
മരണം ഇതുവരെ ആര്‍ക്കും മനസിലാകാത്ത നിഗൂഢമായ രഹസ്യം തന്നെയാണ്. ഒരു വ്യക്തിയുടെ ജീവിതത്തിന്റെ അവസാന മണിക്കൂറുകള്‍ അയാള്‍ക്കും അയാളുടെ പ്രിയപ്പെട്ടവര്‍ക്കും ഒരുപോലെ വൈകാരികവും വിലപ്പെട്ടതുമാണ്. ഇതുവരെയുള്ള എല്ലാ ജീവിത യാത്രകളും വളരെ മനോഹരമാണെങ്കിലും മരണമെന്ന അവസാനമായുള്ള യാത്ര നമ്മെ കൊണ്ടുവന്ന് എത്തിക്കുന്നത് എവിടെയായിരിക്കും അല്ലേ?
മരണത്തിന് മുന്‍പ് ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന ചില ലക്ഷണങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് രോഗിക്ക് പരിചരണം നല്‍കുന്നവര്‍ക്കും രോഗിക്കും ആശ്വാസവും നല്‍കാന്‍ സഹായിക്കും. ഭയം ജനിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ചല്ല പറഞ്ഞുവരുന്നത് മറിച്ച് കാര്യങ്ങളെക്കുറിച്ചുളള അവബോധം, അനുകമ്പ, വ്യക്തിക്ക് നല്‍കേണ്ട പിന്തുണ എന്നിവയെക്കുറിച്ചാണ്. ശ്വസനത്തിലെ മാറ്റങ്ങള്‍ മുതല്‍ ചര്‍മ്മത്തിന്റെ നിറത്തിലും പ്രതികരണ ശേഷിയിലും വരെ മാറ്റങ്ങള്‍ സംഭവിക്കാം. അമേരിക്കയിലെ ഹോസ്പിസ് ഫൗണ്ടേഷനും നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യങ്ങളെക്കുറിച്ച് പറയുന്നത്.
ശ്വസന രീതിയിലുള്ള വ്യത്യാസം
നാം മരണത്തോട് അടുക്കുന്നു എന്നതിനുള്ള ഏറ്റവും ശ്രദ്ധേയമായ ലക്ഷണങ്ങളില്‍ ഒന്ന് ശ്വസനത്തിലെ മാറ്റമാണ്. ഹോസ്പിസ് ഫൗണ്ടേഷന്‍ ഓഫ് അമേരിക്കയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ശ്വസനം ക്രമരഹിതമോ, മെല്ലെയോ, ക്ഷീണിതമോ ആകാം. ചെയിന്‍- സ്റ്റോക്സ് ശ്വസനം (ചെയിന്‍-സ്റ്റോക്സ് ശ്വസനം എന്നത് അസാധാരണമായ ഒരു ശ്വസനരീതിയാണ്. ക്രമേണ ആഴമേറിയതും ചിലപ്പോള്‍ വേഗതയുള്ളതുമായ ശ്വസനവും തുടര്‍ന്ന് ശ്വസനത്തിന്റെ വേഗത കുറയുകയും ശ്വസനം താല്‍ക്കാലികമായി നിര്‍ത്തുകയും ചെയ്യുന്ന അവസ്ഥ) ഇത് സാധാരണ രീതിയാണ്.
ഈ അവസ്ഥ കണ്ടുനില്‍ക്കാന്‍ അസ്വസ്ഥത തോന്നുമെങ്കിലും മരിക്കുന്ന പ്രക്രിയയുടെ സ്വാഭാവിക ഭാഗമാണിത്. ചില ആളുകള്‍ ഇടയ്ക്കിടെ ദീര്‍ഘനേരം ശ്വസിച്ചേക്കാം. മറ്റ് ചിലര്‍ക്ക് ഇടയ്ക്കിടെ ശ്വാസം മുട്ടുന്നതായി തോന്നാം. ഇത് അസ്വസ്ഥത ഉളവാക്കുന്നതായി തോന്നുമെങ്കിലും മരണപ്പെടാന്‍ പോകുന്ന വ്യക്തി ഇതേക്കുറിച്ച് അറിയുന്നില്ല. ഇയാള്‍ അബോധാവസ്ഥയിലോ മറ്റോ ആണെങ്കില്‍ കൂടെയുളളവര്‍ ഈ മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കിയിരിക്കണം.
മരണത്തിന് മുന്‍പ് ചര്‍മ്മത്തിലും താപനിലയിലും മാറ്റങ്ങളുണ്ടാകുന്നു
ഹൃദയത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നതുകൊണ്ട് രക്തചംക്രമണം കുറയുകയും രക്ത പ്രവാഹം സുപ്രധാന അവയവങ്ങളിലേക്ക് തിരിച്ചുവിടപ്പെടുകയും ചെയ്യുന്നു. ഇത് മൂലം ചര്‍മ്മത്തിന് ദൃശ്യമായ പല മാറ്റങ്ങളും ഉണ്ടാകും.
1 കാലുകളിലോ കൈകളിലോ കാല്‍മുട്ടുകളിലോ പ്രത്യേക നിറത്തിലുളള പാടുകള്‍ പ്രത്യക്ഷപ്പെടുന്നു.
2 കൈകളിലും കാലുകളിലും സ്പര്‍ശിക്കുമ്പോള്‍ തണുപ്പ് അനുഭവപ്പെടാം
3 ശരീരത്തില്‍ ഓക്‌സിജന്‍ കുറവുണ്ടാകുന്നതുകൊണ്ട് ചുണ്ടുകള്‍, നഖങ്ങള്‍ അല്ലെങ്കില്‍ കാല്‍ വിരലുകള്‍ എന്നിവിടങ്ങളില്‍ ഇരുണ്ടനിറമുണ്ടാകുന്നു.
പ്രതികരണശേഷി കുറയുന്നു
അവസാന നിമിഷങ്ങളിലോ ദിവസങ്ങളിലോ പലരും ശബ്ദങ്ങളോട് പ്രതികരിക്കുന്നതും സംഭാഷണങ്ങളോട് പ്രതികരിക്കുന്നതും കുറയുന്നു. മിക്ക സമയത്തും കണ്ണുകള്‍ അടച്ചിരിക്കുക, അല്ലെങ്കില്‍ ചുറ്റുപാടുമുള്ളവരെ നോക്കുന്നതായി തോന്നുക. അവനവനിലേക്ക് തന്നെ ഒതുങ്ങുന്നതായി തോന്നുക എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ ഉണ്ടാകുന്നതായി നാഷ്ണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനങ്ങളില്‍ പറയുന്നു.
മരണത്തോടടുക്കുന്ന രോഗികള്‍ക്ക് ആശ്വാസം നല്‍കേണ്ടത് എങ്ങനെ
വളരെ മൃദുവായും സ്‌നേഹത്തോടെയും അവരോട് സംസാരിക്കുക.അവര്‍ സുരക്ഷിതരാണെന്നും ഒറ്റയ്ക്കല്ലെന്നും ഉറപ്പ് നല്‍കുക. 'ഞാന്‍ നിന്നോടൊപ്പം ഉണ്ട്, നീ വളരെയധികം സ്‌നേഹിക്കപ്പെടുന്നു' എന്ന് ഉറപ്പ് നല്‍കുക. അവരെ അസ്വസ്ഥപ്പെടുത്താതിരിക്കുക. അവരോട് ക്ഷമയും അനുകമ്പയും കാണിക്കുക.
Content Highlights :3 symptoms that appear 24 hours before death