

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ കെ രമ എംഎല്‍എ. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സ്വന്തം പാര്‍ട്ടിയിലെ ആരോപണ വിധേയരായവര്‍ക്കെതിരെ മുഖ്യമന്ത്രി നടപടിയെടുക്കണമെന്നും സ്ത്രീകള്‍ക്ക് അനുകൂലമായുള്ള പ്രസ്താവനകള്‍ അതിനുശേഷം മതിയെന്നും കെകെ രമ പ്രതികരിച്ചു.
ഒഞ്ചിയം നെല്ലാച്ചേരി സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അവര്‍. രാഷ്ട്രീയ ലാഭത്തിനുവേണ്ടി സ്ത്രീകള്‍ ഇവര്‍ സ്ത്രീകളെ ഉപയോഗിക്കുകയാണെന്നും കെ കെ രമ ആരോപിച്ചു.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കൃത്യമായ നിലപാടാണ് കോണ്‍ഗ്രസ് എടുത്തതെന്ന് പറഞ്ഞ രമ വിഷയത്തില്‍ യുഡിഎഫിന് എതിരായ ഒരു നിലപാടിലേക്ക് സ്ത്രീകള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. ദിലീപ് വിഷയത്തില്‍ യുഡിഎഫ് കണ്‍വീനര്‍ നടത്തിയ പ്രസ്താവന അതിശക്തമായി കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രസ്ഥാനം അത് തള്ളി പറഞ്ഞതോടെ വ്യക്തിപരമായ അഭിപ്രായമായി മാത്രമേ പിന്നീട് അതിനെ കാണാന്‍ സാധിക്കുകയുള്ളൂവെന്നും രമ പറഞ്ഞു.
ഏറാമലയിലും ഒഞ്ചിയത്തും അഴിയൂരിലും ഒപ്പം ചോറോടും വടകര മുന്‍സിപ്പാലിറ്റിയിലും ആര്‍എംപിക്ക് മുന്‍തൂക്കം ലഭിക്കും. തൃശൂര്‍ കുന്നംകുളം, കോഴിക്കോട് ഉള്‍പ്പെടെ പല സ്ഥലങ്ങളിലും ആര്‍എംപി മത്സരിക്കുന്നുണ്ട്. അവിടെയൊക്കെ സീറ്റ് വര്‍ധിപ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധതക്കെതിരായും ഭരണവിരുദ്ധതക്കെതിരായും ചിന്തിക്കുന്ന മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ആര്‍എംപിക്കും യുഡിഎഫിനും വേണ്ടി വോട്ട് ചെയ്യും എന്നാണ് പ്രതീക്ഷയെന്നും കെകെ രമ പറഞ്ഞു.
Content Highlights: KK Rema MLA urges Pinarayi Vijayan to take action against those accused within his party before making pro women statements