
ചികിത്സിച്ചിട്ടും മാറാത്ത കഴുത്തുവേദന, രാത്രിയില്‍ കാലിനുണ്ടാകുന്ന വേദന, തോള്‍ വേദന ഇവയെ ഒക്കെ ജീവിതത്തിലെ ഓട്ടങ്ങള്‍ക്കിടയില്‍ എല്ലാവരും പലപ്പോഴും മറക്കുകയോ അവഗണിക്കുകയോ ചെയ്യാറുണ്ട്. പക്ഷേ ഇങ്ങനെ നിസ്സാരമെന്നും, ചികിത്സിക്കാന്‍ സമയം ഇല്ലെന്നുമുളള കാരണംകൊണ്ടും മാറ്റിവയ്ക്കുന്ന ലക്ഷണങ്ങള്‍ ഭാവിയില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
തോളിന്റെ വേദനയ്ക്ക് കാരണം ഹൃദ് രോഗമായേക്കാം
പല ആളുകളും നേരിടുന്ന ഒരു ശാരീരിക പ്രശ്‌നമാണ് തോളിനുണ്ടാകുന്ന വേദന. കൂടുതല്‍ ജോലി ചെയ്യുന്നതുകൊണ്ടോ പിരിമുറുക്കമുള്ളതുകൊണ്ടോ സംഭവിക്കുന്നതായി പലരും ഈ വേദനയെ തള്ളിക്കളയാറുണ്ട്. 2016ല്‍ നടന്ന ഒരു പഠനം അനുസരിച്ച് തോള്‍വേദന ഹൃദ്‌രോഗത്തിന്റെ ലക്ഷണമാണെന്ന് പറയപ്പെടുന്നു. ഹൃദ്‌രോഗ അപകട ഘടകങ്ങളായ ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, പ്രമേഹം എന്നിവയും തോളിലെ പ്രശ്‌നങ്ങളായ സന്ധി വേദന, റൊട്ടേറ്റര്‍ കഫ് ടെന്‍ഡിനൈറ്റിസ് എന്നിവയും ഒക്കെ തമ്മില്‍ ബന്ധമുണ്ടെന്നും പഠനങ്ങളില്‍ പറയുന്നു.
താടിയെല്ല് വേദന ഹൃദയാഘാതത്തിന്റെ പ്രാരംഭ ലക്ഷണമാകാം
അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പങ്കുവയ്ക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇടതുവശത്ത് അനുഭവപ്പെടുന്ന താടിയെല്ല് വേദന ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്. വേദന നെഞ്ചില്‍നിന്നും ഇടത് കയ്യിലേക്കും പിന്നീട് രണ്ട് കൈകളിലേക്കും വ്യാപിച്ചേക്കാം. താടിയെല്ല്, കഴുത്ത്, പുറം, വയറ് എന്നിവിടങ്ങളിലേക്കും വേദന പടരുന്നതായി തോന്നുമെങ്കില്‍ അതും ഒരു മുന്നറിയിപ്പ് ലക്ഷണമാകാം. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കൂടുതലായും കാണപ്പെടുന്നത്. ഹൃദയാഘാതത്തിന്റെ മറ്റ് ലക്ഷണങ്ങള്‍ക്കൊപ്പം താടിയെല്ലിലെ വേദനയും ഉണ്ടെങ്കില്‍ ഉറപ്പായും ഡോക്ടറുടെ സഹായം തേടേണ്ടതാണ്.
ഇടതുകയ്യിലെ അസ്വസ്ഥത
ഹൃദയ സംബന്ധമായ അസുഖങ്ങളും ഇടതുകൈയ്യിലെ വേദനയുമായി ബന്ധമുണ്ട്. ഹൃദയത്തിലേക്കുള്ള ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുമ്പോഴാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഇത് അതിഭയങ്കരമായ വേദന ആയിരിക്കണമെന്നില്ല. ഇടതുകൈ വേദനയ്‌ക്കൊപ്പം മരവിപ്പും നെഞ്ചുവേദനയും ഉണ്ടെങ്കില്‍ അത് ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം. വിയര്‍പ്പും നെഞ്ചുവേദനയും ഇടതുകയ്യില്‍ അസ്വസ്ഥതയും അനുഭവപ്പെട്ടാല്‍ ഉടന്‍തന്നെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
രാത്രിയിലുണ്ടാകുന്ന കാല്‍ വേദന
രാത്രികാലങ്ങളില്‍ കാലില്‍ മസില്‍ വേദന അനുഭവപ്പെടുന്നവരാണോ? ഈ വേദന പെരിഫറല്‍ ആര്‍ട്ടറി ഡിസീസ് (PAD) ആയി ബന്ധപ്പെട്ടിരിക്കുന്നതാവാം. പെരിഫറല്‍ ആര്‍ട്ടറി ഡിസീസ് രക്തക്കുഴലുകളെ ചുരുക്കുകയും കൈകാലുകളിലേക്കുളള രക്തയോട്ടം കുറയ്ക്കുകയും ചെയ്യും. രാത്രിയില്‍ കാലുകളില്‍ മസില്‍ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
കഴുത്തിലെ വേദനയും കാഠിന്യവും
കഴുത്തിന് കനമുള്ളതുപോലെയും വേദനയും തോന്നുകയാണെങ്കില്‍ അത് മസ്തിഷ്‌ക അണുബാധയുടെ ലക്ഷണമാണോ എന്ന് അറിയേണ്ടതുണ്ട്. പ്രത്യേകിച്ച് മെനിഞ്ചൈറ്റിസ് പോലുള്ള രോഗം. തലച്ചോറിന്റെ അടിവശത്തുള്ള മെംബ്രറണുകളുടെ വീക്കം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ രോഗത്തിന് ഉടനടി ചികിത്സ ആവശ്യമാണ്.
( ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യ സംബന്ധമായ സംശയങ്ങള്‍ക്ക് എപ്പോഴും ഒരു ഡോക്ടറുടെ സേവനം തേടേണ്ടതുണ്ട്)
Content Highlights :Do you have neck and shoulder pain that doesn't go away despite treatment?