
Cows to Planes: Indian Ministers who rewrote scientific history; അതായത്, പശുക്കള്‍ മുതല്‍ വിമാനങ്ങള്‍ വരെ: ഇന്ത്യന്‍ മന്ത്രിമാര്‍ ശാസ്ത്ര ചരിത്രം തിരുത്തിയെഴുതുമ്പോള്‍.. 2017ല്‍ ബിബിസി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ തലക്കെട്ടാണ്..ഇന്ത്യയുടെ അന്നത്തെ വിദ്യാഭ്യാസ സഹമന്ത്രിയായിരുന്ന സത്യപാല്‍ സിങ്, അഖിലേന്ത്യാ സാങ്കേതികവിദ്യാ കൗണ്‍സിലിന്റെ വിശ്വകര്‍മ പുരസ്‌കാര വിതരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്തിയപ്പോള്‍ നടത്തിയ പരാമര്‍ശമായിരുന്നു ആ ലേഖനത്തിന് 'പ്രചോദന'മായത്.
'1903ല്‍ റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടുപിടിച്ചെന്നാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നത്. എന്നാല്‍ ആദ്യമായി വിമാനം കണ്ടുപിടിച്ചത് ഇന്ത്യക്കാരാണ്. 1895ല്‍ തന്നെ ഇന്ത്യക്കാരന്‍ ശിവാകര്‍ ബാബുജി തല്‍പാഡെ വിമാനമുണ്ടാക്കിയിരുന്നു. ഐഐടികളിലും എന്‍ജിനീയറിങ് സ്ഥാപനങ്ങളിലും ഇതെല്ലാം പഠിപ്പിക്കേണ്ടേ?' എന്നായിരുന്നു സിങ്ങിന്റെ ചോദ്യം.
ഒപ്പം ഒരു നിര്‍ദേശവും മുന്നോട്ടുവച്ചു. 'ശിവാകര്‍ ബാബുജി തല്‍പാഡെയെക്കുറിച്ച് മാത്രമല്ല രാമായണത്തിലെ പുഷ്പക വിമാനത്തെപ്പറ്റിയും കുട്ടികളെ പഠിപ്പിക്കണം. പുരാണത്തിലും ആയിരക്കണക്കിന് വര്‍ഷത്തെ പാരമ്പര്യമുള്ള സംസ്‌കാരത്തിലും നിരവധി അദ്ഭുത കണ്ടുപിടിത്തങ്ങളെ കുറിച്ച് പറയുന്നുണ്ട്. അതേക്കുറിച്ച് അറിയണം, പൗരാണിക കാലത്തെ ശാസ്ത്രീയവിദ്യകള്‍ കണ്ടെത്തി ഉപയോഗിക്കാനും സാധിക്കണം.' പുഷ്പക വിമാനത്തെ പറ്റി മാത്രമല്ല, രാമായണത്തില്‍ പറയുന്ന, രാവണന്റെ കൊട്ടാരത്തില്‍ ഉണ്ടായിരുന്ന ചന്ദ്രാമണിയെയും അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് അന്ന് പരിചയപ്പെടുത്തിയിരുന്നു. ചന്ദ്രാമണിയുള്ളതിനാല്‍ ചെടികളൊന്നും നനയ്‌ക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലത്രേ..ഇത്തരത്തിലുള്ള ഉപകാരപ്രദമായ ഗവേഷണങ്ങളാണ് വിദ്യാര്‍ഥികള്‍ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞുവച്ചു. സ്വാഭാവികമായും പുഷ്പക വിമാനത്തിലേറിയ സത്യപാല്‍ എയറിലായി..അന്താരാഷ്ട്ര മാധ്യമമായ ബിബിസി വരെ ശാസ്ത്രം തിരുത്തിയ മന്ത്രിയെക്കുറിച്ച് ലേഖനമെഴുതി! പക്ഷെ ഒരു ഇതിഹാസകൃതിയുടെ ബലത്തില്‍ ശാസ്ത്ര ചരിത്രത്തെ തിരുത്താന്‍ മുതിര്‍ന്ന ആദ്യ ബിജെപി നേതാവ് ആയിരുന്നില്ല സത്യപാല്‍, അവസാനത്തെയാളും!!
