
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നാലംഗ സംഘം. ചികിത്സയ്ക്ക് എത്തിയ സംഘമാണ് അതിക്രമം കാട്ടിയത്. ഡോക്ടറോടും ആശുപത്രിയിലെ ജീവനക്കാരോടും ഇവര്‍ തട്ടിക്കയറി. സംഭവം അന്വേഷിക്കാന്‍ എത്തിയ എഎസ്‌ഐ ജിഹാനെ സംഘം ചവിട്ടി നിലത്തിട്ടതായും ആരോപണമുണ്ട്.
ഇന്ന് രാത്രിയാണ് സംഭവം നടന്നത്. മംഗലപുരം സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷ്ണുവും കൂട്ടാളികളുമാണ് ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വെള്ള നിറത്തിലുള്ള ഫോക്‌സ്‌വാഗണ്‍ കാറിലായിരുന്നു സംഘം എത്തിയത്. ഡോക്ടറോടും ജീവനക്കാരോടും തട്ടിക്കയറിയ സംഘം ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് എഎസ്‌ഐ ജിഹാന്‍ അടക്കമുള്ള സംഘം സ്ഥലത്തെത്തി. പ്രതികളെ പിടികൂടുന്നതിനിടെയാണ് എഎസ്‌ഐയെ സംഘം ചവിട്ടി താഴെയിട്ടത്. ഇതിന് പിന്നാലെ മൂന്ന് പേരെ പൊലീസ് പിടികൂടി. തുടര്‍ന്ന് പൊലീസ് ഇവരുടെ കാറില്‍ നടത്തിയ പരിശോധനയില്‍ വെട്ടുകത്തി, വടിവാള്‍ അടക്കമുള്ള മാരകായുധങ്ങള്‍ കണ്ടെടുത്തു.
Content Highlights- Three arrested for attack police in attingal taluk hospital