
യുഎഇയിലെ റാസല്‍ഖൈമയില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സലേം റോഡില്‍ വേഗപരിധിയില്‍ മാറ്റം വരുത്തിയതായി അധികൃതർ അറിയിച്ചു. അല്‍ ജസീറ അല്‍ ഹംറ റൗണ്ട്എബൗട്ടിനും അല്‍ മര്‍ജാന്‍ ഐലന്‍ഡ് റൗണ്ട് എബൗട്ടിനും ഇടയിലുള്ള ഭാഗത്ത് ഇരു ദിശകളിലും വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററില്‍ നിന്ന് 60 കിലോമീറ്ററായാണ് കുറച്ചത്. സൈന്‍ ബോര്‍ഡുകളിലെ വേഗപരിധി ശ്രദ്ധിക്കണമെന്നും സുരക്ഷിതമായി വാഹനം ഓടിക്കണമെന്നും റാസല്‍ഖൈമ പൊലീസ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. യാത്രക്കാരുടെ സുരക്ഷയുടെ ഭാഗമായാണ് നടപടിയെന്ന് പൊലീസ് പ്രതികരിച്ചു.
നേരത്തെ ഈ വർഷമാദ്യം ഇതേ റോഡിന്റെ മറ്റൊരു ഭാഗത്തും സമാനമായ മാറ്റം വരുത്തിയിരുന്നു. ജനുവരി 17 മുതലാണ് ഈ മാറ്റം പ്രാബല്യത്തിൽ വന്നത്. അതനുസരിച്ച്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റൗണ്ട്എബൗട്ടിനും (അൽ റിഫ) അൽ മർജാൻ ഐലൻഡ് റൗണ്ട്എബൗട്ടിനും ഇടയിലുള്ള ഭാഗത്ത് വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി കുറച്ചു. പുതിയ പരിധി ഫലപ്രദമാക്കുന്നതിനായി, റഡാർ വേഗപരിധി മണിക്കൂറിൽ 121 കിലോമീറ്ററിൽ നിന്ന് 101 കിലോമീറ്ററായും ക്രമീകരിച്ചിരുന്നു.
Content Highlights: Ras Al Khaimah reduces speed limit on Sheikh Mohammed bin Salem Road