
ഒളിമ്പ്യൻ പി ടി ഉഷയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഇന്ത്യയുടെ ബോക്‌സിങ് താരം, ലോക ചാമ്പ്യന്‍ മേരി കോം കേരളത്തിലെത്തി. കേരള സ്റ്റൈലിൽ സാരിയും മുടിയിൽ പൂവും ചൂടിയാണ് മേരി കോം വിവാഹത്തിൽ പങ്കെടുക്കാന്‍ എത്തിയത്. സ്വർണ നിറത്തിലുള്ള സാരിക്കൊപ്പം ആഭരണങ്ങളും അണിഞ്ഞ് കല്യാണത്തിനെത്തിയ മേരി കോം എല്ലാവരുടെയും ചോദ്യങ്ങൾക്ക് സന്തോഷത്തോടെ ഉത്തരങ്ങളും നൽകുന്നുണ്ടായിരുന്നു.
വിവാഹത്തിനെത്തിയ അതിഥികളോട് നമസ്‌കാരം പറഞ്ഞും കേരളത്തിലെ ഭക്ഷണത്തെ കുറിച്ചുമൊക്കെ സംസാരിക്കുന്ന മേരി കോമിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
കേരളത്തിലെ ഭക്ഷണം വലിയ ഇഷ്ടമാണെന്നും വട, ഇഡ്‌ലി, സാമ്പാർ എല്ലാം മികച്ചതാണെന്നും മേരി കോം പറയുന്നുണ്ട്. കേരളത്തിലെ എല്ലാവരും ചോറ് ഇഷ്ടപ്പെടുന്ന പോലെ തനിക്കും ചോറ് വലിയ ഇഷ്ടമാണെന്നും, ഐ ലൈക് ചാവൽ, ഐ ആം എ റൈസ് ഈറ്റർ എന്നൊക്കെ കേരളത്തിലെ ഭക്ഷണം ഇഷ്ടമായോ എന്ന ചോദ്യത്തിന് മേരി കോം മറുപടി പറയുന്നുണ്ടായിരുന്നു. ചോറ് കഴിക്കുന്നത് ഫിറ്റ്‌നസിന് അത്ര നല്ലതല്ലല്ലോ എന്ന ചോദ്യത്തിന് ഒന്നും അമിതമാകാതിരുന്നാൽ മതിയെന്നായിരുന്നു മേരികോമിന്റെ മറുപടി.
രാജ്യത്തിന്റെ അഭിമാനമായ പി ടി ഉഷയുടെയും വി ശ്രീനിവാസന്‍റെയും ഏക മകൻ വിഘ്നേഷ് വി ഉജ്ജ്വലിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കൊച്ചി ലേ മെറിഡിയനിലാണ് മേരി കോം എത്തിയത്. കൊച്ചി വൈറ്റില ചെല്ലിയന്തറ 'ശ്രീരാം കൃഷ്ണ'യിൽ അശോക് കുമാറിന്റെയും ഷിനിയുടെയും മകൾ കൃഷ്ണയാണ് ഉജ്ജ്വലിന്റെ വധു. സ്‌പോര്‍ട്‌സിന് വേണ്ടി അമ്മ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെല്ലാം കണ്ടു വളര്‍ന്ന ഉജ്ജ്വല്‍ സ്‌പോട്‌സ് മെഡിസിന്‍ പഠിച്ച ശേഷം ഇപ്പോള്‍ ഉഷ സ്‌കൂള്‍ ഒഫ് അത്‌ലറ്റ്‌സിലാണ് സേവനം അനുഷ്ഠിക്കുന്നത്. ജീവിതത്തിലെ പുതിയൊരധ്യായത്തിലേക്ക് കടക്കുമ്പോള്‍, തനിക്ക് ഒരു കായികതാരമാവാന്‍ സാധിച്ചില്ലെങ്കിലും അമ്മ പകര്‍ന്ന് തന്ന പോരാടാനുള്ള ആവേശം എന്നും തന്റെ ഹൃദയത്തിലുണ്ടാകും എന്നാണ് ഉജ്ജ്വല്‍ പറയുന്നത്.
Content Highlights: Mary Kom arrived Kerala to attend PT Usha's son's wedding