റോഡപകട ഇന്‍ഷുറന്‍സ്: കേന്ദ്രത്തിന്‍റെ 1.5ലക്ഷം രൂപയുടെ കാഷ്‌ലെസ്സ് പദ്ധതിയില്‍ അംഗമാകൂ; നേട്ടങ്ങള്‍ നിരവധി

പദ്ധതിയുടെ നടത്തിപ്പിനായി രാജ്യ വ്യാപകമായി ആശുപത്രികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്

dot image

എത്ര സുരക്ഷിതമായ അന്തരീക്ഷത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞാലും റോഡപകടങ്ങള്‍ പതിവായി നിരത്തുകളില്‍ കാണുന്ന കാഴ്ചയാണ്. അശ്രദ്ധമായ ഡ്രൈവിങ് പലപ്പോഴും അപകടങ്ങളിലേക്ക് നയിക്കുകയും ചെയ്യും. റോഡപകടങ്ങള്‍ ഒരു നിര്‍ഭാഗ്യകരമായ കാര്യമാണെങ്കിലും സാധാരണ സംഭവമായി മാറുന്ന കാഴ്ചയാണ് ഇന്നുള്ളത്. അതുകൊണ്ടുതന്നെ ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ എപ്പോഴും നമുക്ക് ഒരു ആശ്വാസം പകരും.

കേന്ദ്രത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയുടെ വിവരങ്ങള്‍

രാജ്യത്ത് എവിടെയും റോഡ് അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് 1.5 ലക്ഷം രൂപയുടെ ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതി ലഭിക്കും. കേന്ദ്ര ഗതാഗത മന്ത്രാലയം ദേശീയ ഹെല്‍ത്ത് അതോറിറ്റി മുഖേനെ നടപ്പാക്കുന്ന പദ്ധതി അപകടത്തില്‍പ്പെടുന്നവര്‍ക്ക് വേഗത്തില്‍ ചികിത്സ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുളളതാണ്. തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ പണമൊന്നും അടയ്ക്കാതെ 1.5 ലക്ഷം രൂപവരെയാണ് ചികിത്സയ്ക്കായി ലഭ്യമാകുക.

ഇക്കാര്യത്തിനായി രാജ്യ വ്യാപകമായി ആശുപത്രികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പിനായി എല്ലാ സംസ്ഥാനങ്ങളിലും റോഡ് സേഫ്റ്റി കൗണ്‍സിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൗണ്‍സിലിന്റെയും ദേശീയ ഹെല്‍ത്ത് അതോറിറ്റിയുടെയും വെബ്‌സൈറ്റുകളില്‍ വിവരങ്ങള്‍ ലഭ്യമാണ്. 2024 മാര്‍ച്ചിലാണ് ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയത്. കേന്ദ്ര റോഡ്‌സ് വിഭാഗം സെക്രട്ടറി, ദേശീയ പാത അതോറിറ്റി, ആഭ്യന്തര, ധനകാര്യ, ആരോഗ്യ മന്ദ്രാലയങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, എന്‍ജിഒകള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പ്രത്യേക സമിതിയാണ് പദ്ധതിയുടെ നടത്തിപ്പിന് നേതൃത്വം നല്‍കുന്നത്.

എന്തൊക്കെയാണ് പദ്ധതിയുടെ ഗുണങ്ങള്‍

അപകടത്തില്‍ പരിക്കേല്‍ക്കുന്നവരെ ആശുപത്രികളില്‍ എത്തിച്ചാല്‍ വേണ്ട ചികിത്സകള്‍ സൗജന്യമായി ലഭിക്കും. പദ്ധതികളില്‍ ഉള്‍പ്പെടാത്ത ആശുപത്രികളിലാണ് രോഗിയെ കൊണ്ടുപോകുന്നതെങ്കില്‍ അപകടനില തരണം ചെയ്യുന്നതുവരെ ചികിത്സ നല്‍കും. തുടര്‍ന്ന് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ആശുപത്രിയിലേക്ക് മാറ്റിയാല്‍ മതിയാകും. അപകടം സംഭവിച്ച വിവരം ബന്ധപ്പെട്ടവര്‍ അടുത്തുളള പൊലീസ് സ്റ്റേഷനില്‍ അറിയിക്കേണ്ടതുണ്ട്. ആശുപത്രികളിലേക്ക് ചികിത്സാ ചെലവിന്റെ പണം ദേശീയ ഹെല്‍ത്ത് അതോറിറ്റി പിന്നീട് നല്‍കും. ചികിത്സയുടെ രേഖകള്‍ നിര്‍ബന്ധമായും സൂക്ഷിച്ചുവയ്‌ക്കേണ്ടതുണ്ട്.

എത്രനാള്‍ ചികിത്സ ലഭിക്കും

അപകടം നടന്നതുമുതല്‍ ഏഴ് ദിവസത്തെ ചികിത്സയാണ് പദ്ധതിയില്‍ ലഭിക്കുന്നത്. അതുകഴിഞ്ഞും ചികിത്സ ആവശ്യമായി വന്നാല്‍ അതിനുള്ള ചെലവ് വ്യക്തിപരമായി വഹിക്കേണ്ടതുണ്ട്.

Content Highlights :This cashless scheme of Rs 1.5 lakh will be helpful in case of road accidents

dot image
To advertise here,contact us
dot image