
ചില സിനിമകളും അതിലെ കഥാപാത്രങ്ങളും നമ്മളെ കാലങ്ങളോളം വേട്ടയാടാറുണ്ടല്ലോ…? ചിലത് നമുക്ക് സുഖമുള്ള ഓർമ്മകൾ നൽകും, ചിലത് നമ്മളെ കാലങ്ങളോളം വേട്ടയാടും. അത്തരത്തിൽ നമ്മളിൽ വലിയ ആഘാതങ്ങൾ ഉണ്ടാക്കുന്ന സിനിമകൾ യഥാർത്ഥത്തിൽ നടന്ന സംഭവം ആണെന്ന് അറിയുമ്പോഴോ ? അത്തരത്തിൽ കാണികളുടെ മനസ്സ് നൊമ്പരപ്പെടുത്തിയ ഒരു സിനിമയാണ് ഇപ്പോൾ ചർച്ചയാവുന്നത്. അടുത്തിടെ സമാപിച്ച വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2025-ൽ അഭിമാനകരമായ സിൽവർ ലയൺ അവാർഡ് നേടിയ ഈ സിനിമയ്ക്ക് ഫെസ്റ്റിവലിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ കൈയ്യടികളാണ് ലഭിച്ചത്. 23 മിനിറ്റോളം നീണ്ട് നിന്ന് ആ കൈയ്യടികൾക്ക് പിന്നിൽ വിങ്ങുന്ന ഒരു യഥാർത്ഥ കഥയുടെ പശ്ചാത്തലമുണ്ട്. ഗാസയുടെ കണ്ണീരായി മാറിയ ഒരു കൊച്ചു കുഞ്ഞിൻ്റെ ജീവിത കഥയുടെ പശ്ചാത്തലം.
ടുണീഷ്യൻ സംവിധായകൻ കൗതർ ബെൻ ഹാനിയയുടെ 'ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്' എന്ന ചിത്രമാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. ഗാസയിൽ നിന്നുള്ള അഞ്ച് വയസ്സുകാരി ഹിന്ദ് റജബ് എന്ന പലസ്തീൻ പെൺകുട്ടിയുടെ ജീവിതത്തിലെ അവസാന മണിക്കൂറുകളാണ് ചിത്രം പറഞ്ഞു വെക്കുന്നത്. രണ്ട് വർഷം മുമ്പ് ഇസ്രയേൽ ആക്രമണം ഭയന്ന് കുഞ്ഞ് ഹിന്ദും കുടുംബവും ഗാസ സിറ്റിയിൽ നിന്ന് പലായനം ചെയ്യുന്നതിനിടെയാണ് അവരുടെ കാറിന് നേരെ ആക്രമണമുണ്ടാകുന്നത്. ഹിന്ദിൻ്റെ അമ്മാവനും അമ്മായിയും മൂന്ന് ബന്ധുക്കളും ആക്രമണത്തിൽ തൽക്ഷണം കൊല്ലപ്പെട്ടു. എന്നാൽ ഹിന്ദും അവളുടെ ഒരു ബന്ധുവും ആദ്യ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. കാറിൽ തന്നെ തുടർന്ന ഹിന്ദ് സഹായത്തിനായി പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയെ (പിആർസിഎസ്) വിളിച്ചു. ഭയന്ന് വിറച്ച ശബ്ദത്തോടെ ഹിന്ദ് രക്ഷാപ്രവർത്തകരോട് തങ്ങൾ ഒരു ഇസ്രായേലി ടാങ്കിന്റെ ആക്രമണത്തിന് ഇരയാകുന്ന വിവരം അറിയിച്ചു.