पवनसुत हनुमान जी…पहले अंतरिक्ष यात्री। pic.twitter.com/WO5pG2hAqT
— Anurag Thakur (@ianuragthakur) August 23, 2025
ഇതിപ്പോള്‍ പറയാനുള്ള കാരണമെന്തെന്നല്ലേ? ലോകത്തിലെ ആദ്യ ബഹിരാകാശ യാത്രികന്‍ ആരെന്ന ചോദ്യത്തിന് നാം പഠിച്ച ഉത്തരം യൂറി ഗഗാറിന്‍ എന്നാണ്. എന്നാല്‍ അങ്ങനെയല്ലെന്നാണ് ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂര്‍ പറയുന്നത്. ആദ്യ ബഹിരാകാശ യാത്രികന്‍ സാക്ഷാന്‍ ഹനുമാന്‍ ആണത്രേ..ദേശീയ ബഹിരാകാശദിനത്തോട് അനുബന്ധിച്ച് ഹിമാചല്‍ പ്രദേശിലെ പിഎംശ്രീ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികളോടാണ് അനുരാഗ് ഠാക്കൂര്‍ ഇക്കാര്യം പറഞ്ഞതെന്നുകൂടി ഓര്‍ക്കണം. തീര്‍ന്നില്ല, ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ഇന്ത്യയുടെ പാരമ്പര്യവും സംസ്‌കാരവും തിരിച്ചറിയാത്തിടത്തോളം കാലം ബ്രിട്ടീഷുകാര്‍ എന്താണോ ചൂണ്ടിക്കാണിച്ചുതന്നത് അതുമാത്രം നാം പഠിക്കുമെന്നും, അതുകൊണ്ട് പാഠപുസ്‌കതത്തില്‍ എന്താണോ പറയുന്നത് അതിന് പുറത്തുള്ള കാര്യങ്ങള്‍ ചിന്തിക്കാനും ഇന്ത്യയുടെ പാരമ്പര്യവും സംസ്‌കാരവും അറിയാനും ശ്രമിക്കണമെന്നും ഠാക്കൂര്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നുണ്ട്. ഠാക്കൂര്‍ പറഞ്ഞതില്‍ ഒരുകാര്യത്തോട് നമുക്ക് യോജിക്കാതിരിക്കാനാവില്ല. പാഠപുസ്തകത്തിന് പുറത്തുള്ള അറിവുകള്‍ സ്വായത്തമാക്കണം, ഇന്ത്യയുടെ പാരമ്പര്യം അറിയുകയും വേണം. ശരി തന്നെ, അതുപക്ഷെ ചരിത്രസത്യങ്ങളെ വളച്ചൊളിച്ച് അതിലൂടെ ഹിന്ദുവിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടായിരിക്കരുത് എന്നുമാത്രം. തൂത്തുക്കുടി എംപി കനിമൊഴി പറഞ്ഞതുപോലെ ശാസ്ത്രം എന്നത് മിത്തോളജിയല്ലല്ലോ.
പവന്‍സുത് ഹനുമാന്‍ജി എന്ന് കുറിപ്പോടെ തന്റെ പ്രസംഗത്തിന്റെ വീഡിയോ അനുരാഗ് ഠാക്കൂര്‍ തന്നെ എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. അതില്‍ ആരാണ് ആദ്യ ബഹിരാകാശ യാത്രികന്‍ എന്ന ഠാക്കൂറിന്റെ ചോദ്യത്തിന് കുട്ടികള്‍ നല്‍കുന്ന ഉത്തരം നീല്‍ ആംസ്‌ട്രോങ് എന്നാണ്, ആ തെറ്റുപോലും തിരുത്താന്‍ കൂട്ടാക്കാതെയാണ് ഇതിഹാസകൃതിയിലെ കഥാപാത്രമായ ഹനുമാനെ ഠാക്കൂര്‍ ബഹിരാകാശ യാത്രികനാക്കുന്നത്. അതും ശുഭാന്‍ശു ശുക്ല ബഹിരാകാശത്ത് പോയി തിരിച്ച് വന്നത് ആഘോഷിക്കുന്ന വേളയിലാണെന്ന് ഓര്‍ക്കണം.
