
ശരീരത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കഴിയാത്ത വിട്ടുമാറാത്ത അവസ്ഥയാണ് പ്രമേഹം. ശരീരം ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതിരിക്കുമ്പോഴോ ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ശരിയായി ഉപയോഗിക്കാന്‍ കഴിയാതെ വരുമ്പോഴോ ആണ് ഇത് സംഭവിക്കുന്നത്. പ്രമേഹം ശരീരത്തിലെ മിക്കവാറും എല്ലാ അവയവങ്ങളെയും ബാധിക്കുന്നു. രോഗം നിയന്ത്രണാതീതമായി തുടരുകയാണെങ്കില്‍ അവയവങ്ങളുടെ നാശത്തിന് കാരണമായേക്കാം. പ്രമേഹം കണ്ണുകളെ ബാധിക്കുകയും അവയെ തകരാറിലാക്കുകയും ചെയ്യുന്ന ഗുരുതരമായ അവസ്ഥകള്‍ക്ക് കാരണമാകുന്നു. അത്തരത്തിലുള്ള അഞ്ച് രോഗാവസ്ഥകളിതാ….
ഡയബറ്റിക് റെറ്റിനോപ്പതി
പ്രമേഹം മൂലമുണ്ടാകുന്ന ഏറ്റവും സാധാരണമായ നേത്രരോഗമാണ് ഡയബറ്റിക് റെറ്റിനോപ്പതി. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ്, റെറ്റിനയിലെ ചെറിയ രക്തക്കുഴലുകളെ നശിപ്പിക്കുമ്പോഴാണ് ഈ നേത്രരോഗം ഉണ്ടാകുന്നത്. പ്രകാശം തിരിച്ചറിയുകയും തലച്ചോറിലേക്ക് ചിത്രങ്ങള്‍ അയയ്ക്കുകയും ചെയ്യുന്ന കണ്ണിന്റെ ഭാഗമാണിത്. കാലക്രമേണ, ഈ രക്തക്കുഴലുകള്‍ വീര്‍ക്കുകയോ, ദ്രാവകം നഷ്ടപ്പെടുകയോ പൂര്‍ണ്ണമായും അടയുകയോ ചെയ്യാം. ചില കേസുകളില്‍ പുതിയ ദുര്‍ബല രക്തക്കുഴലുകള്‍ വളരുകയും രക്തസ്രാവമുണ്ടാകുകയും കാഴ്ച പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തേക്കാം. തുടക്കത്തില്‍, ഡയബറ്റിക് റെറ്റിനോപ്പതി രോഗലക്ഷണങ്ങളൊന്നും ഉണ്ടാക്കില്ല. പക്ഷേ രോഗം വഷളാകുമ്പോള്‍, മങ്ങിയ കാഴ്ച, കറുത്ത പാടുകള്‍ തുടങ്ങിയവ കാണാന്‍ കഴിയും. ചികിത്സിച്ചില്ലെങ്കില്‍ അന്ധതയിലേക്ക് നയിച്ചേക്കാം.
ഡയബറ്റിക് മാക്കുലാര്‍ എഡീമ
റെറ്റിനയുടെ മധ്യഭാഗമായ മാക്കുല, മുഖങ്ങള്‍ തിരിച്ചറിയുന്നതോ വായിക്കുന്നതോ പോലുള്ള സൂക്ഷ്മവും വിശദവുമായ കാഴ്ചയെ സഹായിക്കുന്നു. പ്രമേഹം മാക്കുലയിലേക്ക് ദ്രാവകം ഒഴുകാന്‍ കാരണമാകുകയും ഇത് ഡയബറ്റിക് മാക്കുലാര്‍ എഡിമ (DME) എന്ന നീര്‍വീക്കത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഈ വീക്കം നിങ്ങളുടെ കേന്ദ്ര കാഴ്ചയെ മങ്ങിക്കുകയും ചികിത്സിച്ചില്ലെങ്കില്‍ കാഴ്ച നഷ്ടപ്പെടുകയും ചെയ്യും. ഡയബറ്റിക് റെറ്റിനോപ്പതി ഉള്ളവരില്‍ ഡയബറ്റിക് മാക്കുലാര്‍ എഡീമ (DME) പലപ്പോഴും വികസിക്കുന്നു. ഇത് പ്രമേഹമുള്ളവരില്‍ കാഴ്ച നഷ്ടപ്പെടാനുള്ള ഒരു പ്രധാന കാരണമാണ്. ലേസര്‍ തെറാപ്പി അല്ലെങ്കില്‍ കുത്തിവയ്പ്പുകള്‍ പോലുള്ള ചികിത്സകള്‍ നീര്‍വീക്കം കുറയ്ക്കാനും കാഴ്ച സംരക്ഷിക്കാനും സഹായിക്കും.
