
ഇന്ത്യയിലെ മെട്രോ നഗരങ്ങളിലൊന്നാണ് ബെംഗളൂരു. അടിസ്ഥാന സൗകര്യങ്ങളും നഗര സംവിധാനങ്ങളുമായി ഹൈടെക് സിറ്റിയാണെങ്കിലും ബെംഗളൂരുവിലെ റോഡുകളെ കുറിച്ച് പലപ്പോഴും പരാതികൾ ഉയരാറുണ്ട്. ഇപ്പോഴിതാ ബെംഗളൂരുവിലെ തകർന്ന റോഡിലൂടെ സഞ്ചരിക്കേണ്ടി വന്നതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ് ഒരു ബെംഗളൂരു സ്വദേശി.
തകർന്ന റോഡുകളിലൂടെ സഞ്ചരിച്ച് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് 'ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ' (ബിബിഎംപി)ക്ക് ലീഗൽ നോട്ടീസ് അയച്ചത്.
ഗതാഗതയോഗ്യമല്ലാത്തതുമായ റോഡുകൾ മൂലമുണ്ടായ 'ശാരീരിക വേദനയ്ക്കും മാനസിക വിഷമത്തിനും' 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. റിച്ച്മണ്ട് ടൗണിലെ താമസക്കാരനായ ദിവ്യ കിരൺ ആണ് ബിബിഎംപിക്ക് ലീഗൽ നോട്ടീസ് അയച്ചത്. താൻ നികുതി സ്ഥിരമായി അടയ്ക്കുന്ന പൗരനാണ്, അടിസ്ഥാന നാഗരിക അടിസ്ഥാന സൗകര്യങ്ങൾ പരിപാലിക്കുന്നതിൽ ബിബിഎംപി തികഞ്ഞ പരാജയമാണ്. റോഡിലുടെ സഞ്ചരിച്ചതോടെ 'തുടർച്ചയായ ശാരീരിക ബുദ്ധിമുട്ടുകളും മാനസിക പ്രയാസങ്ങളും' നേരിടേണ്ടി വന്നെത്തും നോട്ടീസിൽ പറയുന്നു.
മോശമായ റോഡുകളിലൂടെ യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന ആഘാതം മൂലം കിരണിന് കഠിനമായ കഴുത്ത് വേദനയും നടുവേദനയും അനുഭവപ്പെട്ടെന്നും നോട്ടീസിൽ വിശദീകരിക്കുന്നുണ്ട്. വേദന കാരണം കിരൺ ഓർത്തോപീഡിക് വിദഗ്ധരെ അഞ്ച് തവണയും സെന്റ് ഫിലോമിനാസ് ആശുപത്രിയിൽ നാല് തവണയും കാണെണ്ടി വന്നെന്നും വേദന കുറയ്ക്കുന്നതിനായി കുത്തിവയ്പ്പുകളും ചികിത്സകളും നടത്തിയതായും ലീഗൽ നോട്ടീസിൽ പറയുന്നു.
റോഡിലൂടെയുള്ള യാത്രകാരണം വേദന, ഉറക്കക്കുറവ്, ഉത്കണ്ഠ, മാനസിക ക്ലേശം എന്നിവ ഉണ്ടാവുകയും ഇത് കിരണിന്റെ ദെനംദിന ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും കിരൺ അയച്ച നോട്ടീസിൽ പറയുന്നു. റോഡുകളുടെ മോശം അവസ്ഥ കാരണം ഓട്ടോകളിലോ ഇരുചക്രവാഹനങ്ങളിലോ സഞ്ചരിക്കാൻ സാധിക്കുന്നില്ല, ക്യാമ്പ് യാത്രകൾ പോലും ശാരീരിക അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെന്നും കിരൺ നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നു.
ചികിത്സ ചെലവുകൾ ( നിലവിൽ ചെലവായതും ഭാവിയിൽ ആവാനിരിക്കുന്നതും), മാനസികവും ശാരീരികവുമായ വിഷമങ്ങൾ, സമയനഷ്ടം. മെഡിക്കൽ കൺസൾട്ടേഷനുകൾക്കുള്ള യാത്രാ ചെലവുകൾ, പൊതു റോഡുകൾ പരിപാലിക്കുന്നതിൽ പരാജയപ്പെട്ടതുമൂലമുണ്ടായ മൊത്തത്തിലുള്ള ആഘാതം എന്നിവ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. 15 ദിവസത്തിനുള്ളിൽ ബിബിഎംപി 50 ലക്ഷം രൂപ നൽകണമെും ലീഗൽ നോട്ടീസിൽ പറയുന്നു. ഇതിന് പുറമെ ലീഗൽ നോട്ടീസ് ചാർജുകൾക്കായി 10,000 രൂപ നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്.
തന്റെ ഈ നോട്ടീസിന് മറുപടി തരാൻ പരാജയപ്പെട്ടാൽ നഷ്ടപരിഹാരത്തിനായി സിവിൽ കേസ്, കർണാടക ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി (PIL), ലോകായുക്തയ്ക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതി എന്നിവ നൽകുമെന്നും കിരൺ അയച്ച നോട്ടീസിൽ പറയുന്നുണ്ട്.
Content Highlights: Health problems due to damaged roads; Legal notice seeking compensation of Rs 50 lakhs