യാത്രക്കാർ ഇരുകൈയും നീട്ടി സ്വീകരിച്ചു; എന്നിട്ടും കേരളത്തിന് പുതിയ വന്ദേ ഭാരത് ഇല്ല; കാരണം പറഞ്ഞത് ഇങ്ങനെ

കേരളത്തിൽ ഇപ്പോൾ ഓടുന്ന രണ്ട് വന്ദേ ഭാരത് ട്രെയിനുകൾക്കും 20 കോച്ചുകളാണ് ഉള്ളത്

യാത്രക്കാർ ഇരുകൈയും നീട്ടി സ്വീകരിച്ചു; എന്നിട്ടും കേരളത്തിന് പുതിയ വന്ദേ ഭാരത് ഇല്ല; കാരണം പറഞ്ഞത് ഇങ്ങനെ
dot image

വന്ദേ ഭാരത് ട്രെയിനുകൾക്ക് രാജ്യമെമ്പാടും വലിയ സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. നിരവധി യാത്രക്കാരാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകളിൽ യാത്ര ചെയ്തുവരുന്നത്. കേരളത്തില്‍ ഓടുന്ന രണ്ട് വന്ദേ ഭാരതുകളിലും ടിക്കറ്റ് പോലും ലഭിക്കാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്. കോച്ചുകളുടെ എണ്ണം കൂട്ടിയിട്ടും ടിക്കറ്റ് കിട്ടാനില്ല എന്ന അവസ്ഥയാണ്.

ഇത് കണക്കിലെടുത്ത് കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ കൂടി അനുവദിക്കണം എന്ന് കേരളം റെയിൽവേ മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ റെയിൽവേ മന്ത്രാലയം ആ ആവശ്യം നിരാകരിച്ചിരിക്കുകയാണെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിന് കാരണമായി റെയിൽവേ പറയുന്നത് ട്രാക്കിലെ തിരക്കാണ്.

പുതിയ വന്ദേ ഭാരതിനെക്കൂടി ഉൾക്കൊള്ളാൻ കേരളത്തിലെ നിലവിലെ റെയിൽവേ സംവിധാനത്തിന് സാധിക്കില്ല എന്നതാണ് പ്രശ്നം. ഇപ്പോഴുള്ള രണ്ട് വന്ദേ ഭാരതിനായിത്തന്നെ നിരവധി ട്രെയിനുകൾ പിടിച്ചിടേണ്ടിവരികയാണ്. ഏതെങ്കിലും കാരണത്താൽ വന്ദേ ഭാരത് വൈകിയാൽ അത് കൂടുതൽ വണ്ടികളെ ബാധിക്കുന്ന അവസ്ഥയാണുള്ളത്. ഇനിയും സംസ്ഥാനത്തിന് വന്ദേ ഭാരത് അനുവദിച്ചാൽ കൂടുതൽ ട്രെയിനുകളെ പിടിച്ചിടേണ്ടിവരുമെന്നും അത് സാധാരണക്കാരെയടക്കം നിരവധി ആളുകളെ ബാധിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്' റിപ്പോർട്ട് ചെയ്യുന്നു.

കേരളത്തിൽ ഇപ്പോൾ ഓടുന്ന രണ്ട് വന്ദേ ഭാരത് ട്രെയിനുകൾക്കും 20 കോച്ചുകളാണ് ഉള്ളത്. അതായത് 1440 യാത്രക്കാർക്ക് യാത്ര ചെയ്യാം. എന്നിട്ടും ടിക്കറ്റ് മതിയാകുന്നില്ല. കേരളം വന്ദേ ഭാരതിനെ നെഞ്ചിലേറ്റി എന്ന് ഈ കണക്കുകൾ വെളിവാക്കുമ്പോഴും അത് പുതിയ ട്രെയിനുകൾക്കുള്ള ഒരു വഴിയായി മാറുന്നില്ല എന്നത് ആശങ്കാജനകമാണ്.

പുതിയ വന്ദേ ഭാരത് വന്നാൽ കേരളത്തിൽ ഇപ്പോൾ ഓടുന്ന ട്രെയിനുകളുടെ വേഗതയിലും കാര്യമായ മാറ്റം വരുമോ എന്ന ആശങ്കയുണ്ട്. ഒരിടയ്ക്ക് എറണാകുളം ബെംഗളൂരു വന്ദേ ഭാരത് വേണം എന്ന് ആവശ്യം ശക്തമായി ഉയർന്നിരുന്നു. എന്നാൽ പ്ലാറ്റ്‌ഫോം ലഭ്യതയും മറ്റ് പ്രായോഗിക വശങ്ങളും ചൂണ്ടിക്കാട്ടി അത് ലഭിക്കാതെ പോകുകയായിരുന്നു. പുതിയ റെയിൽപാത ഉണ്ടായാൽ മാത്രമേ പുതിയ ഹൈ സ്പീഡ് ട്രെയിനുകൾ ഓടിക്കാൻ സാധിക്കുകയുളൂ എന്ന സ്ഥിതിയാണ് കേരളം നേരിടുന്ന വെല്ലുവിളി.

Content Highlights: no new vande bharat trains for kerala due to track congestion

dot image
To advertise here,contact us
dot image