തിമിരം
പ്രമേഹം ഇല്ലാത്തവരെ അപേക്ഷിച്ച് പ്രമേഹം ഉള്ളവരില്‍ തിമിരം ഉണ്ടാകാനുളള സാധ്യത വളരെ കൂടുതലാണ്. തിമിരം കണ്ണിന്റെ ലെന്‍സില്‍ മൂടലുണ്ടാകാന് കാരണമാകുന്നു. ഇത് കാഴ്ചാമങ്ങലിലേക്ക് നയിക്കുന്നു. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് തിമിരം ഉണ്ടാകാനുളള സാധ്യത വര്‍ധിപ്പിക്കുന്നു. തിമിരം ഗുരുതരമാകുമ്പോള്‍ ശരിയായ കാഴ്ച പുനസ്ഥാപിക്കാനുളള സുരക്ഷിതവും ഫലപ്രദവുമായ മാര്‍ഗ്ഗമാണ് തിമിര ശസ്ത്രക്രിയ. അതേസമയം, പ്രമേഹം ഇല്ലാത്തവരിലും തിമിരം ഉണ്ടാകാം. 60 വയസിന് മുകളിലുളള പ്രായമായവരില്‍ ഇത് വളരെ സാധാരണവുമാണ്.
ഗ്ലോക്കോമ
പ്രമേഹം ഗ്ലോക്കോമ വരാനുള്ള സാധ്യത ഇരട്ടിയാക്കുന്നു. കണ്ണിനെ തലച്ചോറുമായി ബന്ധിപ്പിക്കുന്ന ഒപ്റ്റിക് നാഡിയ്ക്ക് കേടുപാടുകള്‍ വരുത്തുന്ന നേത്രരോഗമാണിത്. നിയോ വാസ്കുലര്‍ ഗ്ലോക്കോമ എന്നറിയപ്പെടുന്ന, രക്തക്കുഴലുകള്‍
അസാധാരണമായ നിലയില്‍ വളര്‍ന്ന് ദ്രാവകം ഒഴുകുന്നതില്‍ തടസം വരുമ്പോഴാണ്അവസ്ഥ സങ്കീര്‍ണമാകുന്നത്. ഇത് കണ്ണിന്റെ മര്‍ദം വര്‍ധിപ്പിക്കുകയും ഒപ്റ്റിക് നാഡിയ്ക്ക് കേടുപാടുകള്‍ വരുത്തുകയും കാഴ്ച നഷ്ടപ്പെടാന്‍ കാരണമാകുകയും ചെയ്യുന്നു. ഗ്ലോക്കോമയ്ക്ക് പ്രാരംഭ ലക്ഷണങ്ങളൊന്നും ഉണ്ടാവില്ല. അതുകൊണ്ടുതന്നെ കാഴ്ച സംരക്ഷിക്കുന്നതിന് നേരത്തെയുള്ള കണ്ടെത്തല്‍ ആവശ്യമാണ്. പതിവായുളള കാഴ്ച പരിശോധനകള്‍ ഇതിന് സഹായിക്കും.
റെറ്റിനല്‍ ഡിറ്റാച്ച്മെന്റ്
പ്രമേഹ റെറ്റിനോപ്പതി മൂര്‍ച്ഛിച്ചാല്‍ കണ്ണിനുള്ളില്‍ scar tissue രൂപപ്പെടാം. ഈ scar tissue വിന് റെറ്റിനയെ കണ്ണിന്റെ പിന്‍ഭാഗത്തുനിന്ന് അകറ്റാന്‍ കഴിയും. ഈ അവസ്ഥയെ ' റെറ്റിനല്‍ ഡിറ്റാച്ച്മെന്റ് ' എന്ന് വിളിക്കുന്നു. റെറ്റിനല്‍ ഡിറ്റാച്ച്മെന്റ് പെട്ടന്ന് കാഴ്ച നഷ്ടപ്പെടാന്‍ കാരണമാകും. ഉടനടി ചികിത്സ ആവശ്യമുളള മെഡിക്കല്‍ അടിയന്തരാവസ്ഥയാണിത്. ചികിത്സിച്ചില്ലെങ്കില്‍ സ്ഥിരമായ അന്ധതയിലേക്ക് നയിച്ചേക്കാം.
(ആരോഗ്യസംബന്ധമായ സംശയങ്ങള്‍ക്ക് തീര്‍ച്ചയായും ഒരു ആരോഗ്യ വിദഗ്ധനെ സന്ദര്‍ശിക്കേണ്ടതാണ്)
Content Highlights :Diabetes can cause serious conditions that affect the eyes and damage them, Here are five such conditions