
കോഴിക്കോട്: വടകര എംപി ഷാഫി പറമ്പിലിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ചും സംരക്ഷിച്ചും കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ ഉള്‍പ്പെടെ ഷാഫി പറമ്പില്‍ പരിഹാസ്യനായി തീര്‍ന്നുവെന്നും വിഷയത്തെ വഴിതിരിച്ചുവിടാനായി ദേശീയപാതാ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ എന്തോ ഇടപെടല്‍ നടത്തിയിരിക്കുകയാണെന്നു വരുത്തിത്തീര്‍ക്കാനുള്ള വിലകുറഞ്ഞ നിലപാടുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്നും സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് വിമര്‍ശിച്ചു. ദേശീയ പാത വികസനത്തിന്റെ ക്രെഡിറ്റടിക്കാന്‍ തരം താണ 'ഷോ വര്‍ക്ക്' ആണ് നടത്തുന്നതെന്നും സിപിഐഎം പരിഹസിച്ചു.
'സ്ത്രീ വിരുദ്ധതയും മൃഗീയമായ ലൈംഗിക കുറ്റങ്ങളും തൊഴിലാക്കി മാറ്റിയ രാഹുല്‍ മാങ്കുട്ടത്തെ പോലൊരു ക്രിമിനലിന്റെ സംരക്ഷകനായ ഷാഫി പറമ്പില്‍ എന്ത് വൃത്തികേടും രാഷ്ട്രീയ നാടകവും കളിച്ചാടുവാന്‍ ഒരു മടിയുമില്ലാത്ത വ്യക്തിയാണെന്ന കാര്യമിന്ന് കേരളീയ സമൂഹത്തിനാകെയറിയാം. കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റിനെ ഒപ്പംകൂട്ടി കലക്ടറെയും എന്‍എച്ച്‌ഐ ഉദ്യോഗസ്ഥരെയും കണ്ട എംപി ദേശീയ പാത നിര്‍മ്മാണ കാര്യത്തില്‍ തന്റെ ഇടപെടല്‍ മൂലം തീരുമാനം ഉണ്ടാക്കിയിരിക്കുന്നുവെന്ന വാര്‍ത്ത വരുത്തി എട്ടുകാലി മമ്മൂഞ്ഞിയാവുകയായിരുന്നു', സിപിഐഎം സെക്രട്ടറിയറ്റ് അഭിപ്രായപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിനൊപ്പം നിലകൊണ്ട് വിഷയം പരിഹരിക്കാന്‍ ഇടപെടുന്നതിന് പകരം ഒറ്റക്ക് പരിഹരിക്കുന്നു എന്ന് വരുത്തിതീര്‍ക്കാനുള്ള ഷാഫി എംപിയുടെ നിലവാരം താണ ''ഷോ വര്‍ക്ക്''നാട് തിരിച്ചറിയും. ദേശീപാത 66ന് രണ്ട് റീച്ചുകളാണ് കോഴിക്കോട് ജില്ലയിലുള്ളത്. കരാര്‍ കമ്പനിയുടെ ചില പോരായ്മകളാണ് പാത വികസനം പൂര്‍ത്തീകരിക്കുന്നതിന് വിഷമം സൃഷ്ടിച്ചതെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. 2021 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമ്പോള്‍ കോഴിക്കോട് ബൈപാസ് റീച്ച് പണി നിശ്ചലമായി കിടക്കുകയായിരുന്നു. മന്ത്രി മുഹമ്മദ് റിയാസ് കരാര്‍ കമ്പനിയെയും ഉദ്യോഗസ്ഥരെയും വിളിച്ച് ചേര്‍ത്തും റിവ്യൂമീറ്റിംഗുകള്‍ നടത്തിയുമാണ് എല്ലാ തടസ്സങ്ങളെയും നീക്കി പണിതീര്‍ക്കാന്‍ കഴിഞ്ഞത്. നിലവില്‍ ഇല്ലാത്ത കരാര്‍ കമ്പനിയെ മന്ത്രി ശാസിച്ചിട്ട് കാര്യമില്ല എന്ന് പറഞ്ഞ് പരിഹസിക്കുന്ന സമീപനമാണ് അന്ന് യുഡിഎഫ് സ്വീകരിച്ചത്. മന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ച്ചയായ ഇടപെടലാണ് ജനങ്ങള്‍ക്ക് ഏറെ ഗുണകരമായി മാറിയ ബൈപ്പാസ് പൂര്‍ത്തീകരിക്കുന്നതിന് കാരണമായതെന്നും സിപിഐഎം ചൂണ്ടിക്കാട്ടി.
2011 ലെ യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ നിലപാട് കാരണം എന്‍എച്ച്66 പദ്ധതി ഉപേക്ഷിക്കുന്ന ഘട്ടത്തില്‍ നിയമസഭാംഗമായിരുന്നു ഷാഫി .പിന്നീട് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കോഴിക്കോട് ജില്ലയുടെ എന്‍എച്ച് 66 വികസനത്തിന് മാത്രം ചെലവഴിച്ചത് 415 കോടിയും കേരളത്തിലാകെ ചെലവഴിച്ചത് 5600ഓളം കോടി രൂപയുമാണ്. ഈ ഫണ്ട് പിന്നീട് കേന്ദ്ര സര്‍ക്കാര്‍ കടപരിധിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് ചെലവായ തുക കണക്കാക്കിയാല്‍ ഇതിന്റെ ഇരട്ടി വരും. ദേശീയപാത വികസനത്തെ എല്ലാ ഘട്ടങ്ങളിലും എതിര്‍ത്തവരും സ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജനങ്ങളെ ഇളക്കിവിട്ട് തുടര്‍ച്ചയായി കുത്തി തിരുപ്പുമായി നടന്നവരുമാണ് ഇപ്പോള്‍ ദേശീയ പാത വികസനത്തിന്റെ ക്രെഡിറ്റടിക്കാന്‍ തരം താണ ''ഷോ വര്‍ക്ക്''നടത്തുന്നതെന്നും സിപിഐഎം വിമര്‍ശിച്ചു.
Content Highlights: Shafi Parambil MP Doing Show Work in NH 66 work said CPIM