

ബോളിവുഡിലെ മികച്ച നടന്മാരിൽ ഒരാളാണ് അനിൽ കപൂർ. ഇന്നും മികച്ച സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും അദ്ദേഹം പ്രേക്ഷരെ ഞെട്ടിക്കുന്നുണ്ട്. ഒരിക്കൽ പോലും അഭിനയത്തിൽ നിന്ന് ഇടവേള എടുക്കണമെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും അതിന് കാരണം അമിതാബ് ബച്ചൻ ആണെന്ന് മനസുതുറക്കുകയാണ് അനിൽ കപൂർ.
'എപ്പോഴും സ്ഥിരതയോടെയാണ് ഞാൻ കരിയർ മുന്നോട്ടുപോയിട്ടുള്ളത്. എന്നിട്ടും ഒരു ഘട്ടമെത്തിയപ്പോൾ ചെറിയൊരു ഇടവേള വേണമെന്ന് തോന്നി. 'അർമാൻ' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴായിരുന്നു അത്. അമിതാഭ് സാറിനോട് ഞാൻ സംസാരിച്ചു. 'വർഷങ്ങളായി സിനിമയിൽ അഭിനയിക്കുന്നു. ക്ഷീണിതനായപോലെ തോന്നുന്നു. ഒരു ബ്രേക്ക് എടുത്താലോ എന്ന് ചിന്തിക്കുന്നു' എന്ന് ഞാൻ പറഞ്ഞു. അദ്ദേഹം അതിന് മറുപടി പറഞ്ഞതിങ്ങനെ, 'ജീവിതത്തിൽ ഒരിക്കലും അത്തരമൊരു തെറ്റ് ചെയ്യരുത്. ഒരിക്കലും ഇടവേള എടുക്കരുത്. എന്റെ അനുഭവത്തിൽ നിന്നാണിത് പറയുന്നത്'. എന്നേക്കാൾ എത്രയോ സീനിയറായ വ്യക്തി അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്ന കാര്യം. അതോടെ ആ തീരുമാനം ഞാൻ മാറ്റി', അനിൽ കപൂറിന്റെ വാക്കുകൾ.

വാർ 2 ആണ് അനിൽ കപൂറിന്റേതായി അവസാനം പുറത്തുവന്ന സിനിമ. യാഷ് രാജ് സ്പൈ യൂണിവേഴ്സിന്റെ അടുത്ത സിനിമയായ ആൽഫ, ഷാരൂഖ് ഖാൻ ചിത്രമായ കിംഗ് എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള അനിൽ കപൂർ ചിത്രങ്ങൾ.
Content Highlights: Anil Kapoor about the advice of Amitabh Bachchan