

തുണികഴുക്കുന്ന ടാസ്‌ക് വരുമ്പോഴേ ആദ്യ ഓപ്ഷൻ ഡിറ്റർജന്റ് ആകുമല്ലേ? ബാർ സോപ്പ് ഉപയോഗിച്ച് കഴുക്കുന്നതിനെക്കാൾ എളുപ്പമായി കരുതുന്ന ഈ ഡിറ്റർജന്റ് കൊണ്ട് നമുക്ക് എന്ത് ദോഷം വരാനാണെന്ന് ചിന്തിക്കാൻ വരട്ടെ. ഡിറ്റർജന്റ്, ക്ലീനറുകൾ എന്നിവ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഓങ്കോളജിസ്റ്റായ ഡോ തരംഗ് കൃഷ്ണ ചില മുന്നറിയിപ്പുകൾ നൽകുകയാണ്. നമ്മുടെ വസ്ത്രങ്ങളും വീടുമെല്ലാം ഫ്രഷായി വയ്ക്കുന്ന ഡിറ്റർജന്റുകളും ക്ലീനറുകളും മാരകമായ അസുഖങ്ങൾക്ക് കാരണമാകാം. ഇവയിൽ മറഞ്ഞിരിക്കുന്ന രാസവസ്തുക്കൾ പതുക്കെ നമ്മുടെ ആരോഗ്യത്തെ ബാധിക്കാം, ഹോർമോണുകളെ അവതാളത്തിലാക്കാം.

22 വർഷത്തെ അനുഭവസമ്പത്തുള്ള, കാൻസർ ഇമ്മ്യൂണോതെറാപ്പിയിൽ സ്‌പെഷ്യലൈസ് ചെയ്യുന്ന ഓങ്കോളജിസ്റ്റ് ഡോ തരംഗ് പറയുന്നത് ഇവ ഉപയോഗിക്കുന്നതിന് പകരമായി മറ്റ് ചില വസ്തുക്കൾ ശീലമാക്കിയാൽ നിങ്ങൾക്ക് സ്വയവും നിങ്ങളുടെ കുടുംബത്തെയും സുരക്ഷിതമാക്കാന്‍ കഴിയുമെന്നാണ്.
കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ഡിറ്റർജന്റും ക്ലീനറുകളും അടക്കം കാരണമാകാം. നമ്മുടെ വസ്ത്രങ്ങളും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുമെന്ന് നമ്മൾ ധരിക്കുന്ന ഈ സാധനങ്ങളിൽ ഒളിഞ്ഞിരിക്കുന്ന രാസവസ്തുക്കൾ ശരീരത്തിൽ സ്ലോ പോയിസണായിട്ടാകും പ്രവർത്തിക്കുക.
ഡിറ്റർജന്റിലും ക്ലിനറുകളിലും മറ്റും അടങ്ങിയിട്ടുള്ള Phthalatseനെ ഇതിലെ ഫ്രഷായുള്ള സുഗന്ധം മൂലം തിരിച്ചറിയാൻ കഴിയില്ല. ഇവ ഹോർമോൺ ബാലൻസ് തന്നെ പതിയെ പതിയെ ഇല്ലാതാക്കും. ചില ഡിറ്റർജന്റുകളിൽ ഫോർമാൽഡിഹൈഡ്, ബെൻസീൻ എന്നിവയുടെ സാന്നിധ്യമുണ്ടാകും. ഇവ നമ്മുടെ ശ്വസന വ്യവസ്ഥയെ തന്നെ ബാധിക്കാം. ബ്രോങ്കൈറ്റിസ് പോലുള്ള വിഷമതകളാകും ആദ്യമുണ്ടാവുക. പതിയെ ഇത് കാൻസറിലേക്ക് നയിക്കും.

ഹെർബൽ ക്ലീനറുകൾ ഉപയോഗിക്കുന്നതാണ് ഇത്തരം അവസ്ഥകളിൽ നിന്നും രക്ഷനേടാൻ ഏറ്റവും മികച്ച വഴി. വെള്ളം ചേർത്ത് ഉപയോഗിക്കാൻ കഴിയുന്ന ഹെർബൽ ക്ലീനറുകൾ മാരകമായ രാസവസ്തുക്കളുമായുള്ള സമ്പർക്കം ഇല്ലാതാക്കും. നിങ്ങൾ വാങ്ങുന്ന ഉത്പന്നങ്ങളിൽ എന്തെല്ലാം അടങ്ങിയിരിക്കുന്നുവെന്ന് മനസിലാക്കി നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകി ആരോഗ്യത്തിന് അപകടമില്ലാത്ത സാധനങ്ങളാകണം തെരഞ്ഞെടുക്കേണ്ടതെന്ന് ഡോക്ടർ ഉപദേശിക്കുന്നു.
Content Highlights: Cancer doctors warns that the detergents and cleaners you used may act as Slow poison