ശനിയും ഞായറും മാത്രം!മറ്റൊരുദിവസവും മദ്യപിക്കാറില്ല;ഇങ്ങനെപറയുന്നവരാണോ നിങ്ങൾ; എന്നാൽ അറിയാനുണ്ട് ചിലകാര്യങ്ങൾ

എല്ലാ ദിവസവും മദ്യപിക്കാറില്ല. ശനി അല്ലെങ്കില്‍ ഞായര്‍ ദിവസങ്ങളില്‍ മാത്രമാണ് മദ്യപിക്കുന്നത്... ഇങ്ങനെ ചിന്തിക്കുന്നവര്‍ അറിയേണ്ട ചില കാര്യങ്ങളുണ്ട്. മദ്യപിക്കുന്ന ദിവസങ്ങളുടെ എണ്ണം മാത്രമല്ല ഒരുതവണ എത്രമാത്രം മദ്യം കഴിക്കുന്നു എന്നതും കരളിന്റെ ആരോഗ്യത്തെ ബാധിക്കാം.

ശനിയും ഞായറും മാത്രം!മറ്റൊരുദിവസവും മദ്യപിക്കാറില്ല;ഇങ്ങനെപറയുന്നവരാണോ നിങ്ങൾ; എന്നാൽ അറിയാനുണ്ട് ചിലകാര്യങ്ങൾ
dot image

ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നവര്‍ക്കിടയില്‍ പോലും നിലനില്‍ക്കുന്ന ഒരു ധാരണയാണ് ദിവസവും മദ്യപിക്കുന്നതിനെക്കാള്‍ വാരാന്ത്യങ്ങളില്‍ മാത്രം മദ്യപിക്കുന്നത് സുരക്ഷിതമാണെന്നത്. മറ്റുള്ള ദിവസങ്ങളില്‍ മദ്യപിക്കാതിരുന്നാല്‍ കരളിന് വിശ്രമം ലഭിക്കുമെന്നും ചിലര്‍ കരുതുന്നു. എന്നാല്‍ മദ്യപാനം കരളിന്റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

മദ്യം കരളിനെ എങ്ങനെയാണ് ബാധിക്കുന്നത്?

ശരീരത്തിലെത്തുന്ന മദ്യത്തെ വിഘടിപ്പിച്ച് പുറന്തള്ളാന്‍ സഹായിക്കുന്ന പ്രധാന അവയവമാണ് കരള്‍. ഈ പ്രക്രിയയ്ക്കിടെ രൂപപ്പെടുന്ന അസറ്റാല്‍ഡിഹൈഡ് (Acetaldehyde) എന്ന പദാര്‍ഥം ശരീരത്തിനെ സംബന്ധിച്ച് വിഷാംശമുള്ളതാണ്. മദ്യത്തിന്റെ അളവും ഉപയോഗരീതിയും അനുസരിച്ച് ഇത് കരള്‍കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്താം.

 drinking alcohol only on weekends

മദ്യപാനം തുടരുമ്പോള്‍ കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഫാറ്റി ലിവര്‍, കരളില്‍ വീക്കം ഉണ്ടാകുന്ന അവസ്ഥ, ദീര്‍ഘകാലം നീളുന്ന സാഹചര്യങ്ങളില്‍ കരളില്‍ പാടുകള്‍ രൂപപ്പെടുന്ന ഫൈബ്രോസിസ്, ഗുരുതരമായ സിറോസിസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ മദ്യം ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഈ രോഗങ്ങള്‍ ഉണ്ടാകണമെന്നില്ല. ഉപയോഗിക്കുന്ന അളവ്, കാലയളവ്, വ്യക്തിയുടെ ആരോഗ്യസ്ഥിതി തുടങ്ങിയ ഘടകങ്ങളും പ്രധാനമാണ്.

വല്ലപ്പോഴും മാത്രം മദ്യപിക്കുന്നതും അപകടകരമാകുന്നത് എപ്പോള്‍?

തിങ്കള്‍ മുതല്‍ വെള്ളി വരെ മദ്യപിക്കാതിരുന്നിട്ട് ആഴ്ച അവസാനം ഒരുമിച്ച് കൂടുതല്‍ മദ്യം കഴിക്കുന്ന ശീലമാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ അളവില്‍ മദ്യം കഴിക്കുന്ന ഈ രീതിയെ ബിഞ്ച് ഡ്രിങ്കിങ് (Binge Drinking) എന്നു വിളിക്കുന്നു. ഇത്തരം മദ്യപാനം രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ് വേഗത്തില്‍ ഉയര്‍ത്തുകയും അപകടങ്ങള്‍ക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. ഇത് ആവര്‍ത്തിക്കുന്നതിലൂടെ കരളിനും ദോഷമുണ്ടാകാം.

