
ബെഞ്ചിങ്, ഓര്‍ബിറ്റിങ്, ഗോസ്റ്റിങ്, കുഷ്യനിങ്..റിലേഷന്‍ഷിപ്പുകളില്‍ പുതിയ ടേമുകള്‍ ട്രെന്‍ഡാകുന്ന കാലമാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് മങ്കി ബാറിങ്. സംഗതി മനസ്സിലാകാന്‍ നല്ലൊരു ഉദാഹരണം പറയാം. നിങ്ങള്‍ ഒരു കോര്‍പറേറ്റീവ് സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നതെങ്കില്‍ കാര്യം പെട്ടെന്ന് മനസ്സിലാകും. അതായത്, ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കേ തന്നെ മറ്റൊരു സ്ഥാപനത്തില്‍ നല്ല അവസരങ്ങള്‍ തിരഞ്ഞുകൊണ്ടിരിക്കുക. അതിന് ജോലിയില്‍ സംതൃപ്തി ലഭിക്കുന്നില്ല, അല്ലെങ്കില്‍ കരിയറിലെ ഉയര്‍ച്ച അങ്ങനെ പലവിധ കാരണങ്ങളുണ്ടാകാം. സമാന സാഹചര്യങ്ങള്‍ ഡേറ്റിങ് ലോകത്തും നടക്കുന്നുണ്ട്, ആ ട്രെന്‍ഡിന്റെ പേരാണ് മങ്കി ബാറിങ് അഥവാ മങ്കി ബ്രാഞ്ചിങ്.
ഈ സാഹചര്യത്തില്‍ ആയിരിക്കേ, ആളുകള്‍ കൂടുതല്‍ രഹസ്യാത്മകത കാത്തുസൂക്ഷിക്കുന്നവരായി മാറും. നിലവിലെ പങ്കാളി അറിയാതെ അവര്‍ മറ്റൊരു പങ്കാളിയെ തിരഞ്ഞുകൊണ്ടിരിക്കും. വൈകാരികമായി മറ്റൊരു പിന്തുണയാകാം അവര്‍ ചിലപ്പോള്‍ തേടിക്കൊണ്ടിരിക്കുക. നിങ്ങള്‍ ചിലപ്പോള്‍ ബന്ധത്തില്‍ നൂറുശതമാനം ഇട്ടുകൊണ്ടായിരിക്കും നില്‍ക്കുക. ബന്ധം നല്ലരീതിയില്‍ പോകുന്നുവെന്ന വിശ്വാസത്തിലുമായിക്കും. എന്നാല്‍ വളരെ പെട്ടെന്നാണ് നിങ്ങള്‍ക്ക് പകരം പങ്കാളിയുടെ ജീവിതത്തില്‍ മറ്റൊരാള്‍ ഇടംപിടിച്ചതായി അറിയുക.
മങ്കി ബാറിങ് പോളിമോറി പോലെയല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഒപ്ഷനുകള്‍ കണ്ടെത്തിവയ്ക്കുകയാണ് അവര്‍ ചെയ്യുന്നത്. വൈകാരിക വഞ്ചനയെന്ന് ഇതിനെ വിശേഷിപ്പിച്ചാലും തെറ്റുപറയാനാകില്ല. കാരണം, നേരിട്ട് കാര്യം പറഞ്ഞ് പിരിയുന്നതിനേക്കാള്‍ വേദനാജനകമാണ് ഇത്തരത്തിലുള്ള വേര്‍പിരിയല്‍. സോഷ്യല്‍മീഡിയയില്‍ മങ്കി ബാറിങ് എന്ന പുതിയ ടേമില്‍ ഇത് അറിയപ്പെടാന്‍ തുടങ്ങിയത് അടുത്താണെങ്കിലും ഡേറ്റിങ് തുടങ്ങിയ കാലം മുതലുള്ളതാണ് ഈ സാഹചര്യമെന്ന് വിദഗ്ധര്‍ പറയുന്നു.
എന്തിന് ചെയ്യുന്നു?
ആളുകള്‍ക്ക് വൈകാരിക സുരക്ഷിതത്വം നഷ്ടപ്പെടുമ്പോഴാണ് ആളുകള്‍ ഇങ്ങനെ മങ്കി ബാറിന് മുതിരുന്നത്. ഭയത്തില്‍ നിന്നും ഏകാന്തതയില്‍ നിന്നുമാണ് ഇത് ഉടലെടുക്കുന്നത്. മങ്കി ബാര്‍ ചെയ്യുന്നവര്‍ അരക്ഷിതരായിരിക്കും, അവര്‍ക്ക് സ്വന്തം വൈകാരിക ആവശ്യങ്ങളെ നിറവേറ്റാന്‍ സാധിക്കുന്നുണ്ടാകില്ല. അതുകൊണ്ട് അതുനിറവേറ്റുന്നതിനായി പങ്കാളിയെ അവര്‍ ആശ്രയിക്കും.
പങ്കാളി മങ്കി ബാറിങ് ചെയ്യുന്നുണ്ടെന്ന് എങ്ങനെ കണ്ടെത്താം
വൈകാരിക അകലം കാണിക്കുക.
ഒരിക്കല്‍ താല്പര്യത്തോടെ ചെയ്തിരുന്ന സംഭാഷണങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുക.
ഭാവി കാര്യങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ വ്യക്തതയില്ലാത്ത പ്രതികരണം നല്‍കുക.
പുതിയ ഒരാളുമായി ചുറ്റിക്കറങ്ങുന്നതില്‍ സന്തോഷം കണ്ടെത്തുക
പൊതുവിടത്തില്‍ ഒന്നിച്ചുപോകാന്‍ മടിക്കുക, ഒന്നിച്ചിരിക്കാന്‍ മടിക്കുക, സോഷ്യല്‍ മീഡിയയില്‍ പോലും അകലം പാലിക്കുക.
എങ്ങനെ മറികടക്കാം
നല്ലതാണെങ്കിലും ചീത്തയാണെങ്കിലും ബ്രേക്ക് അപ്പ് എന്നും വേദന നിറഞ്ഞതുതന്നെയാണ്. വളരെ നിസാരമായി ഒരാള്‍ പറ്റിച്ചിട്ട് പോയതിനെ കുറിച്ച് സുഹൃത്തുക്കളോട് സംസാരിച്ചാലും അത് ഏല്‍പ്പിക്കുന്ന മാനസികാഘാതം വലുതായിരിക്കും.
Content Highlights: monkey-barring, the toxic dating trend