നിങ്ങളുടെ ഓഫീസിലുണ്ടോ അസൂയാലുവായ, മനസമാധാനം തകര്‍ക്കുന്ന ഒരു സഹപ്രവര്‍ത്തകന്‍; ഇങ്ങനെ കൈകാര്യം ചെയ്യൂ

നമ്മുടെ മാനസിക നില തന്നെ തെറ്റിച്ചേക്കാവുന്ന രീതിയിലായിരിക്കും ഇവരുടെ പ്രവൃത്തികള്‍.

നിങ്ങളുടെ ഓഫീസിലുണ്ടോ അസൂയാലുവായ, മനസമാധാനം തകര്‍ക്കുന്ന ഒരു സഹപ്രവര്‍ത്തകന്‍; ഇങ്ങനെ കൈകാര്യം ചെയ്യൂ
dot image

സൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലെന്ന് പണ്ടുള്ളവര്‍ പറയും. കഷണ്ടിയെ മറികടക്കാന്‍ നൂതന ചികിത്സാരീതികള്‍ നാം കണ്ടുപിടിച്ചുകഴിഞ്ഞു. പക്ഷെ, അസൂയ അതില്ലാതാക്കാന്‍ പ്രത്യേകിച്ച് മരുന്നൊന്നും കണ്ടെത്തിയിട്ടില്ല. തന്നെയുമല്ല അതെല്ലാം ഒരു മനുഷ്യന്റെ മനോനിലയും ചിന്താരീതിയും അടിസ്ഥാനമായി രൂപം കൊള്ളുന്ന വികാരമായതിനാല്‍ മരുന്ന് കണ്ടെത്തുക എന്നുള്ളത് അത്രയ്ക്കങ്ങ് എളുപ്പവുമല്ല. പേഴ്‌സണല്‍ ജെലസി, പ്രൊഫഷണല്‍ ജെലസി തുടങ്ങി പല പല പേരുകളില്‍ ഈ അസൂയയെ നാം പല വിഭാഗങ്ങളാക്കി തിരിക്കാറുമുണ്ട്. ഒരു വ്യക്തിയുടെ ഉയര്‍ച്ച സഹിക്കാതെ വരുന്നതാണ,് അത് ഏത് തരത്തിലുള്ള ഉയര്‍ച്ചയാണെങ്കിലും, പ്രധാനമായും ഈ അസൂയയുടെ അടിത്തറ. ഇതില്‍ പലപ്പോഴും തലവേദനയാകാറുള്ളത് തൊഴിലിടത്തിലെ അസൂയക്കാരാണ്.

ഓഫീസ് മീറ്റിങ്ങുകളില്‍ പറയുന്ന ആശയങ്ങള്‍ അട്ടിമറിക്കുക, അപവാദ പ്രചരണം നടത്തുക, പ്രമോഷനുകള്‍ ഉള്‍പ്പെടെ തടയുക, വ്യക്തിഹത്യ നടത്തുക തുടങ്ങി നിഷ്‌ക്രിയമെന്ന് തോന്നുന്ന എന്നാല്‍ നമ്മുടെ മാനസിക നില തന്നെ തെറ്റിച്ചേക്കാവുന്ന രീതിയിലായിരിക്കും ഇവരുടെ പ്രവൃത്തികള്‍. അസൂയയ്‌ക്കെതിരെ പരാതി കൊടുക്കാന്‍ വകുപ്പില്ലാത്തതുകൊണ്ട് ഇത് സഹിക്കുക എന്നുള്ളത് മാത്രമാണ് ഇരയാക്കപ്പെടുന്നവന്റെ വിധി. എന്നാല്‍ ചില കാര്യങ്ങള്‍ ചെയ്താല്‍ ഇവയെ ഒരു പരിധിവരെ നമുക്ക് പ്രതിരോധിക്കാനാവും.

പ്രൊഫഷണലായും ശാന്തമായും നേരിടുക

നിങ്ങളുടെ ആറ്റിറ്റിയൂഡ് ആണ് നിങ്ങളുടെ ഔന്നിത്യം നിശ്ചയിക്കുന്നത്. നിങ്ങളോട് ആ വ്യക്തി എങ്ങനെയാണോ പെരുമാറുന്നത് അതേ രീതിയിലായിരിക്കരുത് തിരിച്ചുള്ള പെരുമാറ്റം. ചില ഘട്ടങ്ങളിലെങ്കിലും നിയന്ത്രണം കൈവിട്ടുപോകാന്‍ സാധ്യതയുണ്ടെങ്കിലും മനഃശക്തിയോടെ അത്തരം സാഹചര്യങ്ങളെ നേരിടുക. ജോലിയിലൂടെ മാത്രം അത്തരം അപവാദങ്ങള്‍ക്ക് മറുപടി നല്‍കുക. അവരോട് തിരികെ മര്യാദയോടെ മാത്രം പെരുമാറുക. ആ മര്യാദയാണ് അവര്‍ക്കുള്ള കൃത്യമായ മറുപടി. സംഭവങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി വയ്ക്കുന്നതും അഥവാ വിഷയം എച്ച്ആറിലേക്ക് വരെ എത്തുന്ന സാഹചര്യം ഉണ്ടായാല്‍ നിങ്ങളെ സഹായിക്കും.

