
ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമാപ്രേമികളെ കയ്യിലെടുത്ത സംവിധായകനാണ് ലോകേഷ് കനകരാജ്. വിജയ്, കാർത്തി, കമൽ ഹാസൻ, രജനികാന്ത് തുടങ്ങിയ താരങ്ങൾക്കൊപ്പം ലോകേഷ് സിനിമകൾ ചെയ്തിട്ടുണ്ട്. 2019 ൽ പുറത്തിറങ്ങിയ കൈതി എന്ന സിനിമയിലൂടെയാണ് ലോകേഷ് തന്റെ സിനിമാറ്റിക് യൂണിവേഴ്‌സ് ആരംഭിക്കുന്നത്. ലിയോയിലൂടെ വിജയ്‍യും യൂണിവേഴ്‌സിന്റെ ഭാഗമായിരുന്നു. ഇപ്പോഴിതാ വിജയ് ഇല്ലെങ്കിൽ എല്‍സിയു പൂര്‍ണമാകില്ലെന്ന് പറയുകയാണ് ലോകേഷ്.
'വിജയ് സാറില്ലെങ്കില്‍ എല്‍സിയു പൂര്‍ണമാകില്ല. അദ്ദേഹം ഇനി സിനിമ ചെയ്യുമോ ഇല്ലയോ എന്ന് നമുക്കാര്‍ക്കും അറിയില്ല. കാരണം, ഇപ്പോള്‍ അദ്ദേഹത്തിന്റെ വിഷന്‍ മറ്റൊന്നാണ്. പക്ഷേ, എന്നായാലും എല്‍സിയു വിജയ് സാറിന്റെ സാന്നിധ്യമില്ലെങ്കില്‍ പൂർണമാകില്ല. ലിയോ 2 അദ്ദേഹത്തെ വെച്ച് ചെയ്യണമെന്നൊക്കെ ആഗ്രഹമുണ്ട്,’ ലോകേഷ് കനകരാജ് പറയുന്നു. സിനിമയുടെ പ്രമോഷൻ വേദിയിലാണ് ലോകേഷിന്റെ പ്രതികരണം. തന്റെ സിനിമകളിൽ ഏറ്റവും റീവാച്ച് ക്വാളിറ്റി ഉണ്ടെന്ന് കരുതുന്ന സിനിമകളിൽ ഒന്നാണ് ലിയോ എന്ന് അടുത്തിടെ സംവിധായകൻ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന കൂലിയാണ് ഇനി പുറത്തിറങ്ങാനുള്ള ലോകേഷ് ചിത്രം. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സിനിമയുടെ ഓരോ അപ്ഡേറ്റിനും ആരാധകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കൂലിയുടെ ഡബ്ബിങ് കഴിഞ്ഞ ശേഷം രജനികാന്ത് തന്നെ കെട്ടിപ്പിടിച്ചെന്നും മണിരത്‌നം ചിത്രം 'ദളപതി' സിനിമ കണ്ട പോലെ തോന്നിയെന്നും പറഞ്ഞതായി ലോകേഷ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്.
നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
Content Highlights: Lokesh Kanagaraj says LCU will not be complete without Vijay