
പെട്ടെന്നൊരു മേക്കോവര്‍ വേണമെന്ന് തോന്നുന്നുണ്ടോ? ഒരെളുപ്പവഴിയുണ്ട്. സ്റ്റൈലായി മുടി വെട്ടി കളര്‍ ചെയ്യുക. പക്ഷെ മുടി കളര്‍ ചെയ്യും മുന്‍പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. മുടിക്ക് നിറം നല്‍കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? എത്രത്തോളം സുരക്ഷിതമാണ്? എത്രതവണ മുടിക്ക് നിറം കൊടുക്കാം? ആരോഗ്യമുള്ള മുടി ലഭിക്കാന്‍ എന്തൊക്കെ ചെയ്യാം? എന്നെല്ലാം.
എത്ര തവണ മുടിക്ക് നിറം നല്‍കാം
മുടിക്ക് നിറം കൊടുക്കുന്നത് എല്ലാവര്‍ക്കും ഒരുപോലെ ചേരുന്ന കാര്യമല്ല. അത് നിങ്ങളുടെ മുടിയുടെ രീതി, നിറം തിരഞ്ഞെടുക്കല്‍, ഓരോ ദിവസത്തെയും പരിചരണം എന്നിങ്ങനെയുള്ള കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.
പെര്‍മനന്റ് ആയി നിറം നല്‍കിയവരാണെങ്കില്‍ ഓരോ 6-8 ആഴ്ച കൂടുമ്പോഴും മുടിയുടെ റൂട്ടില്‍ കളര്‍ ചെയ്തുകൊടുക്കാം.
സെമി പെര്‍മനന്റ് ആയി നിറം നല്‍കിയിരിക്കുന്നവരാണെങ്കില്‍ 4-6 ആഴ്ചകള്‍ കൂടുമ്പോള്‍ നിറം മങ്ങുന്നതനുസരിച്ച് കളര്‍ ചെയ്യാം.
ബ്ലീച്ച് / ലൈറ്റിനിങ് ചെയ്തിരിക്കുന്നവരാണെങ്കില്‍ 8-12 ആഴ്ച കഴിഞ്ഞ് നിറം നല്‍കിയാല്‍ മതിയാകും.
ഗ്ലോസ് / ടോണര്‍ ചെയ്തിരിക്കുന്നവരാണെങ്കില്‍ 3-4 ആഴ്ച കൂടുമ്പോള്‍ നിറം നല്‍കേണ്ടതാണ്. അത് മുടി മൃദുവാകാനും നിറം വര്‍ധിപ്പിക്കാനും സഹായിക്കുന്നു. (മുടി വരണ്ടതായി തോന്നുകയോ അറ്റം പിളരുകയോ എന്തെങ്കിലും തരത്തില്‍ നിറം മാറുകയോ ചെയ്യുന്നതായി തോന്നിയാല്‍ മുടിക്ക് നിറം നല്‍കുന്നത് നിര്‍ത്തി വയ്ക്കാം)
സെലിബ്രിറ്റികളുടെ ടിപ്‌സുകള്‍
മുടിക്ക് നിറം നല്‍കാത്ത സെലിബ്രിറ്റികള്‍ ഇല്ലെന്നുതന്നെ പറയാം. പലരും മുടി സംരക്ഷിക്കാനായി പല തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാറുമുണ്ട്. സെലിബ്രിറ്റികളായ കരീന കപൂറും പ്രിയങ്ക ചോപ്രയും ചില തലമുടി സംരക്ഷണ ടിപ്‌സുകള്‍ പങ്കുവച്ചിരുന്നു. നിറങ്ങള്‍ സംരക്ഷിക്കാന്‍ അനുയോജ്യമായ സള്‍ഫേറ്റ് രഹിത ഷാംപൂവും കണ്ടീഷണറുമാണ് കരീന കപൂര്‍ ഉപയോഗിക്കുന്നത്. ആഴ്ചതോറുമുള്ള ഹീറ്റ് സ്‌റ്റെലിംഗും വീര്യം കൂടിയ കണ്ടീഷ്ണറുകളും അവര്‍ ഒഴിവാക്കുന്നു. മാത്രമല്ല കളര്‍ ചെയ്ത മുടിയിഴകള്‍ പൊട്ടി പോകുന്നത് തടയാന്‍ ഓരോ 6-8 ആഴ്ച കൂടുമ്പോഴും മുടിയുടെ അറ്റം വെട്ടികൊടുക്കാറുണ്ട്. പുറത്ത് പോകുമ്പോള്‍ സ്‌കാര്‍ഫ് ഉപയോഗിച്ച് മുടി കവറ് ചെയ്യാനും കരീന മറക്കാറില്ല.
പ്രിയങ്ക ചോപ്ര മുടി സംരക്ഷണത്തില്‍ കൂടുതല്‍ സ്വാഭാവികമായ രീതികളാണ് സ്വീകരിക്കുന്നത്. തലയോട്ടിക്ക് പോഷണവും കരുത്തും നല്‍കാന്‍ മാസത്തില്‍ രണ്ട് തവണ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യാറുണ്ട്. ഒന്നോ രണ്ടോ ദിവസം കൂടുമ്പോള്‍ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി ഇടയ്ക്കിടെ കഴുകാറുണ്ട്. പ്രിയങ്ക ചോപ്രയുടെ സ്വന്തം ഹെയര്‍ കെയര്‍ ബ്രാന്‍ഡുകള്‍ ഉപയോഗിച്ചാണ് അവര്‍ മുടി സംരക്ഷണം നടത്തുന്നത്.