വ്യക്തിഗത പങ്കുവയ്ക്കലുകള്‍ തൊഴിലിടത്തില്‍ വേണ്ട

എല്ലാ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളല്ല. അതിനാല്‍ തന്നെ വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവയ്ക്കുന്നത് അത്ര നല്ല ശീലമല്ല. വ്യക്തിപരമായ കാര്യങ്ങള്‍ പുറത്തുപറഞ്ഞ് നിങ്ങളെ ആക്രമിക്കുന്നത് തടയാന്‍ നിങ്ങള്‍ അക്കാര്യങ്ങള്‍ പങ്കുവയ്ക്കാതിരിക്കുക മാത്രമാണ് പോംവഴി. തൊഴിലിടത്തിലെ സംസാരം എല്ലായ്‌പ്പോഴും ജോലിയെക്കുറിച്ചായിരുന്നാല്‍ കൂടുതല്‍ നല്ലത്. അപ്പോഴും പ്രൊഷണല്‍ ജീവിതത്തിലെ പേഴസനല്‍ സംഗതികള്‍ പങ്കുവയ്ക്കാതെ ഇരിക്കുന്നത് തന്നെയാണ് ഉചിതം.

ദിശ തെറ്റിക്കുക, ശ്രദ്ധ നഷ്ടപ്പെടുത്തുക അസൂയക്കാരുടെ പ്രധാന മാര്‍ഗം ഇതാണ്. സ്വാഭാവികമായും അവര്‍ നിങ്ങള്‍ക്കെതിരെ പ്രയോഗിക്കുന്ന ആയുധങ്ങളിലേക്ക് ശ്രദ്ധ തിരിഞ്ഞാല്‍ നിങ്ങളുടെ പ്രാഥമിക ലക്ഷ്യത്തില്‍ നിന്ന് അറിയാതെ വ്യതിചലിക്കപ്പെടാം. നിങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ തന്നെ സംസാരിക്കണം എന്നതുപോലെ നിങ്ങളുടെ ജോലിയും സംസാരിക്കണം. അതിനിടയില്‍ ശ്രദ്ധ തെറ്റിക്കാന്‍ വരുന്ന ഇത്തരം അസൂയക്കാരെ അവഗണിക്കുക തന്നെ വേണം.

തൊഴിലിടത്തിലെ ആരോഗ്യകരമായ ബന്ധങ്ങള്‍

സഹപ്രവര്‍ത്തകരുമായുള്ള ആരോഗ്യകരമായ ബന്ധങ്ങളാണ് ഓഫീസ് പൊളിറ്റിക്‌സില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം. തൊഴിലിടത്തില്‍ വിശ്വാസ്യത നേടിയെടുക്കാന്‍ സാധിക്കണം. നിങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഒരു സുഹൃദ്‌സംഘം ഉണ്ടെങ്കില്‍ അസൂയാലുക്കള്‍ക്ക് അങ്ങനെയങ്ങ് കയറി വിജയിക്കാനാവില്ല.

പ്രശ്‌നങ്ങള്‍ സമാധാനപൂര്‍വം പരിഹരിക്കുക

അസൂയ ഉപദ്രവത്തിലേക്കെത്തിക്കഴിഞ്ഞാല്‍ ആ പ്രശ്‌നത്തെ സമാധാനപരമായി നേരിടാന്‍ പഠിക്കുക എന്നുള്ളത് പ്രധാനമാണ്. ആ സാഹചര്യം പ്രൊഫണലി വേണം കൈകാര്യം ചെയ്യാന്‍. ആഴത്തിലുള്ള പ്രശ്‌നമാണെങ്കില്‍ വൈകാതെ അതേ നാണയത്തില്‍ തിരിച്ചടിക്കാതെ എച്ച്ആറിനെ ബന്ധപ്പെടുക. അത് നിങ്ങളുടെ പ്രൊഫണലിസത്തെയാണ് കാണിക്കുന്നത്. ആത്മനിയന്ത്രണം, അതിരുകള്‍ സൃഷ്ടിക്കുക, നെറ്റ് വര്‍ക്കിങ് എന്നിവയിലൂടെ മറികടക്കാന്‍ ശ്രമിക്കേണ്ട ഒന്നാണ് അസൂയാലുക്കാളായ സഹപ്രവര്‍ത്തകരുടെ ദുഷ്‌ചെയ്തികള്‍.

Content Highlights: Ways to Handle Jealous Colleagues and Stay Confident at Work

dot image
To advertise here,contact us
dot image