ഓൺലൈനിൽ ഓഡർ ചെയ്ത 100 രൂപയുടെ രാഖി എത്തിച്ചില്ല, ആമസോണിന് 40,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

2019 ഓഗസ്റ്റ് 2 ന് ആയിരുന്നു ആമസോണിന്റെ വെബ്സൈറ്റ് വഴി തന്റെ അനന്തരവന് വേണ്ടി മുംബൈ സ്വദേശിനി രാഖി ഓഡർ ചെയ്തത്

dot image

ഓൺലൈൻ ആയി ഓഡർ ചെയ്ത 100 രൂപയുടെ രാഖി എത്തിക്കാതിരുന്ന ഓൺലൈൻ ഷോപ്പിങ് സൈറ്റായ ആമസോണിന് വൻ തുക പിഴയിട്ട് മുംബൈയിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. നഷ്ടപരിഹാരവും നിയമപരമായ ചെലവുകളും ഉൾപ്പെടെ നാൽപ്പതിനായിരം രൂപയാണ് കോടതി പിഴ ചുമത്തിയത്. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് സമീന്ദര ആർ സർവെയും സമീർ എസ് കാംബ്ലെയും അടങ്ങുന്ന ഉപഭോക്തൃ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

2019-ൽ തന്റെ അനന്തരവന് വേണ്ടി ഓഡർ ചെയ്ത രാഖി ആമസോൺ ഡെലിവറി ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി മുംബൈ സ്വദേശിനി നൽകിയ പരാതിയിലാണ് ഉപഭോക്തൃ കോടതി വിധി പുറപ്പെടുവിച്ചത്. 100 രൂപ വിലയുള്ള 'മോട്ടു പട്ലു കിഡ്സ് രാഖി' ആയിരുന്നു സ്ത്രീ ഓഡർ ചെയ്തത്. എന്നാൽ ഡെലിവറി ചെയ്യുമെന്ന് പറഞ്ഞ തീയതിക്ക് തലേദിവസം മുന്നറിയിപ്പ് ഇല്ലാതെ ഓഡർ ക്യാൻസൽ ചെയ്യുകയും 100 രൂപ റീഫണ്ട് ചെയ്യുകയുമായിരുന്നു.

2019 ഓഗസ്റ്റ് 2 ന് ആയിരുന്നു ആമസോണിന്റെ വെബ്സൈറ്റ് വഴി തന്റെ അനന്തരവന് വേണ്ടി മുംബൈ സ്വദേശിനി രാഖി ഓഡർ ചെയ്തത്. തുടർന്ന് 2019 ഓഗസ്റ്റ് 8 നും 13 നും ഇടയിൽ ഉൽപ്പന്നം വിതരണം ചെയ്യുമെന്ന് ആമസോൺ അറിയിക്കുകയും ചെയ്തു. ജൂലൈ 25 ന് ഉൽപ്പന്നം ഷിപ്പ് ചെയ്തതായി ട്രാക്കിങ് ഐഡി കാണിക്കുകയും ഡെലിവറി ഒരു കൊറിയർ കമ്പനിയെ ഏൽപ്പിച്ചതായും അറിയിച്ചിരുന്നു.

പിന്നീട് ആമസോൺ ഓർഡർ റദ്ദാക്കുകയും 2019 ഓഗസ്റ്റ് 14 ന് ഉപഭോക്താവ് രാഖിക്കായി നൽകിയ 100 രൂപ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ നൽകുകയും ചെയ്തു.തുടർന്നാണ് മുംബൈ സ്വദേശിനി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് നൽകിയത്. പിന്നീട് ഉപഭോക്തൃ കോടതിയെ സമീപിക്കുകയും നഷ്ടപരിഹാരമായി 4.5 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.


എന്നാൽ തങ്ങൾ ഒരു ഒരു ഓൺലൈൻ മാർക്കറ്റ്‌പ്ലേസ് മാത്രമാണെന്നും മൂന്നാം കക്ഷി വിൽപ്പനക്കാരുടെ വീഴ്ച്ചയ്ക്ക് തങ്ങൾ ഉത്തരവാദികൾ അല്ലെന്നുമായിരുന്നു വാദം. എന്നാൽ മുംബൈ സ്വദേശിനിയിൽ നിന്ന് പണം സ്വീകരിച്ച ആമസോൺ രാഖി വിൽപ്പനക്കാരന് കാശ് നൽകിയിരുന്നില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു.

