
മഹാരാഷ്ട്രയുടെ ലാഡ്കി ബഹിന്‍ സ്‌കീം വഴി പ്രതിമാസം സ്ത്രീകള്‍ക്ക് നല്‍കുന്ന 1500 രൂപ തട്ടിപ്പിലൂടെ തട്ടിയെടുത്തത് 14, 000 പുരുഷന്മാര്‍. വാര്‍ഷിക വരുമാനം രണ്ടര ലക്ഷത്തില്‍ കുറവുള്ള കുടുംബത്തിലെ 21നും 65നും ഇടയില്‍ പ്രായമുള്ള രണ്ട് സ്ത്രീകള്‍ക്ക് മാത്രം രജിസ്റ്റര്‍ ചെയ്യാവുന്ന പദ്ധതിയാണ് ലാഡ്കി ബഹിന്‍ സ്‌കീം.മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച പദ്ധതി, മഹായുതി സര്‍ക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പ് ആയുധമായിരുന്നു. സംസ്ഥാന ശിശുക്ഷേമ വകുപ്പ് നടത്തിയ ഓഡിറ്റിലാണ് 21.44 കോടി രൂപ വിതരണം ചെയ്തിരിക്കുന്നത് 14, 298 പുരുഷന്മാര്‍ക്കാണെന്ന് വ്യക്തമായത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സിസ്റ്റത്തില്‍ വനിതകളാണെന്ന് രജിസ്റ്റര്‍ ചെയ്താണ് ഇവര്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്. സ്‌കീം ലോഞ്ച് ചെയ്ത് പത്തുമാസത്തിന് ശേഷമാണ് തട്ടിപ്പ് പുറത്തറിയുന്നത്.
പാവപ്പെട്ട സ്ത്രീകളെ സഹായിക്കാനായിരുന്നു പദ്ധതിയെന്നും വിതരണം ചെയ്ത തുക തിരിച്ച് പിടിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകള്‍ക്കാണ് രജിസ്‌ട്രേഷന്‍ ചെയ്യാന്‍ അവകാശം, എന്നാല്‍ ഒരേ കുടുംബത്തിലെ മൂന്നാമത്തെ പെണ്‍ക്കുട്ടി/സ്ത്രീയും ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കണക്കില്‍പ്പെടുന്നത് 7.97 ലക്ഷം പേരാണ്. ഇവര്‍ക്കായി വിതരണം ചെയ്ത തുക മാത്രം 1,196 കോടിയാണ്. 65 വയസിന് മുകളില്‍ പ്രായമുള്ള 2.87 ലക്ഷം സ്ത്രീകളും ഈ സ്‌കീമില്‍ നിന്നും പണം കൈപ്പറ്റി. ഈ വകയില്‍ സംസ്ഥാനത്തിന് നഷ്ടം 431.7 കോടി രൂപയാണ്. വീട്ടില്‍ കാറുകളുള്ള 1.62 ലക്ഷം വനിതകളും ഈ സ്‌കീം വഴി പണം നേടിയിട്ടുണ്ട്. തട്ടിപ്പ് പുറത്ത് വന്നതോടെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഉയരുന്നത്. വിപുലമായ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ഉള്‍പ്പെടെ ആവശ്യപ്പെട്ടിരിക്കുന്നത്.
തട്ടിപ്പുകാര്‍ എങ്ങനെ അപേക്ഷ പൂരിപ്പിച്ചു, ആരാണ് അവരെ സഹായിച്ചത്, രജിസ്‌ട്രേഷന് കരാറ് നല്‍കിയ കമ്പനി ഏതാണ് തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഇക്കഴിഞ്ഞ ഡിസംബറില്‍ സ്‌കീമുമായി ബന്ധപ്പെട്ട് സമഗ്രമായ അവലോകനം നടത്തണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി ഫെബ്രുവരിയില്‍ അര്‍ഹതയില്ലാത്ത അഞ്ചു ലക്ഷത്തോളം പേരെ സ്‌കീമില്‍ നിന്നും ഒഴിവാക്കിയിരുന്നു. 26.34 ലക്ഷത്തോളം പേരാണ് അര്‍ഹതയില്ലാതിരുന്നിട്ടും ഈ സ്‌കീമിന്റെ ഭാഗമായി പണം വാങ്ങിയിരുന്നത്. വിവരങ്ങള്‍ കൂടുതല്‍ വ്യക്തമായതോടെ ഇവരുടെ അപേക്ഷകള്‍ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. 2025 ജൂണ്‍ മാസം മുതല്‍ അര്‍ഹരായ 2.25 കോടി സ്ത്രീകള്‍ക്ക് ഈ തുക വിതരണം ചെയ്യുന്നത് തുടരുന്നുണ്ട്. അര്‍ഹതയില്ലാത്തവര്‍ സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ ഭാഗമായി 1640 കോടിയുടെ നഷ്ടമാണ് പദ്ധതി ആരംഭിച്ച ആദ്യ വര്‍ഷം തന്നെ സംസ്ഥാനത്തിന് ഉണ്ടായിരിക്കുന്നത്.
Content Highlights: over 140000 men received money under ladki bahin scheme in Maharashtra