യുപിയിൽ യുവതിയുടെ MRI സ്‌കാൻ കണ്ട് ഞെട്ടി ഡോക്ടർമാർ; കുഞ്ഞ് വളരുന്നത് ഗർഭപാത്രത്തിലല്ല, കരളിൽ!

ഇന്ത്യയില്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കേസാണിതെന്ന് വിദഗ്ദര്‍ പറയുന്നു

dot image

യുപിയിലെ ബുലന്ദ്ഷഹറിലെ ഒരാശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതാണ് ഗര്‍ഭിണിയായ 30കാരി. ഇവരുടെ എംആര്‍ഐ സ്‌കാന്‍ പരിശോധിച്ച ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഞെട്ടി. ഗര്‍ഭ ലക്ഷണങ്ങളുമായെത്തിയ യുവതിയുടെ പന്ത്രണ്ട് ആഴ്ച പ്രായമുള്ള ഭ്രൂണം വളരുന്നത് ഗര്‍ഭപാത്രത്തിലായിരുന്നില്ല, മറിച്ച് അവരുടെ കരളിലായിരുന്നു. ഇത്തരം അപൂര്‍വവും അപകടകരവുമായ അവസ്ഥയെ ആരോഗ്യ മേഖലയിലുള്ളവര്‍ വിളിക്കുന്ന പേര് ഇന്‍ട്രാഹെപ്പറ്റിക്ക് എക്ടോപിക്ക് പ്രഗ്നന്‍സി എന്നാണ്. ഇത്തരം അവസ്ഥയുള്ള സ്ത്രീകളില്‍ ഭ്രൂണം വളരുന്നത് കരളിലെ കലകള്‍ക്കുള്ളിലായിരിക്കും. ഇന്ത്യയില്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കേസാണിതെന്ന് വിദഗ്ദര്‍ പറയുന്നു.

എക്ടോപിക്ക് ഗര്‍ഭധാരണത്തെ കുറിച്ച് വിദഗ്ദര്‍ പറയുന്നത് ഇങ്ങനെയാണ്: ഗര്‍ഭാശയത്തിന് പുറത്ത്, അതായത് സാധാരണയായി ഫലോപ്യന്‍ ട്യൂബുകളില്‍ ഒന്നില്‍ ബീജ സങ്കലനം ചെയ്ത അണ്ഡം ഇംപ്ലാന്റ് ചെയ്യപ്പെടുന്ന അവസ്ഥയാണിത്. ഈ ട്യൂബുകളാണ് അണ്ഡാശയത്തെ ഗര്‍ഭാശയവുമായി ബന്ധിപ്പിക്കുന്നത്. ഭ്രൂണം വികസിക്കുന്നത് ഫലോപ്യന്‍ ട്യൂബിലാണെങ്കില്‍, അവിടെ ഇരുന്ന് വളരാന്‍ സാധിക്കില്ല. ഇത് അമ്മയുടെ ജീവന് ഭീഷണിയാവുകയും ചെയ്യും. ഇനി ഇത്തരം അവസ്ഥകളെ തന്നെ നാലു രീതിയില്‍ തരംതിരിച്ചിട്ടുണ്ട്. ഫലോപ്യന്‍ ട്യൂബുകള്‍ക്കുള്ളില്‍ ബീജസങ്കലനം നടന്ന അണ്ഡം ഇംപ്ലാന്റ് ചെയ്യപ്പെട്ടാല്‍ അതിനെ ട്യുബല്‍ എക്ടോപിക്ക് പ്രഗ്നന്‍സി എന്നാണ് പറയുക. ഇതേ ഫലോപ്യന്‍ ട്യൂബിന്റെ ഇടുങ്ങിയ ഭാഗത്താണ് ഇത് സംഭവിക്കുന്നതെങ്കില്‍ ഇന്റര്‍സ്ടീഷ്യല്‍ എക്ടോപിക് പ്രഗ്നന്‍സിയെന്നും പറയപ്പെടുന്നു. സിസേറിയന്‍ സ്‌കാര്‍ എക്ടോപിക്ക് പ്രഗ്നന്‍സി, ഹെടീരിയോടോപിക്ക് എക്ടോപിക്ക് പ്രഗ്നന്‍സി, സെര്‍വിക്കല്‍ എക്ടോപിക്ക് പ്രഗ്നന്‍സി എന്നിങ്ങനെ മറ്റ് മൂന്നു തരം എക്ടോപിക്ക് പ്രഗ്നന്‍സി അവസ്ഥയും ഉണ്ടാകാറുണ്ട്.