നിമിഷങ്ങൾക്കുള്ളിൽ അവളുടെ കണമുന്നിൽ വെച്ച് കൂടെയുണ്ടായിരുന്ന ബന്ധുവായ പെൺകുട്ടിയും കൊല്ലപ്പെട്ടു. മരണത്തിന് മുന്നിൽ ഹിന്ദ് ഒറ്റപ്പെട്ടു. മണിക്കൂറുകളോളം അവൾ രക്ഷപ്രവർത്തകരുമായി ഫോണിൽ സംസാരിച്ചു. രക്ഷയ്ക്കായി കേഴുന്ന അവളുടെ കുഞ്ഞ് ചുണ്ടുകൾ പെട്ടെന്ന് നിലച്ചു. പിആർസിഎസ് പാരാമെഡിക്കുകൾ എത്തിയപ്പോഴേക്കും അവളും കൊല്ലപ്പെട്ടിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, റജബ് സഞ്ചരിച്ച കാറിൽ 335 വെടിയുണ്ടകൾ പതിച്ചിരുന്നു. നിഷ്കരുണം കൊല്ലപ്പെടുന്നതിന് മുമ്പ്, ബന്ധുക്കളുടെ മൃതദേഹങ്ങൾക്കിടയിൽ ഒളിച്ചിരിക്കുകയായിരുന്നു ഹിന്ദ്. എന്നാൽ ആർക്കും അവളെ രക്ഷിക്കാനായില്ല.
ഗാസയുടെ കണ്ണീരിൻ്റെ പ്രതീകമായി കുഞ്ഞ് ഹിന്ദിൻ്റെ മരണം മാറി. പ്രദേശത്ത് സൈനികരില്ലെന്ന് അവകാശപ്പെട്ടുകൊണ്ട് ഇസ്രായേലി അധികൃതർ തുടക്കത്തിൽ ഉത്തരവാദിത്തം നിഷേധിച്ചു. എന്നാൽ വാഷിംഗ്ടൺ പോസ്റ്റ്, സ്കൈ ന്യൂസ്, ഫോറൻസിക് ആർക്കിടെക്ചർ എന്നിവയുടെ അന്വേഷണത്തിൽ പിന്നീട് ഇസ്രായേലി ടാങ്കുകൾ അവിടെയുണ്ടായിരുന്നുവെന്നും ഹിന്ദിന്റെ കാറിലും ആംബുലൻസിലും വെടിയുതിർത്തിരിക്കാമെന്നും റിപ്പോർട്ടുകൾ വന്നു. കാറിനകത്തുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണ പൗരന്മാരെ സൈനികർക്ക് കാണാൻ കഴിയുമായിരുന്നു എന്നും തെളിവുകൾ ചൂണ്ടിക്കാണിച്ചു.
സിനിമയ്ക്ക് ഹിന്ദിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനോ അവർക്കെതിരെ നടന്ന അതിക്രമങ്ങളെ മായ്ച്ചുകളയാനോ കഴിയില്ലെങ്കിലും, അവരുടെ ശബ്ദം സംരക്ഷിക്കാനും ഒരു ജനതയുടെ മുഴുവൻ കഷ്ടപ്പാടുകളും ഉയർത്തിക്കാട്ടാനും അതിന് കഴിയുമെന്നായിരുന്നു വെനീസിലെ തന്റെ സ്വീകരണ പ്രസംഗത്തിൽ കൗതർ ബെൻ ഹാനിയ പറഞ്ഞത്. 'വോയ്‌സ് ഓഫ് ഹിന്ദ് റജബ്' ഹിന്ദിന്റെ അവസാന വാക്കുകൾ സൂക്ഷിച്ച് വെയ്ക്കുക മാത്രമല്ല ചെയ്യുന്നത് മറിച്ച് വളരെ വേഗം നിശബ്ദമാക്കപ്പെട്ട ഒരു കുട്ടിയുടെ ശബ്ദത്തെക്കുറിച്ച് ലോകത്തെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. ഹിന്ദിനുള്ള ആദരാഞ്ജലി എന്നതിലുപരി ചുമതലയെക്കുറിച്ചുള്ള ഒരു അഭ്യർത്ഥന കൂടിയാണ് ഈ ചിത്രം. ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിലെ ഓരോ സ്ഥിതിവിവരക്കണക്കിനും പിന്നിൽ ഒരു ജീവിതം, ഒരു കുടുംബം, ഒരു ഭാവി അർഹിക്കുന്ന ഒരു കുട്ടി എന്നിവയെല്ലാം ഉണ്ടെന്നും ഈ ചിത്രം ഓർമ്മപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.
Content Highlights- 335 bullets, hours spend in mid of dead bodies, finally death, the girl who became the tear of Gaza