
രാപകലില്ലാതെ ഫോണില്‍ സ്‌ക്രോള്‍ ചെയ്തിരിക്കുന്നതിന് നിങ്ങള്‍ വീട്ടില്‍ നിന്ന് പഴി കേള്‍ക്കാറില്ലേ. വെറുതെ ഇരിക്കുമ്പോള്‍ ചുമ്മാ തുടങ്ങിവെക്കുന്ന സ്‌ക്രോളിങ് ചിലപ്പോള്‍ മണിക്കൂറുകളോളം പോയേക്കാം. കോവിഡ് സമയത്ത് ആളുകൾക്കിടയിൽ തുടങ്ങിയ സ്‌ക്രോളിങ് ഇന്ന് പലരിലും നിര്‍ത്താന്‍ പോലും സാധിക്കാത്ത തരത്തില്‍ വ്യാപകമായിട്ടുണ്ട്. എന്നാല്‍ ഇത്രയേറെ പഴി കേള്‍ക്കുന്ന ഈ ഡൂംസ്‌ക്രോളിങ് ഇന്ന് ഒരു തൊഴിലായി മാറിയിട്ടുണ്ടെന്ന് നിങ്ങളില്‍ എത്രപേര്‍ക്കറിയാം.
ഇന്‍ഫ്‌ലുവന്‍സര്‍ മാനേജ്മെന്റ് കമ്പനിയായ മോങ്ക് എന്റര്‍ടൈന്‍മെന്റിന്റെ സഹസ്ഥാപകനായ വിരാജ് ഷെത്ത് തന്റെ കമ്പനിക്കായി ഡൂംസ്‌ക്രോളര്‍മാരെ തിരയുകയാണ്. എന്നാല്‍ എല്ലാവരെയും ഈ പോസ്റ്റിലേക്ക് നിയമിക്കാന്‍ സാധിക്കില്ലായെന്നും യഥാര്‍ത്ഥ ഡൂംസ്‌ക്രോളര്‍മാരെയാണ് ആവശ്യമെന്നും കമ്പനി പറയുന്നു. ഇതിനായി യൂട്യൂബിലെയും ഇന്‍സ്റ്റാഗ്രാമിലെയും അവരുടെ സ്‌ക്രീന്‍ സമയത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ആവശ്യമാണെന്ന് ഷെത്ത് ലിങ്ക്ഡ് ഇന്നില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നുണ്ട്.
'സ്‌ക്രോളിംഗ് ബുദ്ധിശൂന്യമായിരിക്കരുത്. അതിൽ നിന്ന് നിങ്ങള്‍ കുറിപ്പുകള്‍ എഴുതണം, ട്രെന്‍ഡുകള്‍ കണ്ടെത്തണം, കൂടുതല്‍ ആഴത്തില്‍ വിഷയം പരിശോധിക്കണം പ്രധാനപ്പെട്ട ഒന്നും നഷ്ടപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണം. അങ്ങനെ നിരവധി ജോലികള്‍ ഇതില്‍ പെടുന്നു' ഷെത്ത് പറയുന്നു
ഫോണിൽ സ്‌ക്രോള്‍ ചെയ്യാന്‍ ആര്‍ക്കും കഴിയും. പക്ഷെ മറ്റുള്ളവര്‍ക്ക് എന്താണ് നഷ്ടപ്പെടുന്നതെന്ന് ഇതില്‍ ചിലര്‍ക്ക് മാത്രമെ മനസിലാക്കാൻ സാധിക്കുകയുള്ളൂ. ഏതൊക്കെ സ്രഷ്ടാക്കള്‍ പെട്ടെന്ന് എല്ലായിടത്തും എത്തുന്നു, ഏതൊക്കെ റീല്‍ ഫോര്‍മാറ്റുകള്‍ പകര്‍ത്തപ്പെടുന്നു, അല്ലെങ്കില്‍ ഒരു മീം എങ്ങനെ സഞ്ചരിക്കുന്നു എന്നിവയെല്ലാം ഡൂംസ്‌ക്രോളര്‍ ശ്രദ്ധിക്കുന്നു.
ഒരു കരിയര്‍ എന്ന നിലയില്‍ ഡൂംസ്‌ക്രോളിംഗ് എങ്ങനെ പ്രവർത്തിക്കുന്നു ?
'ഡൂംസ്‌ക്രോളിംഗ്' എന്ന് തോന്നുന്നത് കണ്ടന്റ് ക്യൂറേഷന്‍, ട്രെന്‍ഡ് സ്‌പോട്ടറുകള്‍ അല്ലെങ്കില്‍ ഡിജിറ്റല്‍ സ്റ്റോറിടെല്ലിംഗ് എന്നിവയാകാം. ഈ ജോലിയിലൂടെ യുവാക്കൾക്ക് അവരുടെ കഴിവുകൾ കണ്ടെത്താനും അവർക്ക് വേണ്ട കണ്ടൻ്റുകൾ ക്യുറേറ്റ് ചെയ്യാനും കഴിയുമെന്ന്
വ്യക്തിത്വ വികസന കേന്ദ്രമായ ഒറാട്രിക്‌സിന്റെ സിഇഒയും സഹസ്ഥാപകനുമായ സമദ് ഷോബ് പറയുന്നു.
Content Highlights- 'We need people who know how to scroll on a phone'; Company looking for scrolling workers