ഇടപാടിന് ആമസോൺ തന്നെയാണ് ഉത്തരവാദിയെന്നും വെറുമൊരു ഫെസിലിറ്റേറ്റർ മാത്രമല്ലെന്നും കമ്മീഷൻ വ്യക്തമാക്കി. എന്നാൽ 4.5 ലക്ഷം നഷ്ടപരിഹാരം നൽകാൻ സാധിക്കില്ലെന്നും കേസ് തുടരുന്നതിനുള്ള ചെലവായി 10,000 രൂപയും നഷ്ടപരിഹാരമായി 30,000 രൂപയും മാത്രമേ നൽകാൻ സാധിക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി. 60 ദിവസത്തിനുള്ളിൽ ഈ നഷ്ടപരിഹാരം നൽകണമെന്നും കൃത്യസമയത്ത് പണം നൽകിയില്ലെങ്കിൽ, പണം അടയ്ക്കുന്നതുവരെ പ്രതിവർഷം 6 ശതമാനം പലിശ ബാധകമാകുമെന്നും ഉപഭോക്തൃ കോടതി കൂട്ടിച്ചേർത്തു.

'ഓൺലൈൻ മാർക്കറ്റ് പ്ലേസ് (ആമസോൺ/ഓപ്പോസിറ്റ് പാർട്ടി) ഓരോ തവണയും ഒരു ഉപഭോക്താവ് അതിന്റെ വെബ്സൈറ്റിൽ ക്ലിക്കുചെയ്യുമ്പോൾ വരുമാനം നേടുന്നുണ്ട്. ബന്ധപ്പെട്ട ഉൽപ്പന്നത്തിന്റെ ഓർഡർ സ്വീകരിക്കുന്നതിന് മുമ്പ് വിൽപ്പനക്കാരന്റെ സ്ഥാനം, സ്റ്റാറ്റസ് എന്നിവ പരിശോധിക്കേണ്ടത് ആമസോണിന്റെ കടമയാണ്. പറഞ്ഞ ഉൽപ്പന്നം വിതരണം ചെയ്യാത്തതിന്റെ അനന്തരഫലങ്ങൾക്ക് അവർ ബാധ്യസ്ഥരാണ്, അങ്ങനെ ചെയ്യാതിരിക്കുന്നത് അവരുടെ സേവനത്തിലെ പോരായ്മയാണ്,' എന്നാണ് വിധി ന്യായത്തിൽ പറയുന്നത്.

അതേസമയം 'സഹോദരന്റെ മകനുവേണ്ടിയാണ് രാഖി ഓർഡർ ചെയ്തതെന്നും അത് വിതരണം ചെയ്യാത്തത് തനിക്ക് വൈകാരികമായി വേദനയും പീഡനവും ഉണ്ടാക്കി എന്നും പ്രസ്താവിക്കുന്നതിന് പുറമെ മറ്റ് വ്യക്തമായ തെളിവുകൾ പരാതിക്കാരി ഹാജരാക്കിയിട്ടില്ല. രാഖി പൊതു വിപണിയിൽ ലഭ്യമല്ലാത്ത ഒരു ഉൽപ്പന്നമല്ലെന്ന് രേഖപ്പെടുത്തേണ്ടത് പ്രസക്തമാണ്. എന്നിരുന്നാലും, സേവനത്തിലെ പോരായ്മയ്ക്ക് പരാതിക്കാരി കേസ് നൽകിയതിനാൽ, ന്യായമായ നഷ്ടപരിഹാരത്തിന് അവർ അർഹയാണ്,' എന്നും കോടതി വ്യക്തമാക്കി.

Content Highlights: Consumer court fines Amazon Rs 40,000 for not delivering Rs 100 Rakhi ordered online

dot image
To advertise here,contact us
dot image