ചികിത്സിക്കാതിരുന്നാല്‍ ഗര്‍ഭിണിയായ സ്ത്രീയുടെ ജീവന് തന്നെ ഭീഷണിയാവുന്ന ഈ അവസ്ഥയില്‍, ശരീരത്തിനുള്ളില്‍ ബ്ലീഡിംഗുണ്ടാവാനും സാധ്യതയുണ്ട്. ഭ്രൂണം ഗര്‍ഭപാത്രത്തിന് പുറത്ത് വളരുന്നതിനാല്‍ ഇത് തുടര്‍ന്ന് പോകുന്നത് അനുവദിക്കാന്‍ കഴിയില്ല. മരുന്ന് നല്‍കിയോ അല്ലെങ്കില്‍ ശസ്ത്രക്രിയ ചെയ്‌തോ ഇത്തരം വളര്‍ച്ച ഇല്ലാതാക്കുകയാണ് സാധാരണ ചെയ്യുന്നത്. ഇത്തരം അവസ്ഥകള്‍ക്ക് പ്രത്യേകം ലക്ഷണങ്ങളൊന്നും ഉണ്ടാവുകയില്ല. സാധാരണ പ്രഗ്നന്‍സി സ്‌കാനുകള്‍ ചെയ്യുമ്പോള്‍ മാത്രമേ ഇത് കണ്ടെത്താന്‍ സാധിക്കൂ. ഇനി അഥവാ എന്തെങ്കിലും ലക്ഷണമുണ്ടായാല്‍ അത് നാലാമത്തെയോ പന്ത്രണ്ടാമത്തെയോ ആഴചകളില്‍ മാത്രമായിരിക്കും. ഒരു വശത്തുള്ള വയറ് വേദന, ബ്ലീഡിംഗ്, തോളിലെ വേദന, മലമൂത്ര വിസര്‍ജനത്തിനിടയിലുണ്ടാകുന്ന വേദന എന്നിവയാണ് ഈ സമയത്തുണ്ടാകാന്‍ ഇടയുള്ള ലക്ഷണങ്ങള്‍.

യുപിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇന്ത്യയിലെ തന്നെ ആദ്യ കേസില്‍, കരളിന്റെ വലത് വശത്തുള്ള ഭാഗത്തായാണ് കുഞ്ഞിന്റെ വളര്‍ച്ച ഉണ്ടായിരിക്കുന്നത്. അതും കൃത്യമായ ഹൃദയമിടിപ്പോടുകൂടി. നാലാഴ്ചയോളം നീണ്ടു നിന്ന വയറുവേദനയും ഛര്‍ദ്ദിയും തുടര്‍ന്നാണ് യുവതി ആശുപത്രിയിലെത്തിയത്. തുടര്‍ന്നാണ് ഒരു പ്രൈവറ്റ് ലാബില്‍ നടത്തിയ പരിശോധനയിലാണ് പന്ത്രണ്ട് ആഴ്ച വളര്‍ച്ചയുള്ള ഭ്രൂണം കരളില്‍ വളരുന്നത് കണ്ടെത്തിയത്. ഹൃദയമിടിപ്പ് ഉറപ്പാക്കിയതോടെ ജീവനുണ്ടെന്നും വ്യക്തമായി. അതേസമയം ഗര്‍ഭപാത്രം ശൂന്യവുമായിരുന്നു. കരളിന്റെ പാരന്‍കൈമല്‍ കലകളില്‍ ആഴത്തില്‍ ഉറച്ചനിലയിലാണ് ഭ്രൂണം. കരളിലെ രക്തകുഴലുകള്‍ മതിയായ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷണം നല്‍കുന്നുണ്ട്. ആദ്യം സ്‌കാനിങ്ങില്‍ ഉണ്ടായ പിഴവാണെന്ന തോന്നലുണ്ടായതിനെ തുടര്‍ന്ന് പല തലത്തില്‍ വീണ്ടും സ്‌കാനിങ് നടത്തി, പരിശോധിച്ച് ഉറപ്പുവരുത്തുകയായിരുന്നെന്ന് ഡോക്ടര്‍ പറയുന്നു.

Content Highlights: 30 year old woman's foetus growing in Liver

dot image
To advertise here,contact us
dot image