
ജൂൺ-ജൂലൈ മാസങ്ങളിലായി നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് ഇന്ത്യയിൽ തിരിച്ചെത്തി. ഉടൻ തന്നെ ചികിത്സയ്ക്കായി താരം ബെംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിലേക്ക് പോകും. പരിക്കിനെ തുടർന്ന് ഇംഗ്ലണ്ടിൽ തുടരുകയായിരുന്ന റിഷഭ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്.
ഒക്ടോബറിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ കളിക്കുകയാണ് റിഷഭ് പന്ത് ലക്ഷ്യമിടുന്നത്. വിൻഡീസ് പരമ്പര കളിക്കാനായില്ലെങ്കിൽ ഒക്ടോബർ-നവംബർ മാസങ്ങളിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലാകും റിഷഭ് ദേശീയ ടീമിലേക്ക് മടങ്ങിയെത്തുക.
ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയ്ക്കിടെ പന്തിൻ്റെ കാൽപാദത്തിലായിരുന്നു പരിക്കേറ്റത്. ദിവസങ്ങൾക്ക് മുമ്പാണ് താരം മുംബൈയിലെത്തിയത്. പിന്നാലെ വൈദ്യവിദഗ്ദ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് പന്തിന് ബെംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ ഫിസിയോതെറാപ്പി തുടങ്ങാൻ തീരുമാനമായത്.
ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫി ക്രിക്കറ്റ് പരമ്പരയിലെ നാലാം ടെസ്റ്റിന്റെ ആദ്യ ദിവസം ക്രിസ് വോക്സിന്റെ പന്ത് കാലിൽ കൊണ്ടാണ് റിഷഭിന് പരിക്കേറ്റത്. പിന്നാലെ താരം ഇന്നിങ്സ് അവസാനിപ്പിച്ച് മടങ്ങുകയും ചെയ്തു. പിറ്റേന്ന് താരം വീണ്ടും ബാറ്റിങ്ങിനിറങ്ങിയിരുന്നു. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ റിഷഭ് കളിച്ചതുമില്ല.
Content Highlights: Rishabh Pant returns to India, meets specialist in Mumbai