

തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ തെളിവുകള്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിച്ചില്ലെന്ന് അപ്പീലില്‍ സര്‍ക്കാരിന്റെ വാദം. എസ്‌ഐടി ചുമത്തിയ രണ്ടാമത്തെ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രഥമദൃഷ്ട്യാ ബലാത്സംഗക്കുറ്റം നിലനില്‍ക്കുമെന്നും സർക്കാർ വാദിക്കുന്നു.
അന്വേഷണത്തിനിടെ എസ്‌ഐടിക്ക് ഇതിനാവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അതിക്രൂരമായ കുറ്റകൃത്യമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്തത്. പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന സെഷന്‍സ് കോടതി നിലപാട് വസ്തുതാ വിരുദ്ധമാണ്. അതിജീവിതയുടെ മൊഴി വിശദമായി പരിഗണിക്കുന്നതില്‍ സെഷന്‍സ് കോടതി പരാജയപ്പെട്ടു. മനസ്സര്‍പ്പിക്കാതെയാണ് സെഷന്‍സ് കോടതി പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. പരാതി നല്‍കാന്‍ വൈകിയത് മുന്‍കൂര്‍ ജാമ്യം നല്‍കാനുള്ള കാരണമല്ല. പരാതി നല്‍കാന്‍ വൈകുന്നതില്‍ സുപ്രിംകോടതി തന്നെ വ്യക്തമായ നിലപാടെടുത്തിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അവഗണിച്ചാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത് എന്നുമാണ് പ്രൊസിക്യൂഷന്‍ വാദം. സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നാളെ പരിഗണിക്കും.
പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. വസ്തുതകള്‍ പരിഗണിക്കാതെയാണ് കോടതിയുടെ ഉത്തരവെന്നാണ് പ്രോസിക്യൂഷന്റെ പ്രധാനവാദം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പരാതി ഹൈക്കോടതി പരിഗണനയിലാണ്. പ്രതി സമാനകുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അപ്പീലില്‍ പറയുന്നു.
ഉപാധികളോടെയാണ് രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണണെന്നും നിര്‍ദേശമുണ്ടായിരുന്നു. ബലാത്സംഗ പരാതിയില്‍ സംശയമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പരാതി നല്‍കിയതിലെ കാലതാമസം ചൂണ്ടിക്കാട്ടിയ സെഷന്‍സ് കോടതി രാഹുല്‍ മാങ്കൂട്ടത്തിലിനെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാന്‍ പ്രഥമദൃഷ്ട്യാ കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. പരാതിയിലും മൊഴിയിലും വൈരുദ്ധ്യമുണ്ട്. രാഹുലിന് എതിരായ ആരോപണം ഗൗരവതരമാണ്. പൊലീസിന് പരാതി നല്‍കാതെ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കിയതും കോടതി നിരീക്ഷിച്ചു.
Content Highlight; Arguments of the government against the Sessions Court verdict granting anticipatory bail to Rahul mamkoottathil