
പോഷക സമ്പുഷ്ടമായ ഏത്തപ്പഴം പലരും പ്രഭാത ഭക്ഷണത്തിന്റെ ഭാഗമാക്കാറുണ്ട്. എളുപ്പം കഴിക്കാൻ സാധിക്കുന്നതും വയറ് നിറയുന്നതുമായ ഭക്ഷണമാണ് ഏത്തപ്പഴം. എന്നാൽ രാവിലെ വെറും വയറ്റിൽ ഇത് കഴിക്കുന്നത് നല്ലതല്ലെന്നാണ് ക്ലിനിക്കൽ ഡയറ്റീഷനായ ഗാരിമ ഗോയൽ പറയുന്നത്.
ഗ്ലൈസെമിക് സൂചികയുടെ അളവുള്ളതിനാൽ പഴുത്ത നേന്ത്ര പഴം രക്തത്തിലെ പഞ്ചസാര ഉയർത്താൻ സാധ്യതയുണ്ട്. പെട്ടെന്നുള്ള ഷുഗറിന്റെ വളർച്ച അത്ര നല്ലതല്ല. ഇത് പെട്ടെന്ന് തന്നെ വിശപ്പ് കൂട്ടാനും മന്ദതയുണ്ടാക്കാനും സാധ്യതയുണ്ട്.
നേന്ത്രപഴത്തിൽ അടങ്ങിയിട്ടുള്ള സിട്രിക്ക് മാലിക്ക് എന്ന ആസിഡുകൾ വെറും വയറ്റിൽ അസിഡിറ്റി കൂട്ടും. ആസിഡ് റിഫ്‌ലക്‌സ്, ഗ്യാസ്‌ട്രൈറ്റിസ് അല്ലെങ്കിൽ ദഹന പ്രശ്‌നം എന്നിവയ്ക്ക് സാധ്യതയുള്ള ആളുകൾക്ക് ഇത് പ്രശ്‌നമുണ്ടാക്കാം,' ഗോയൽ പറഞ്ഞു.
പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തിന് ആവശ്യമായ ധാതുക്കളായ മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ ഏത്തപഴത്തിൽ കൂടുതലാണ്. എന്നിരുന്നാലും, രാവിലെ ഇവ മാത്രം കഴിക്കുന്നത് രക്തപ്രവാഹത്തിൽ ഈ ധാതുക്കളുടെ അളവ് പെട്ടെന്ന് വർധിക്കാൻ കാരണമാകും, ഇത് അസന്തുലിതാവസ്ഥയിലേക്ക് നയിച്ചേക്കാം. പ്രത്യേകിച്ച് വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുള്ളവരിൽ.
ചിലർക്ക്, വെറും വയറ്റിൽ വാഴപ്പഴം കഴിക്കുന്നത് വയറു വീർക്കുന്നതിനോ, ഓക്കാനം ഉണ്ടാക്കുന്നതിനോ, അല്ലെങ്കിൽ നാരുകളുടെ അളവ് കാരണം നേരിയ വയറുവേദനയ്ക്കോ കാരണമാകുമെന്നും ഗോയൽ പറയുന്നു.
നട്‌സ്, വിത്തുകൾ, തൈര്, ഓട്‌സ് പോലുള്ള ആരോഗ്യകരമായ ഭക്ഷണങ്ങൾക്കൊപ്പം പഴം കഴിക്കുന്നതാകും നല്ലത്. ഇത് പഞ്ചസാരയുടെ അളവ് ബാലൻസ് ചെയ്ത് നിർത്തുന്നതിൽ സഹായകരമാകുമെന്നും അവർ കൂട്ടിച്ചേർത്തു.
Content Highlights- Why you should not have banana on an empty stomach