
ലോകത്തെമ്പാടും നിരവധി ഐഫോൺ ആരാധകരാണ് ഉള്ളത്. ഒരു ഐഫോൺ ഇറങ്ങിയാൽ അത് വാങ്ങാനായി എല്ലാവരും ഓടിപ്പാഞ്ഞ് വരുന്നത് കാണാം. ആദ്യ ദിവസം തന്നെ റെക്കോർഡ് വിൽപ്പനയും ഐഫോൺ നേടാറുണ്ട്. എന്നാൽ ഇത്രയേറെ ജനപ്രിയമായിട്ടും ഡിസൈനില്‍ ഒരു മാറ്റത്തിനും തയ്യാറാകുന്നില്ലെന്ന് വിമര്‍ശനം ഐഫോണ്‍ സ്ഥിരമായി ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. മറ്റ് മൊബൈൽ ഫോൺ നിർമാതാക്കൾ ഡിസൈൻ, ഫീച്ചറുകൾ എന്നിവയിൽ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ഐഫോൺ ഇനിയും അതിന് മുതിർന്നിരുന്നില്ല.
ആ പരാതികള്‍ക്ക് വിരാമമിടുകയാണ് ഐഫോൺ 18. ഡിസൈനിൽ മാറ്റവുമായാണ് ഐഫോൺ 18 എത്തുക. ഫോൾഡബിൾ ഐഫോൺ കൂടി ആയിരിക്കും ഐഫോൺ 18. ഇതിന്റെ ഒരു നിർണായക വിവരം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
ഐഫോണിന്റെ ഇതുവരെയുള്ള ഏറ്റവും മെലിഞ്ഞ ഫോണായിരിക്കും ഐഫോൺ 18 എന്നാണ് റിപ്പോർട്ടുകൾ. ഫോൾഡ് തുറന്നാൽ വെറും 4.5 മില്ലിമീറ്റർ മുതൽ 4.8 വരെ മാത്രമായിരിക്കും ഫോണിന്റെ കനം എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഐഫോണിന്റെ ഏറ്റവും കനം കുറഞ്ഞ ഫോൺ ഐഫോൺ എയർ ആണ്. അതിലും കനം കുറവാകും പുതിയ ഐഫോൺ ഫോൾഡബിൾ എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഫോൾഡ് ചെയ്തുകഴിഞ്ഞാൽ 9 മുതൽ 9.5 മില്ലിമീറ്റർ വരെയാകും വിഡ്ത് ഉണ്ടാകുക എന്നും റിപ്പോർട്ടുകളുണ്ട്. പോക്കറ്റിലും ബാഗിലുമെല്ലാം ഈ ഐഫോൺ എളുപ്പം വെക്കാൻ സാധിക്കും. ഇതോടെ നീണ്ട കാലത്തെ വിമർശനം ആപ്പിൾ മറികടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ ഫോൾഡബിൾ ഐഫോൺ പക്ഷെ 2026ൽ പുറത്തിറങ്ങിയേക്കില്ല എന്നും റിപ്പോർട്ടുകളുണ്ട്.
എതിരാളികളായ സാംസങ്, വാവെയ്, ഓപ്പോ, ഷവോമി തുടങ്ങിയവർ ഫോൾഡബിൾ ഫോണും കഴിഞ്ഞ് അടുത്ത പടിയിലേക്ക് കടന്നപ്പോൾ ഐഫോൺ മാത്രമായിരുന്നു മാറ്റത്തിന് മുതിരാതിരുന്നത്. ഐഫോൺ 17ലെങ്കിലും മാറ്റമുണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ആ വിമർശനത്തിനാണ് ഇപ്പോൾ അവസാനമായിരിക്കുന്നത്.
Content Highlights: iphone foldable specification leaked