അറിവുകള്‍ സമ്പാദിച്ചുതുടങ്ങുന്ന, കേള്‍ക്കുന്നതെല്ലാം തലച്ചോറില്‍ പതിഞ്ഞുപോകുന്ന പ്രായത്തിലുള്ള കുട്ടികളോടാണ് കേന്ദ്രമന്ത്രിപദം അലങ്കരിച്ചിരുന്ന ഒരു മനുഷ്യന്‍ വന്ന് കഥകളെ സത്യമായി അവതരിപ്പിക്കുന്നത്. സ്വന്തം മക്കളെ ഉപരിപഠനത്തിന് വിദേശത്തയച്ച് പാവപ്പെട്ട കുട്ടികളെ പറഞ്ഞുവഴിതെറ്റിക്കുന്നുവെന്ന് ആളുകള്‍ പ്രതികരിച്ചാല്‍ അവരെ എങ്ങനെ കുറ്റം പറയാനാണ്? ഭാഗ്യം, ഹനുമാനൊപ്പം മോദിയും ബഹിരാകാശത്ത് പോയെന്ന് പറയാതിരുന്നതെന്നാണ് ഠാക്കൂറിന്റെ പരാമര്‍ശത്തെ പരിഹസിച്ച് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിങ് രാജ വാറിങ് ചിരിയോടെ പറഞ്ഞത്.
VIDEO | Punjab Congress president Amarinder Singh Raja Warring on BJP MP Anurag Thakur’s ‘Hanuman ji first to travel to space’ remark says, “Thankfully, Anurag ji did not say that Modi ji also went to space with Hanuman ji. Maybe Anurag Thakur himself went with Hanuman ji. These… pic.twitter.com/9xpFcpajC0
— Press Trust of India (@PTI_News) August 25, 2025
ഇതേ നരേന്ദ്രമോദിയാണ് പണ്ടൊരിക്കല്‍ ഗണപതിയെ ചൂണ്ടിക്കാട്ടി പുരാതന ഇന്ത്യയില്‍ പ്ലാസ്റ്റിക് സര്‍ജറി നിലനിന്നിരുന്നു എന്ന് മുംബൈയിലെ ഒരു ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ഒരു സദസ്സില്‍ പ്രസംഗിച്ചത്. 'നമ്മളെല്ലാവരും ഗണപതിയെ ആരാധിക്കുന്നവരാണ്. മനുഷ്യശരീരത്തില്‍ ആനയുടെ തലവച്ചുപിടിച്ചത് അക്കാലത്തുള്ള ഏതോ ഒരു പ്ലാസ്റ്റിക് സര്‍ജന്‍ ആയിരിക്കണം. അങ്ങനെയായിരിക്കണം പ്ലാസ്റ്റിക് സര്‍ജറി ആരംഭിക്കുന്നത്.' എന്നാണ് പ്രധാനമന്ത്രി അന്നുപറഞ്ഞത്. കര്‍ണന്റെ ഉദാഹരണം ചൂണ്ടിക്കാണിച്ച് ജെനറ്റിക് സയന്‍സ് അക്കാലത്തേ വികാസം പ്രാപിച്ചിരുന്നുവെന്നും മോദി സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു. മോദിക്കൊപ്പം ആ പട്ടികയില്‍ നിരവധിപേരുണ്ട്. അഹമ്മദാബാദ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് വിജയ് രൂപാണി ഒരിക്കല്‍ ഏറ്റവും മികച്ച എന്‍ജിനീയറിങ് സ്‌കില്ലുള്ള വിദഗ്ധനായി ചൂണ്ടിക്കാട്ടിയത് രാമനെയാണ്. ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്കുള്ള രാമസേതു ചൂണ്ടിക്കാണിച്ച് അത്തരമൊരു പ്രസ്താവന രൂപാണി നടത്തിയത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ടെക്‌നോളജി റിസര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റില്‍ സംസരിക്കവേയാണ്.
