
സൗത്ത് ചൈന മോർണിങ് പോസ്റ്റിൽ വന്നൊരു വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചയായിരിക്കുന്നത്. ജാതിയോ മതമോ പ്രായമോ പ്രണയത്തിനൊരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ജപ്പാനിൽ നിന്നുള്ള ഈ കമിതാക്കൾ. 23കാരനായ കോഫുവിന് പ്രണയം തോന്നിയത് സഹപാഠിയുടെ 83കാരിയായ മുത്തശ്ശി ഐക്കോയോടാണ്. ഇരുവരും പ്രണയത്തിലായിട്ട് ആറു മാസം മാത്രമേ ആയിട്ടുള്ളു.
കോഫു, ബിരുദം നേടിയ ശേഷം ഇപ്പോഴൊരു ഡിസൈൻ കമ്പനിയിൽ ഇന്റേണായി ജോലി ചെയ്യുകയാണ്. ഒരു ദിവസം സുഹൃത്തിനൊപ്പം ഐക്കോയുടെ വീട്ടിലെത്തിപ്പോഴാണ് അവരോട് പ്രണയം ഉണ്ടായതെന്ന് കോഫു പറയുന്നു. വലിയൊരു ബൊട്ടാണിക്കൽ ഗാർഡന്റെ ഉടമയായ ഐക്കോ ഹോർട്ടികൾച്ചറിസ്റ്റായി ജോലി ചെയ്തിരുന്ന വ്യക്തിയാണ്. ഇപ്പോൾ ഇരുവരും കടുത്ത പ്രണയത്തിലാണ്. മുമ്പ് രണ്ട് തവണ വിവാഹിതയായ ഐക്കോയ്ക്ക് ഒരു മകനും ഒരു മകളും, അഞ്ച് ചെറുമക്കളുമാണ് ഉള്ളത്. ഡിവോഴ്‌സിന് ശേഷം മകനൊപ്പമായിരുന്നു അവർ താമസിച്ചു വന്നത്.
സമൂഹമാധ്യമത്തിൽ ഇരുവരുടെയും വീഡിയോ ഇപ്പോൾ വൈറലായിട്ടുണ്ട്. ഇതിൽ ഐക്കോയുടെ കൈയും പിടിച്ച് കോഫു നിൽക്കുന്നത് കാണാം. കൈയിൽ നെയിൽപോളിഷ് അണിഞ്ഞ്, മുടിയൊക്കെ മുറിച്ച് സുന്ദരിയായിട്ടുണ്ട് ഐക്കോ. കണ്ടമാത്രയിൽ തന്നെ കോഫുവിനോട് ഇഷ്ടം തോന്നിയതായി ഐക്കോയും പറയുന്നു.
അറുപത് വർഷത്തെ പ്രായവ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്. ഐക്കോയുടെ ചെറുമകൾ ഡിസ്‌നിലാൻഡിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്തു. എന്നാൽ അവസാന നിമിഷം അവൾക്ക് പോകാൻ സാധിച്ചില്ല. എന്നാൽ കോഫുവും ഐക്കോയും യാത്ര പോകാൻ തീരുമാനിച്ചു. ഇതോടെയാണ് പ്രണയം കൂടുതൽ ശക്തമായത്. സൂര്യാസ്തമയ സമയം സിൻഡ്രല കാസിലിൽ നിന്നപ്പോൾ കോഫു തന്റെ പ്രണയം ഐക്കോയോട് തുറന്നു പറഞ്ഞു. അതായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷമെന്നാണ് ഐക്കോ പറയുന്നത്.
നിലവിൽ ഇരുവരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ കോഫുവിന്റെ വീട്ടിലാണോ ഐക്കോയുടെ വീട്ടിലാണോ ഇവർ താമസിക്കുന്നത് എന്ന് വ്യക്തമല്ല. ഇവരുടെ ബന്ധം തുറന്നുപറഞ്ഞതോടെ ഇരു കുടുംബങ്ങളും സന്തോഷത്തോടെ പിന്തുണയ്ക്കുകയാണ് ചെയ്തത്.
പ്രണയദിനത്തിലാണ് ഇരുവരുടെയും ഫസ്റ്റ് ആനിവേഴ്‌സറി. ഇപ്പോൾ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും രാവിലെ എഴുന്നേൽക്കുമ്പോൾ ഐക്കോയുടെ മുഖം കാണുക എന്നതാണ് എല്ലാ ദിവസത്തെയും ഏറ്റവും നല്ല നിമിഷമെന്നും കോഫു പറയുന്നു. ജോലിക്കായി പോകുമ്പോൾ കോഫുവിനെ മിസ് ചെയ്യാറുണ്ടെന്നും തന്റെ പങ്കാളിക്കായി ഭക്ഷണമുണ്ടാക്കി കാത്തിരിക്കുന്നതാണ് തന്റെ ഊർജ്ജമെന്നും ഐക്കോയും പറയുന്നു.
Content Highlights: 23year old man fell in love with classmates 83year old grandma in Japan