
പ്രമേഹരോഗികളെ സംബന്ധിച്ച് മധുരം ഏറ്റവും വലിയ വില്ലനാണ്. മധുരമുള്ള എന്ത് കാണുമ്പോഴും കഴിക്കാൻ തോന്നുമെങ്കിലും അതിന്റെ പരിണിത ഫലങ്ങൾ ആലോചിക്കുമ്പോൾ ആ ആഗ്രഹത്തെ വേണ്ട എന്ന് കരുതാറാണ് പലരും. പ്രമേഹ രോഗിയായതിന്റെ പേരിൽ ശരീരത്തിന് പ്രധാനപ്പെട്ട പഴങ്ങൾ കഴിക്കാൻ പോലും പലർക്കും കഴിയാറില്ല. നിരവധി വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയായ പഴങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്.
പ്രമേഹമുള്ള ആളുകൾക്ക് ചില ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിന് ഇടയാക്കുന്നു. ശരിയായ ഭക്ഷണപാനീയങ്ങൾ കഴിക്കുന്നതിലൂടെ രോഗാവസ്ഥയെ നിയന്ത്രണവിധേയമാക്കും. ഗ്ലൈസെമിക് സൂചിക (ജിഐ) കുറവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കും.
ഭക്ഷണം എന്തെങ്കിലും കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്രത്തോളം ഉയരുമെന്നതിന്റെ മികച്ച സൂചകമാണ് ഗ്ലൈസെമിക് സൂചിക. 55 ഉം അതിൽ താഴെയുള്ള ജിഐ സ്‌കോർ ഉള്ള ഭക്ഷണങ്ങൾ ഗ്ലൈസെമിക് സൂചിക കുറവാണ്. എന്നിരുന്നാലും 70-ഉം അതിനുമുകളിലും ഉള്ള ഭക്ഷണങ്ങൾ ഗ്ലൈസെമിക് സൂചിക കൂടുതലാണ്.
ധാരാളം നാരുകൾ അടങ്ങിയതും ഗ്ലൈസെമിക് സൂചിക കുറഞ്ഞതുമായ പഴങ്ങളാണ് പ്രമേഹ രോഗികൾ തെരഞ്ഞെടുക്കേണ്ടത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കാരണമാകും. കുറഞ്ഞ ഗ്ലൈസെമിക് സൂചിക അടങ്ങിയ പഴങ്ങൾ ഏതൊക്കെയെന്ന് ചുവടെ കൊടുത്തിരിക്കുന്നു.
പ്ലം
പ്രൂൺസ് (ഉണങ്ങിയ പ്ലം) മിതമായ അളവിൽ കഴിക്കാവുന്നതാണ്. ഉണങ്ങിയ പഴങ്ങളിൽനിന്നും വെള്ളം നീക്കം ചെയ്യുന്നു, അതിലൂടെ അവയിൽ കൂടുതൽ കാർബോഹൈഡ്രേറ്റ് ഉണ്ട്. പ്ലമ്മിൽ ജിഎൽ സ്കോർ 2 ആണ്, ഉണങ്ങിയ പ്ലമ്മിൽ ജിഎൽ 9 ആണ്.
ബെറി പഴങ്ങൾ
സ്ട്രോബറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ പഴങ്ങളുടെ ഗ്ലൈസെമിക് സൂചിക കുറവാണ്. കൂടാതെ ഫൈബറും ഇവയിലുണ്ട്.
ഓറഞ്ച്
ഓറഞ്ചിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി, ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങൾ പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും. അവശ്യ പോഷകങ്ങൾ ധാരാളമുള്ള ഓറഞ്ചിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഓറഞ്ച് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുന്നതിന് പുറമെ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഗുണം ചെയ്യും.
മുന്തിരി
മുന്തിരി ആരോഗ്യകരമായ നാരുകൾ നൽകുന്നു. തലച്ചോറിന്റെ പ്രവർത്തനത്തെയും മൂഡ് ഹോർമോണിനെയും പിന്തുണയ്ക്കുന്ന വിറ്റാമിൻ ബി-6 ന്റെ നല്ല ഉറവിടം കൂടിയാണ് മുന്തിരി.
കിവി
കിവി ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു പഴമാണ്. ഇതിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ കാർബോഹൈഡ്രേറ്റ് അളവ് വളരെ കുറവുമാണ്. ഗ്ലൈസെമിക് സൂചിക കുറവായതിനാൽ പ്രമേഹ രോഗികൾക്ക് അനുയോജ്യമായ പഴമാണ് കിവി.
അവോക്കാഡോ
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു പഴമാണ് അവോക്കാഡോ. ഇതിൽ കൂടുതൽ അളവിൽ ആരോഗ്യകരമായ കൊഴുപ്പും കുറഞ്ഞ കാർബോഹൈഡ്രേറ്റും ധാരാളം ഫൈബറും അടങ്ങിയിരിക്കുന്നു. അതിനാൽ പ്രമേഹ രോഗികൾ പതിവായി അവോക്കാഡോ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ടൈപ്പ് 2 പ്രമേഹമുള്ളവർക്കും അവോക്കാഡോ ഡയറ്റിൽ ഉൾപ്പെടുത്താം.
Content Highlight; Fruits with a Low Glycemic Index Safe for Diabetics