
വളർത്ത് മൃഗങ്ങളുള്ള ആളുകൾക്കെല്ലാം വേദനപ്പിക്കുന്ന കാര്യമാണ് അവയോട് ഗുഡ്‌ബൈ പറയുക എന്നത്. അവയുടെ വിടവ് നികത്താൻ നന്നേ അവർ പ്രയാസപ്പെടും. പക്ഷേ ന്യൂയോർക്കിലുള്ള ഒരു യുവതിക്ക് തന്റെ പ്രിയപ്പെട്ട വളർത്തു പൂച്ചയോട് ബൈ പറയാൻ കഴിയുമായിരുന്നില്ല. ഇതോടെ അവർ ചെയ്ത കാര്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ആരും ചിന്തക്കാത്ത, ചിന്തിച്ചാലും ചെയ്യാൻ മടിക്കുന്ന ഒരു കാര്യം. പൂച്ചയെ തന്നിൽ നിന്നും അകറ്റി നിർത്താൻ കഴിയാതത്ര ആത്മബന്ധമായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഇവർ ചെയ്തതെന്നാണ് പലരും കമന്റ് ചെയ്യുന്നതും.
മഗേൻ റിലേ, ബോഡി പിയേഴ്‌സറായാണ് ജോലി ചെയ്യുന്നത്. ഇവരാണ് തന്റെ വളർത്തുപൂച്ചയുമായി ബന്ധപ്പെട്ട ഒരു വീഡിയോ പങ്കുവച്ചത്. തന്റെ പൂച്ചയെ എന്നും ഓർക്കാനായി ആദ്യം ജീവൻനഷ്ടമായ അതിന്റെ ശരീരം ഫ്രീസ് ചെയ്തു, ശേഷം ഉണക്കി സൂക്ഷിക്കുകയാണ് മഗേൻ ചെയ്തത്. അൺബോക്‌സ് മൈ ഡെഡ് ക്യാറ്റ് വിത്ത് മി എന്ന ക്യാപ്ഷനിലാണ് ഇവർ വീഡിയോ പുറത്ത് വിട്ടത്. വീഡിയോയിൽ നന്നായി പൊതിഞ്ഞൊരു പാക്കറ്റ് ഇവർ തുറക്കുന്നത് കാണാം. അതിനുള്ളിൽ അവരുടെ പ്രിയപ്പെട്ട കറുത്ത പൂച്ചയെ നന്നായി പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു. നിറഞ്ഞ കണ്ണുകളോടെ പൂച്ചയെ കെട്ടിപ്പിടിച്ച മഗേൻ അതിന്റെ രോമങ്ങളിൽ തഴുകി ശേഷം തന്റെ ഷെൽഫിൽ അതിനെ വയ്ക്കുകയും തലയിൽ ഉമ്മ കൊടുക്കുകയും ചെയ്തു.
നിങ്ങൾ എന്തിനെ എങ്കിലും ആത്മാർത്ഥമായി സ്‌നേഹിച്ചാൽ, അതിനെ നഷ്ടപ്പെടുമ്പോൾ കുഴിച്ച് മൂടരുത്. പക്ഷേ ഇതുപോലെ സൂക്ഷിക്കണം.. എന്നേക്കും അത് പ്രതീകാത്മകമായിരിക്കുമെന്നുമാണ് അവർ പറയുന്നത്. 20 മില്യണിലധികം ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. പലതരം അഭിപ്രായങ്ങളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ചിലർ ഇങ്ങനെ ചെയ്യരുത് അതിനെ സമാധാനത്തോടെ വിശ്രമിക്കാൻ അനുവദിക്കുവെന്നും മറ്റു ചിലർ ഇത് ഭ്രാന്തമായ പ്രവൃത്തിയാണെന്നും പറയുന്നുണ്ട്. എന്നാൽ വളർത്ത് മൃഗങ്ങളുള്ളവർ ഇത്തരത്തിൽ അവരുടെ സ്‌നേഹം പ്രകടിപ്പിക്കുന്നത് സാധാരണമാണെന്നാണ് മറുവിഭാഗം പറയുന്നത്.
Content Highlights: Women froze - dried her pet cat and perfectly preserved it