ആണവപരീക്ഷണം ഇന്ത്യക്ക് പുതുമയല്ലെന്നും ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണാദ മുനി ആണവ പരീക്ഷണം നടത്തിയിട്ടുണ്ടെന്നും പറഞ്ഞ രമേഷ് പൊഖ്‌റിയാലും ശ്വസിക്കുമ്പോള്‍ പശു ഓക്‌സിജന്‍ പുറത്തുവിടാറുണ്ടെന്ന് പറഞ്ഞ് പശു വിശുദ്ധ മൃഗമാണെന്ന് സമര്‍ഥിച്ച രാജസ്ഥാനിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന വസുദേവ് ദേവ്‌നാനിയും ആഗോളതാപനം തടയാന്‍ രാജയോഗം നടത്തണമെന്നാവശ്യപ്പെട്ട ഒന്നാം മോദി മന്ത്രിസഭയിലെ കൃഷി മന്ത്രിയായിരുന്ന രാധാ മോഹന്‍സിങ്ങും പശുമൂത്രം കാന്‍സറിനെ തടയും എന്ന് അവകാശപ്പെട്ട പ്രഗ്യാ സിങ്ങും കൗരവരെ ചൂണ്ടിക്കാട്ടി ടെസ്റ്റ്ട്യൂബ് ചികിത്സ തുടങ്ങിയത് മഹാഭാരത്തിലാണെന്നും ഗൈഡഡ് മിസൈല്‍ ആദ്യം പരീക്ഷിച്ചത് മഹാവിഷ്ണുവാണെന്ന് പറഞ്ഞ ആന്ധ്ര സര്‍വകലാശാലയിലെ നാഗേശ്വര റാവുമെല്ലാം ഇതിഹാസത്തെ ശാസ്ത്ര സത്യങ്ങളാണെന്ന് സമര്‍ഥിക്കാന്‍ ശ്രമിച്ചവരായിരുന്നു.
സയന്‍സിനെ ഇതിഹാസത്തിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള സ്ഥാപിതശ്രമം ആരംഭിക്കുന്നത് ഒന്നാംമോദി സര്‍ക്കാരിന്റെ കാലം മുതലാണ്. അത് എന്തിനുവേണ്ടിയാണെന്ന ചോദ്യത്തിനുത്തരം ആര്‍ഷഭാരത സംസ്‌കാരം പഠിപ്പിക്കുക എന്ന വലതുപക്ഷ രാഷ്ട്രീയ അജണ്ടയാണെന്ന് ആര്‍ക്കാണ് വ്യക്തമല്ലാത്തത്. അതിനുള്ള പ്രതിവിധി കുട്ടികളെ ശാസ്ത്രീയ അടിത്തറയോടെ വളര്‍ത്തുക എന്നുള്ളത് മാത്രമാണ്. ചാന്ദ്രദൗത്യങ്ങളടക്കം ഇന്ത്യ ബഹിരാകാശരംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്തിയിരിക്കുകയാണ്. ശാസ്ത്രസാങ്കേതികതയിലും അടിസ്ഥാന വികസനത്തിലും, പ്രതിരോധമേഖലയിലും ബഹുദൂരം മുന്നില്‍ തന്നെയാണ് നാം. വലിയ സാമ്പത്തിക ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയെ എല്ലാ അര്‍ഥത്തിലും ലോകം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയില്‍ ഇത്തരം അബദ്ധ ജഡിലമായ പ്രസ്താവനകള്‍ നടത്തി ഇന്ത്യയിന്നും ഒരു പ്രിമിറ്റീവ് സൊസൈറ്റിയാണ്, അവരിന്നും ജീവിക്കുന്നത് ത്രേതായുഗത്തിലാണ് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങളെക്കൊണ്ട് വീണ്ടും ലേഖനങ്ങള്‍ എഴുതിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഇവിടുത്തെ നേതാക്കളാണ്..നിങ്ങള്‍ പറയുന്ന ഓരോ വാക്കും അന്താരാഷ്ട്ര സമൂഹം വായിച്ചെടുക്കുക ഇന്ത്യയെന്ന രാജ്യത്തിന്റെ അവിടത്തെ ജനതയുടെ അഭിപ്രായമായിട്ടാണ്. നിങ്ങളെന്ന വ്യക്തിയല്ല അവിടെ നാണംകെടുന്നത്, ഇന്ത്യയാണ്…കാറ്റില്‍ ക്ലാസെന്ന പാശ്ചാത്യ പരിഹാസങ്ങളെ കഠിനാധ്വാനത്തിലൂടെ മറികടന്ന ചരിത്രമാണ് നമുക്കുള്ളത്. അത് മറന്നുകൂടാ!
Content Highlights: Indian politicians who rewrote scientific history