റർ ദൂരം വെറും എട്ട് മണിക്കൂറിൽ താണ്ടാനാകുന്ന ഈ അതിവേഗ ട്രെയിനിന് മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത കൈവരിക്കാന്‍ സാധിക്കും. ബെംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമല്‍) ഫാക്ടറിയിൽ നിർമ്മിച്ച കോച്ചുകള്‍ ഇതിനോടകം തന്നെ റെയില്‍വേയ്ക്ക് കൈമാറി കഴിഞ്ഞു. 16 കോച്ചുകളുള്ള രണ്ട് വണ്ടികളാണ് ബെമല്‍ ഇന്ത്യന്‍ റെയില്‍വേയ്ക്കായി കൈമാറിയിട്ടുള്ളത്. പൂർണമായും സ്വദേശി സാങ്കേതികവിദ്യയിലാണ് ഈ കോച്ചുകള്‍ നിർമ്മിച്ചതെന്ന് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ചെയർ കാർ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി സ്ലീപ്പർ ബെർത്തുകൾ, ഓട്ടോമാറ്റിക് സെൻസിങ് ഡോറുകൾ, ബയോ-ഡൈജസ്റ്റർ ടോയ്‌ലറ്റുകൾ, മികച്ച ലൈറ്റിങ്, ക്രാഷ്-വർത്തി കോച്ചുകൾ, ആന്റി-കൊളിഷൻ സിസ്റ്റം തുടങ്ങിയ ആധുനിക സൗകര്യങ്ങളാണ് വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുടെ പ്രത്യേകത. ആഴ്ചയിൽ ആറ് ദിവസം സർവീസ് നടത്തുന്ന ഈ ട്രെയിനിൽ എസി ഫസ്റ്റ് ക്ലാസ്, എസി ടൂ-ടയർ, എസി ത്രീ-ടയർ കോച്ചുകളുണ്ടാകും. മൊത്തം 827 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും.

വന്ദേഭാരത് സ്ലീപ്പറിന്‍റെ ടിക്കറ്റ് നിരക്ക് എത്രയായിരിക്കും എന്നത് സംബന്ധിച്ച ചർച്ചകളും യാത്രക്കാർക്കിടയില്‍ സജീവമാണ്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് റെയില്‍വേയുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. എങ്കിലും നിരക്ക് രാജധാനി എക്സ്പ്രസിന് സമാനമായിരിക്കുമെന്നാണ് സൂചന. രാത്രി യാത്ര ചെയ്ത് ഉറങ്ങിക്കൊണ്ട് തന്നെ രാവിലെ ലക്ഷ്യസ്ഥാനത്തെത്താം എന്നതിനാൽ ഹോട്ടൽ താമസം ആവശ്യമില്ലാതെ സമയവും പണവും ലാഭിക്കാൻ ഈ ട്രെയിൻ യാത്രക്കാരെ സഹായിക്കും.

ഉത്സവകാല യാത്രകൾ, ഔദ്യോഗിക ആവശ്യങ്ങൾ, ചുരുങ്ങിയ ദിവസത്തെ ഡൽഹി സന്ദർശനം തുടങ്ങിയവയ്ക്കെല്ലാം ഏറ്റവും അനുയോജ്യമായ, വേഗതയേറിയതും സുഖകരവും വൃത്തിയുള്ളതുമായ യാത്രാനുഭവം ഇനി പട്ന-ഡല്‍ഹി റൂട്ടിൽ ലഭ്യമാകും. കൂടുതല്‍ റൂട്ടുകളില്‍ വന്ദേഭാരത് സ്ലീപ്പർ ട്രെയിന്‍ സർവ്വീസ് ആരംഭിക്കാനാണ് റെയില്‍വേ നീക്കം.

dot image
To advertise here,contact us
dot image