മുടിക്ക് നിറം നല്‍കുന്നതിന്റെ പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയാണെന്നറിയാം
വരള്‍ച്ച
പെര്‍മനന്റ് ഡൈകള്‍ (പ്രത്യേകിച്ച് അമോണിയ ചേര്‍ത്തത്)മുടിയുടെ പുറത്തെ തൊലി തുറക്കുകയും നിറം നല്‍കുകയും ചെയ്യും. ഈ പ്രക്രിയ മുടിയുടെ സ്വാഭാവിക എണ്ണ നീക്കം ചെയ്യുകയും മുടി വരണ്ടതാകാനും ചുരുണ്ടുപോകാനും കാരണമാകുകയും ചെയ്യും.
ദുര്‍ബലമായ ഘടന
പതിവായി നിറം നല്‍കുന്നത് മുടിയുടെ ഘടനയെ ദുര്‍ബലപ്പെടുത്തുകയും സുഷിരങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് വേഗത്തില്‍ മുടി പൊട്ടിപോകുന്നതിന് കാരണമാകുന്നു.
തലയോട്ടിയിലെ അസ്വസ്ഥതകള്‍
മുടിക്ക് നിറം നല്‍കല്‍ തലയോട്ടിയില്‍ ചൊറിച്ചില്‍, ചുവപ്പ് അല്ലെങ്കില്‍ നേരിയ രീതിയിലുള്ള പൊള്ളല്‍ ഉണ്ടാക്കും. പ്രത്യേകിച്ച് സെന്‍സിറ്റീവായ ചര്‍മ്മം ആണെങ്കില്‍.
മുടിക്ക് മങ്ങലും പൊട്ടലും
മുടിക്ക് നിറം നല്‍കിയാല്‍ കാണാന്‍ ഭംഗിയുണ്ടെങ്കിലും ഈ പ്രക്രിയ മുടിയുടെ നിറം മങ്ങാനും പൊട്ടി പോകാനും കനം കുറയാനും കാരണമാകും.
മുടി പൊട്ടിപോകുന്നു
മുടി കൊഴിയുകയാണെന്ന് തോന്നുമെങ്കിലും യഥാര്‍ഥത്തില്‍ മുടി പാതിയില്‍ വച്ച് പൊട്ടിപോകാന്‍ ഇത് ഇടയാക്കും.
ആരോഗ്യമുള്ള മുടിക്ക് പ്രോ ടിപ്പുകള്‍
പ്രൊഫഷണലായി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ലറില്‍ പോവുകയോ പരിശീലനം ലഭിച്ച സ്റ്റൈലിസ്റ്റിനെ സമീപിക്കുകയോ ചെയ്യുക.
ആഴ്ചതോറും ഡീപ്പ് കണ്ടീഷനിംഗ് ചെയ്യാം. മുടി പുനര്‍ നിര്‍മ്മിക്കുന്നതിനും ജലാംശം നല്‍കുന്നതിനും എണ്ണകളും പ്രോട്ടീനുകളും അടങ്ങിയ മാസ്‌കുകള്‍ ഉപയോഗിക്കുക.
മുടിയുടെ നിറവും ക്യൂട്ടിക്കിളുകളും സംരക്ഷിക്കുന്നതിന് സള്‍ഫേറ്റ് രഹിത ഷാംപൂ ഉപയോഗിക്കുക.
മുടിക്ക് നിറം കൊടുത്ത ഉടനെ ചൂടുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കരുത്. മുടിക്ക് നിറം നല്‍കിയ ശേഷം നന്നായി ഉണങ്ങാന്‍ അനുവദിക്കുക. ചൂട് ഉപയോഗിക്കേണ്ടി വന്നാല്‍ ആദ്യം തെര്‍മല്‍ പ്രൊട്ടക്റ്റന്റ് പുരട്ടേണ്ടതാണ്.
മുടി ആരോഗ്യകരമായി നിലനിര്‍ത്താനും അറ്റം പിളരുന്നത് തടയുന്നതിനും ഓരോ 6-8 ആഴ്ച കൂടുമ്പോഴും അറ്റം വെട്ടേണ്ടതാണ്.
സ്വന്തമായി മുടിക്ക് നിറം നല്‍കാമോ
വളരെ ശ്രദ്ധയോടെ വേണം മുടിയിഴകള്‍ക്ക് നിറം കൊടുക്കാന്‍. മറ്റ് സൗന്ദര്യകാര്യങ്ങള്‍ പോലെതന്നെ മുടിക്കും ശ്രദ്ധേയമായ പരിചരണം ആവശ്യമാണ്. അതുകൊണ്ടുതന്നെ കഴിവതും സ്വന്തമായി ഇക്കാര്യങ്ങള്‍ ചെയ്യാതെ വിദഗ്ധരായ ആളുകളുടെ അഭിപ്രായങ്ങള്‍ തേടുകയോ മികച്ച ഒരു പാര്‍ലറില്‍ പോവുകയോ ചെയ്യാം. വിലകുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ ഒരിക്കലും ഉപയോഗിക്കുകയും ചെയ്യരുത്.
Content Highlights :How often can you color your hair? What to do to get healthy hair