അതുകൊണ്ട് ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് മദ്യപിക്കുന്നതെന്ന കാരണത്താല്‍ മാത്രം ആരോഗ്യം സുരക്ഷിതമാണെന്ന് കരുതാനാകില്ല. ഒരുതവണ എത്രമാത്രം മദ്യം കഴിക്കുന്നു, എത്ര വേഗത്തിലാണ് കഴിക്കുന്നത്, എത്രകാലമായി ഈ ശീലമുണ്ട് തുടങ്ങിയ കാര്യങ്ങളും കണക്കിലെടുക്കണം.

 drinking alcohol only on weekends

ലക്ഷണങ്ങളില്ലെങ്കില്‍ കരള്‍ ആരോഗ്യകരമാണെന്ന് ഉറപ്പിക്കാമോ?

ഇല്ല. കരള്‍രോഗങ്ങളുടെ ആദ്യഘട്ടത്തില്‍ പലര്‍ക്കും വ്യക്തമായ ലക്ഷണങ്ങളുണ്ടാകണമെന്നില്ല. കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടിയാലും തുടക്കത്തില്‍ വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടണമെന്നില്ല. ക്ഷീണം, വിശപ്പില്ലായ്മ, വയറിന്റെ വലതുഭാഗത്ത് അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങള്‍ ചിലരില്‍ കണ്ടേക്കാം. രോഗം ഗുരുതരമാകുമ്പോള്‍ കണ്ണിലും ചര്‍മത്തിലും മഞ്ഞനിറം, വയറില്‍ നീര് കെട്ടുക തുടങ്ങിയ ലക്ഷണങ്ങളും പ്രത്യക്ഷപ്പെടാം.

എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാകുന്നതുവരെ കാത്തിരിക്കുന്നത് ഉചിതമല്ല. മദ്യപാനത്തിന്റെ അളവിനെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍ ഡോക്ടറുടെ സഹായത്തോടെ പരിശോധനകള്‍ നടത്തുന്നതാണ് നല്ലത്. ആവശ്യാനുസരണം രക്തപരിശോധനയും അള്‍ട്രാസൗണ്ട് പോലുള്ള പരിശോധനകളും കരളിന്റെ അവസ്ഥ വിലയിരുത്താന്‍ സഹായിക്കും. ചില സാഹചര്യങ്ങളില്‍ ഫൈബ്രോസിസ് പരിശോധിക്കാന്‍ ഫൈബ്രോസ്‌കാന്‍ പോലുള്ള പരിശോധനകളും നിര്‍ദേശിക്കാം.

ആര്‍ക്കൊക്കെയാണ് കൂടുതല്‍ ശ്രദ്ധ വേണ്ടത്?

അമിതവണ്ണം, പ്രമേഹം, നിലവിലുള്ള ഫാറ്റി ലിവര്‍, ഹെപ്പറ്റൈറ്റിസ് പോലുള്ള കരള്‍രോഗങ്ങള്‍ എന്നിവയുള്ളവര്‍ മദ്യപാനത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ചില മരുന്നുകളുടെ ഉപയോഗവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും അപകടസാധ്യതയെ സ്വാധീനിച്ചേക്കാം. മദ്യപാനം കുറയ്ക്കുകയോ പൂര്‍ണമായി ഒഴിവാക്കുകയോ ചെയ്യുന്നതാണ് കരളിന് കൂടുതല്‍ സംരക്ഷണം നല്‍കാനുള്ള പ്രധാന മാര്‍ഗം. ഇതിനകം കരള്‍രോഗമുള്ളവര്‍ മദ്യം ഒഴിവാക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ ഡോക്ടറുടെ നിര്‍ദേശം തേടണം.

 drinking alcohol only on weekends

മദ്യപാനത്തിന്റെ കാര്യത്തില്‍ ഓര്‍ക്കേണ്ടത്

മദ്യപിക്കുന്ന ദിവസങ്ങളുടെ എണ്ണം കുറവാണെന്നതുകൊണ്ടു മാത്രം കരള്‍ സുരക്ഷിതമാണെന്ന് ഉറപ്പിക്കാനാവില്ല. അതുപോലെ മദ്യപിക്കുന്ന എല്ലാവര്‍ക്കും കരള്‍രോഗം ഉണ്ടാകുമെന്നുമില്ല. അപകടസാധ്യത വ്യക്തിയുടെ മദ്യപാനരീതിയും അളവും ആരോഗ്യസ്ഥിതിയും അനുസരിച്ച് വ്യത്യാസപ്പെടും. ലക്ഷണങ്ങളില്ലാത്തത് മാത്രം കരളിന്റെ ആരോഗ്യം ഉറപ്പാക്കുന്നില്ല. അതിനാല്‍ ശരീരത്തിന് കുഴപ്പമൊന്നുമില്ലെന്ന തോന്നലിനെ ആശ്രയിക്കാതെ മദ്യപാനശീലം വിലയിരുത്തുകയും ആവശ്യമായ ആരോഗ്യപരിശോധനകള്‍ നടത്തുകയും ചെയ്യുക.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. മെഡിക്കല്‍ ഉപദേശത്തിന് പകരമമാകില്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights :It is not just the number of days one drinks, but also the amount consumed on a single occasion that can affect liver health.

dot image
To advertise here,contact us
dot image