ടോയ്‌ലറ്റ് സീറ്റിനേക്കാള്‍ അണുക്കള്‍ നിങ്ങളുടെ കിടക്കയില്‍;പല രോഗങ്ങളുടെയും കാരണക്കാരന്‍ നിങ്ങളുടെ കിടക്കയാകാം

കാരണമറിയാത്ത ചര്‍മ രോഗങ്ങളുടെ ഉറവിടം നിങ്ങളുടെ കിടക്കയോ

dot image

നിങ്ങള്‍ ഉറങ്ങുന്നിടം വൃത്തിയുള്ളതാണോ? ഉറക്കമുണര്‍ന്നാല്‍ ദിവസവും കിടക്കവിരിയും തലയണയും കുടഞ്ഞ് വൃത്തിയാക്കി മടക്കി വയ്ക്കാറുണ്ട്, അതുകൊണ്ട് വൃത്തിയുണ്ടെന്നാണ് കരുതുന്നതെങ്കില്‍ ആ ചിന്ത തെറ്റാണ്. കുടഞ്ഞ് വൃത്തിയാക്കിയാല്‍ മാത്രം മതിയാകില്ല. ആഴ്ചയില്‍ ഒരിക്കലെങ്കിലും കിടക്കവിരി കഴുകണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

വിയര്‍പ്പിന്റെയും ചര്‍മത്തിലെ മൃതകോശങ്ങളുടെയും, ഡസ്റ്റ് മൈറ്റ്‌സിന്റെയും ബാക്ടീരിയകളുടെയും നഗ്നനേത്രങ്ങള്‍ കൊണ്ട് നേരിട്ട് കാണാന്‍ കഴിയാത്ത ഒരു കോക്ക്‌ടെയിലാണ് നിങ്ങളുടെ കിടക്ക. നിങ്ങളെ സംബന്ധിച്ചിടത്തോളം ഈ കിടക്ക ഏറ്റവും സുരക്ഷിതവും അതുപോലെ സുഖപ്രദവുമായ ഇടമായിരിക്കും. പക്ഷേ നിരന്തരം വൃത്തിയായി കിടക്കവിരി കഴുകുന്ന ശീലമില്ലെങ്കില്‍ അണുക്കളുടെ വിളനിലമായിരിക്കും ഇവിടം.

ചര്‍മത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മുതല്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് വരെ ഇത് കാരണമാകുന്നു എന്നതാണ് യാഥാര്‍ഥ്യം. അതായത് ഒരാളുടെ ആരോഗ്യത്തെ മുഴുവന്‍ സാരമായി ഇത് ബാധിക്കാം. എല്ലാ രാത്രിയും നമ്മുടെ ശരീരം ചത്ത ചര്‍മകോശങ്ങള്‍ പൊഴിച്ചു കളയാറുണ്ട്. ഇവയാണ് ഡസ്റ്റ് മൈറ്റസ് എന്ന ജീവിയുടെ ആഹാരം. ഇതിനൊപ്പം വിയര്‍പ്പും ശരീരത്തില്‍ നിന്നുള്ള മറ്റ് എണ്ണ ഉള്‍പ്പെടയുള്ളവയും ബെഡ്ഷീറ്റിലെത്തുമ്പോള്‍ ഇത് ബാക്ടീരിയയുടെ ഫംഗസിന്റെയും വിളനിലമാകും. ഒരാഴ്ചയിലെ കണക്കുനോക്കിയാല്‍, ടൊയ്‌ലറ്റ് സീറ്റിനെക്കാള്‍ ബാക്ടീരിയയുടെ വിളനിലമാകുന്നത് കഴുകാത്ത തലയണ ഉറയാണെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്.

നിങ്ങളുടെ ശരീരത്തില്‍ കുരുക്കള്‍, റാഷസ്, എന്തുകൊണ്ട് സംഭവിച്ചെന്ന് മനസിലാക്കാത്ത തരത്തിലുള്ള അലര്‍ജികള്‍ ഇതിനെല്ലാം കാരണക്കാരന്‍ കഴുകാത്ത ബെഡ്ഷീറ്റും തലയണ കവറുമൊക്കെയായിരിക്കും. ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കുമ്പോഴാകും ഈ സത്യം മനസിലാക്കുക. നിങ്ങളുടെ സൈനസ് സെന്‍സിറ്റീവ് ആണെങ്കില്‍ തീര്‍ന്നു, ആസ്തമയും മറ്റ് അലര്‍ജികളും കൂടെപ്പിറപ്പായിരിക്കും. ചൂടുവെള്ളത്തില്‍ നിങ്ങളുടെ കിടക്കവിരി കഴുകുകയാണ് ഇതില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ പറ്റിയ വഴി. സെന്‍സിറ്റീവ് ചര്‍മമാണെങ്കില്‍ നിങ്ങള്‍ മണം അധികമില്ലാത്ത മിതമായൊരു ഡിറ്റര്‍ജെന്റ് ഉപയോഗിക്കുക. തലയിണ കവര്‍, ബെഡ്ഷീറ്റ് അടക്കമുള്ളവ കൃത്യമായി കഴുകാന്‍ മറക്കരുത്. നിങ്ങള്‍ക്ക് സ്വസ്ഥമായി കഴിയാനുള്ള ഇടമാണ് നിങ്ങളുടെ കിടക്ക, അവിടം നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന ഇടമാക്കി മാറ്റരുത്.


Content Highlights: If you dont wash your bedsheets atleast once in a week, this happens

dot image
To advertise here,contact us
dot image