
എസ് എസ് രാജമൗലി ഒരുക്കി പ്രഭാസ് നായകനായി എത്തിയ വമ്പൻ സിനിമയാണ് ബാഹുബലി. ചിത്രത്തിൽ രമ്യ കൃഷ്ണൻ അവതരിപ്പിച്ച ശിവഗാമി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. നടി ശ്രീദേവി ആയിരുന്നു ഈ കഥാപാത്രം ആദ്യം അവതരിപ്പിക്കാനിരുന്നത്. എന്നാൽ അവർ സിനിമയിൽ നിന്ന് പിന്മാറിയിരുന്നു. നിർമാതാക്കൾ സൃഷ്ടിച്ച ആശയക്കുഴപ്പം കാരണം ആണ് ശ്രീദേവിയ്ക്ക് ബാഹുബലിയിൽ അഭിനയിക്കാൻ സാധിക്കാതെ പോയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടിയുടെ ഭർത്താവും നിർമാതാവുമായ ബോണി കപൂർ. ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സിനിമയിൽ ശ്രീദേവിക്ക് കിട്ടിയ പ്രതിഫലത്തേക്കാൾ കുറഞ്ഞ തുകയായിരുന്നു ബാഹുബലിയുടെ നിർമാതാക്കൾ ഓഫർ ചെയ്തതെന്നും ബോണി കപൂർ വ്യക്തമാക്കി.
'നിർമ്മാതാക്കൾ സൃഷ്ടിച്ച ആശയക്കുഴപ്പം കാരണം ആണ് ശ്രീദേവിയ്ക്ക് ബാഹുബലിയിൽ അഭിനയിക്കാൻ സാധിക്കാതെ പോയത്. രാജമൗലി ഞങ്ങളുടെ വീട്ടിലേക്ക് വരുകയും റോളിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും സംസാരിക്കുകയും ചെയ്തിരുന്നു. പ്രതിഫലത്തെക്കുറിച്ചുള്ള ചർച്ചകൾക്കായി നിർമാതാക്കൾ വന്നപ്പോൾ അദ്ദേഹം റൂമിന് പുറത്തേക്ക് പോയി. ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സിനിമയിൽ ശ്രീദേവിക്ക് കിട്ടിയ പ്രതിഫലത്തേക്കാൾ കുറഞ്ഞ തുകയായിരുന്നു നിർമാതാക്കൾ ഓഫർ ചെയ്തത്.
ശ്രീദേവി ഒരിക്കലും ഒരു സ്ട്രഗ്ലിങ് സ്റ്റാർ അല്ല. അവളെ കാസ്റ്റ് ചെയ്യുന്നത് വഴി തമിഴിലും ഹിന്ദിയിലും സിനിമയ്ക്ക് ഒരു റീച്ച് ഉണ്ടാകും. അതിനെ അവർ ബഹുമാനിച്ചില്ലെങ്കിൽ എന്തിനാണ് ആ സിനിമ ചെയ്യുന്നത്. പക്ഷെ ഈ കാര്യം നിർമാതാക്കൾ രാജമൗലിയോട് പറഞ്ഞില്ല. ഹോട്ടൽ റൂമിന്റെ മുഴുവൻ ഫ്ലോറും ഞങ്ങൾക്ക് ബുക്ക് ചെയ്തു തരാം എന്ന് തുടങ്ങിയ കാരണങ്ങളാണ് അവർ രാജമൗലിയോട് പറഞ്ഞത്. കുട്ടികൾക്ക് അവധി വരുന്ന സമയത്ത് ശ്രീദേവിയുടെ പ്രധാന ഭാഗങ്ങൾ ഷൂട്ടിംഗ് വെച്ചാൽ നന്നാകും എന്ന ഒറ്റ ആവശ്യം മാത്രമാണ് ഞങ്ങൾ മുന്നോട്ട് വെച്ചത്', ബോണി കപൂറിന്റെ വാക്കുകൾ.
റിലീസ് സമയത്ത് ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി ബാഹുബലി മാറിയിരുന്നു. ബാഹുബലി : ദ ബിഗിനിങ് ബോക്സ്ഓഫീസിൽ ₹650 കോടി രൂപ നേടിയിരുന്നു. 2017 ൽ പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗം 562 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. ബാഹുബലിയുടെ കഥ എഴുതിയത് എസ്.എസ്. രാജമൗലിയുടെ പിതാവ് വി. വിജയേന്ദ്ര പ്രസാദ് ആണ്.
content highlights: boney kapoor explains why sridevi lost her role in baahubali